പാരീസ്: കോപ്പ ഡെല്‍ റേയില്‍ തകര്‍പ്പന്‍ ജയവുമായി റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ. റൗണ്ട് ഓഫ് 32ല്‍ സ്പാനിഷ് ക്ലബ്ബായ അരന്ദിനയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തത്.
പല പ്രധാന താരങ്ങള്‍ക്കും വിശ്രമം നല്‍കിയായിരുന്നു റയല്‍ എവേ മത്സരത്തിനിറങ്ങിയത്. ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ ജൊസേലുവാണ് റയലിന്‍റെ ആദ്യ ഗോള്‍ നേടുന്നത്. 54-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജൊസേലു ലോസ് ബ്ലാങ്കോസിന് ലീഡ് സമ്മാനിച്ചു.
ആദ്യ ഗോളിന്‍റെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തൊട്ടടുത്ത നിമിഷത്തില്‍ രണ്ടാം ഗോളും പിറന്നു. 55-ാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് റയലിന്‍റെ സ്കോര്‍ ഇരട്ടിയാക്കിയത്. മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമില്‍ ബ്രസീലിയന്‍ താരം റോഡ്രിഗോയിലൂടെ റയല്‍ മൂന്നാം ഗോളും നേടി. അവസാന നിമിഷം റയലിന്‍റെ സ്പാനിഷ് താരം നാച്ചോയുടെ ഓണ്‍ ഗോളിലൂടെ അരന്ദിന ആശ്വാസം കണ്ടെത്തി.