ന്യൂഡൽഹി: ഐപിഎൽ പ്ലേഓഫിലെത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും നിർണായകമായ ഡൽഹി ക്യാപ്പിറ്റൽസിനു തിരിച്ചടിയായി ക്യാപ്റ്റൻ ഋഷഭ് പന്തിന്‍റെ സസ്പെൻഷൻ. ഇതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ഋഷഭിനു കളിക്കാനാവില്ലെന്ന് ഉറപ്പായി.
മേയ് ഏഴിന് രാജസ്ഥാൻ റോയൽസിനെതിരേ നടന്ന മത്സരത്തിൽ സമയത്ത് ഓവറുകൾ പൂർത്തീകരിക്കാതെ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഡിസി ക്യാപ്റ്റന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ, മുപ്പതു ലക്ഷം രൂപ പിഴയും അടയ്ക്കണം. ടീമംഗങ്ങളെല്ലാം മാച്ച് ഫീസിന്‍റെ 50 ശതമാനം, അല്ലെങ്കിൽ 12 ലക്ഷം രൂപ, ഏതാണോ കുറവ് അത്രയും പിഴ അടയ്ക്കണം.
മാച്ച് റഫറിയുടെ തീരുമാനത്തിനെതിരേ ഡിസി അധികൃതർ ബിസിസിഐക്ക് അപ്പീൽ നൽകിയെങ്കിലും നിരാകരിക്കുകയായിരുന്നു. 85 മിനിറ്റിനുള്ളിൽ 20 ഓവർ എറിയണം എന്നാണ് ചട്ടം. എന്നാൽ, രാജസ്ഥാനെതിരേ ഡൽഹി 20 ഓവർ പൂർത്തിയാക്കിയത് 117 മിനിറ്റെടുത്താണ്. അതായത്, അര മണിക്കൂറിലധികം സമയം കൂടുതലെടുത്തു.
ഐപിഎൽ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കാൻ എൽഎസ്‌ജി, സിഎസ്‌കെ എന്നീ ടീമുകളുമായി കടുത്ത മത്സരത്തിലാണ് ഡൽഹി. മൂന്നു ടീമുകൾക്കും നിലവിൽ ഏറെക്കുറെ സമാന സാധ്യതയാണുള്ളത്.