മായങ്ക് എക്സ്‌പ്രസിനു മുന്നിൽ ആർസിബിക്ക് അടിതെറ്റി

ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന്‍റെ യുവ ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് ഒരിക്കൽക്കൂടി മാച്ച് വിന്നറായപ്പോൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വന്തം ഗ്രൗണ്ടിൽ 28 റൺസ് തോൽവി
കാമറൂൺ ഗ്രീനിന്‍റെ വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവിന്‍റെ ആഹ്ളാദ പ്രകടനം.
കാമറൂൺ ഗ്രീനിന്‍റെ വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവിന്‍റെ ആഹ്ളാദ പ്രകടനം.
Updated on

ബംഗളൂരു: വൺ മാച്ച് വണ്ടറല്ല താനെന്ന് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന്‍റെ യുവ ഫാസ്റ്റ് ബൗളർ മായങ്ക് യാദവ് തെളിയിച്ചപ്പോൾ ഹോം ഗ്രൗണ്ടിൽ തോൽവി ഏറ്റുവാങ്ങിയത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണെടുത്തത്. ആർസിബിയുടെ മറുപടി 19.4 ഓവറിൽ 153 റൺസ് എന്ന നിലയിൽ ഒതുങ്ങി. ലഖ്‌നൗവിന് 28 റൺസിന്‍റെ ആധികാരിക വിജയം സ്വന്തം.

ക്വിന്‍റൺ ഡികോക്കും (56 പന്തിൽ 81) ക്യാപ്റ്റൻ കെ.എൽ. രാഹുലും (14 പന്തിൽ 20) ചേർന്ന് മോശമല്ലാത്ത തുടക്കമാണ് ലഖ്‌നൗവിനു നൽകിയത്. എന്നാൽ, മധ്യ ഓവറുകളിൽ റൺ നിരക്ക് കുറഞ്ഞു. അവസാന ഓവറുകളിൽ വിൻഡീസ് താരം നിക്കൊളാസ് പുരാൻ നടത്തിയ കടന്നാക്രമണമാണ് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. 21 പന്ത് നേരിട്ട പുരാൻ ഒരു ഫോറും അഞ്ച് സിക്സും സഹിതം 40 റൺസെടുത്ത് പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിൽ ആർസിബിക്കും ഭേദപ്പെട്ട തുടക്കം കിട്ടി. എന്നാൽ, ഓപ്പണർമാരായ വിരാട് കോലിയും (16 പന്തിൽ 22) ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും (13 പന്തിൽ 19) പുറത്തായ ശേഷം ഹോം ടീം കളി കൈവിടുകയായിരുന്നു.

ഗ്ലെൻ മാക്സ്‌വെൽ (0), കാമറൂൺ ഗ്രീൻ (9), രജത് പാട്ടീദാർ (29) എന്നിവരുടെ നിർണായക വിക്കറ്റുകൾ സ്വന്തമാക്കിയ മായങ്ക് യാദവ് നാലോവർ ക്വോട്ടയിൽ വഴങ്ങിയത് വെറും 14 റൺസാണ്. ഇതിനിടെ 157 കിലോമീറ്റർ വരെ വേഗത്തിൽ പന്തെറിയുകയും ചെയ്തു.

അരങ്ങേറ്റ മത്സരത്തിൽ ഷോർട്ട് പിച്ച് പന്തുകൾ കൊണ്ടാണ് മായങ്ക് എതിർ ബാറ്റർമാരെ വിറപ്പിച്ചതെങ്കിൽ, അതിനൊപ്പം മാരകമായ മറ്റ് ആയുധങ്ങളും തന്‍റെ ആവനാഴിയിലുണ്ടെന്നു തെളിയിക്കുന്ന സ്പെല്ലായിരുന്നു ഇത്തവണ ആർസിബിക്കെതിരേ പുറത്തെടുത്തത്.

13 പന്തിൽ 33 റൺസെടുത്ത ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ട് മഹിപാൽ ലോംറോർ ആണ് ആർസിബിയുടെ ടോപ് സ്കോറർ. പ്ലെയർ ഓഫ് ദ മാച്ച് മായങ്ക് യാദവ് തന്നെ.

Trending

No stories found.

Latest News

No stories found.