സഞ്ജുവിന്‍റെ വഴിയടച്ച് റിയാൻ പരാഗ്

ഒറ്റയ്ക്ക് മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള ശേഷിയും പാർട്ട് സ്പിന്നും പരാഗിന് ഇന്ത്യൻ ടീമിൽ സാധ്യത തുറക്കുന്നു
Riyan Parag
Riyan Parag
Updated on

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനവുമായി അസം താരം റിയാൻ പരാഗ് ഇന്ത്യൻ ടീമിന്‍റെ വാതിലിൽ മുട്ടുന്നു. ഒമ്പത് കളികളില്‍ ഏഴ് അര്‍ധസെഞ്ചുറികളുമായി 502 റണ്‍സടിച്ച പരാഗ് ആണ് ഇതുവരെയുള്ള റണ്‍വേട്ടയില്‍ മുന്നില്‍. കഴിഞ്ഞ ദേവ്ധർ ട്രോഫിയിലും പരാഗ് ആയിരുന്നു പ്ലെയർ ഓഫ് ദ സീരീസ്.

മധ്യനിരയിൽ ഇറങ്ങിയാണ് താരം ഈ സ്കോർ സ്വന്തമാക്കിയെന്നതാണ് പ്രത്യകത. ഒപ്പം, ശരാശരിക്കു മുകളിൽ പ്രകടനം നടത്താൻ സാധിക്കുന്ന പാർട്ട് ടൈം ബൗളറുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്ന സഞ്ജു സാംസണിന്‍റെ പ്രതീക്ഷയ്ക്ക് പ്രധാന വെല്ലുവിളിയായും പരാഗ് മാറിക്കഴിഞ്ഞു.

ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിൽ തന്നെയാണ് പരാഗും കളിക്കുന്നത്. എന്നാൽ, രാജസ്ഥാനിൽ തന്‍റെ നായകനായ സഞ്ജു സാംസൺ നിരാശ സമ്മാനിക്കുന്ന ടൂർണമെന്‍റായിരുന്നു ഇത്. എട്ട് മത്സരങ്ങളിലായി കളിച്ച ആറ് ഇന്നിംഗ്സുകളില്‍ 138 റണ്‍സ് മാത്രമാണ് സഞ്ജുവിന്‍റെ നേട്ടം. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം നേടിയ സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരി 27.60 വും പ്രഹരശേഷി 145.26 മാണ്.

363 റണ്‍സടിച്ച വിഷ്ണു വിനോദാണ് ടൂര്‍ണമെന്‍റില്‍ തിളങ്ങിയ കേരള താരം. റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ് വിഷ്ണു വിനോദ്. ഏഴ് കളികളില്‍ 288 റണ്‍സടിച്ച തിലക് വര്‍മയും, ഏഴ് കളികളില്‍ 170.66 സ്ട്രൈക്ക് റേറ്റില്‍ 256 റണ്‍സടിച്ച റിങ്കു സിങ്, ഋതുരാജ് ഗെയ്ക്വാദ് (244), യശസ്വി ജയ്സ്വാള്‍(242), എല്ലാവരും തന്നെ സഞ്ജുവിന് മുന്നിലുണ്ട്.

ലോകകപ്പിന് തൊട്ടു പിന്നാലെ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കെ മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനം സഞ്ജുവിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരെല്ലാം വിട്ടുനില്‍ക്കുമെന്ന് കരുതുന്ന പരമ്പരയില്‍ യുവതാരങ്ങള്‍ക്കാകും ഇടമുണ്ടാകുക.

Riyan Parag
ട്രോളുകളുടെ രാജകുമാരൻ ദേവ്ധർ ട്രോഫിയിൽ പ്ലെയർ ഓഫ് ദ സീരീസ് | Video

Trending

No stories found.

Latest News

No stories found.