ഇനിയുമൊരങ്കത്തിനു ബാല്യം തേടി രോഹിതും കോലിയും

ബാറ്റിങ് ക്ലാസിന്‍റെ കാര്യത്തിൽ ആർക്കും സംശയമില്ലെങ്കിലും, ഇവർ ഇരുവരെയും ഒരുമിച്ച് ഇനിയുള്ള കാലം ഇന്ത്യയുടെ ട്വന്‍റി20 ഇലവനിൽ ഉൾപ്പെടുത്തുക എന്ന ആത്മഹത്യാപരമായിരിക്കും
രോഹിത് ശർമയും വിരാട് കോലിയും
രോഹിത് ശർമയും വിരാട് കോലിയുംFile photo
Updated on

സ്പോർട്‌സ് ലേഖകൻ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രണ്ടു ബാറ്റർമാരാണ് വിരാട് കോലിയും രോഹിത് ശർമയും. പക്ഷേ, ലോകകപ്പ് വരാനിരിക്കെ ഇരുവരെയും അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി20 പരമ്പര കളിക്കാൻ നിയോഗിക്കുമ്പോൾ ഉയരുന്ന സംശയങ്ങൾ നിരവധിയാണ്. പലവട്ടം ചെയ്തു പരാജയപ്പെട്ട കാര്യം ആവർത്തിച്ച് വിജയത്തിനു വേണ്ടി കാത്തിരിക്കുന്നതു പോലെയാണ് ഈ ടീം സെലക്ഷൻ എന്നു പറയേണ്ടി വരും.

2022ലെ ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ട ശേഷം ഇതുവരെ ഈ ഫോർമാറ്റിൽ അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ലാത്തവരാണ് ഇരുവരും. 2018നു ശേഷം ഇതുവരെ ടി20 ക്രിക്കറ്റിൽ രോഹിത് ശർമയ്ക്ക് 140 സ്ട്രൈക്ക് റേറ്റ് വാർഷിക ശരാശരിയിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഐപിഎൽ ടീം മുംബൈ ഇന്ത്യൻസ് അദ്ദേഹത്തിൽനിന്നു ക്യാപ്റ്റൻസി പോലും എടുത്തുമാറ്റാൻ ഒരു കാരണം ഈ ഫോർമാറ്റിലെ നിരന്തരമായ ഫോമില്ലായ്മയാണ്.

കോലിയാകട്ടെ, കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ മിഡിൽ ഓവറുകളിൽ നേരിട്ട സ്പിൻ പന്തുകളുടെ എണ്ണം 124 ആണ്. ബൗണ്ടറി നേടാനുള്ള ശ്രമങ്ങൾ വെറും 32. സ്ട്രൈക്ക് റേറ്റ് 110 മാത്രം. 148 പന്ത് നേരിട്ട സൂര്യകുമാർ യാദവ് 58 ബൗണ്ടറി ശ്രമങ്ങൾ നടത്തിയ സ്ഥാനത്താണിത്.

ബാറ്റിങ് ക്ലാസിന്‍റെ കാര്യത്തിൽ ആർക്കും സംശയമില്ലെങ്കിലും, ഇവർ ഇരുവരെയും ഒരുമിച്ച് ഇനിയുള്ള കാലം ഇന്ത്യയുടെ ട്വന്‍റി20 ഇലവനിൽ ഉൾപ്പെടുത്തുക എന്ന ആത്മഹത്യാപരമായിരിക്കും. സെലക്റ്റർമാർ ഒന്നും കാണാതെയാകില്ല അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലേക്ക് ഇരുവരെയും തിരിച്ചുവിളിച്ചിരിക്കുന്നത് എന്നു വേണം കരുതാൻ. അതിലൊരു കാരണം ഹാർദിക് പാണ്ഡ്യയുടെയും സൂര്യകുമാർ യാദവിന്‍റെയും അഭാവം തന്നെയാകണം. അങ്ങനെയൊരു സാഹചര്യത്തിൽ പരിചയസമ്പത്തുള്ള ഒരു ക്യാപ്റ്റനെ ടീമിനാവശ്യമാണ്. ഔദ്യോഗികമായി ഇപ്പോഴും ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റൻ തന്നെയായ രോഹിത് ശർമയെ ഈ ചുമതല ഏൽപ്പിക്കാൻ സെലക്റ്റർമാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. എന്നാൽ, രോഹിതിനെ ക്യാപ്റ്റൻ എന്ന നിലയിൽ ടീമിൽ ഉൾപ്പെടുത്തുകയും കോലിയെ പുറത്തിരുത്തുകയും ചെയ്താൽ ഉയരാൻ പോകുന്ന മുറവിളിയെക്കുറിച്ച് ആലോചിക്കുമ്പോൾ, കോലിയെക്കൂടി ഉൾപ്പെടുത്താം എന്നു സെലക്റ്റർമാർ ചിന്തിക്കുന്നതിൽ അദ്ഭതവുമില്ല.

ലോകകപ്പ് ഇലവനിൽ ഇവർ ഒരുമിച്ചു വന്നാൽ തിലക് വർമയും ശ്രേയസ് അയ്യരും റിങ്കു സിങ്ങും പുറത്തിരിക്കേണ്ടി വരും എന്നുറപ്പാണ്. രോഹിതിനൊപ്പം കോലി ഓപ്പണർ കൂടിയായാൽ ശുഭ്‌മൻ ഗില്ലും യശസ്വി ജയ്സ്വാളുമാകും പുറത്താകുക.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആദ്യം പറഞ്ഞത് ഒരു പ്രതീക്ഷ തന്നെയാണ്. പരാജയപ്പെട്ട പരീക്ഷണം ആവർത്തിക്കുക. ട്വന്‍റി20 ക്രിക്കറ്റിനെ ഡീകോഡ് ചെയ്യാൻ സാധിക്കാത്തവരൊന്നുമല്ല രോഹിതും കോലിയും. ഏകദിന ലോകകപ്പിൽ രോഹിത് കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിങ് ഇന്ത്യക്കു നൽകിയത് മികച്ച തുടക്കം മാത്രമായിരുന്നെങ്കിൽ, ട്വന്‍റി20 ക്രിക്കറ്റിൽ അങ്ങനെയൊരു നാൽപ്പത് റൺസ് മത്സരത്തിന്‍റെ വിധിയെഴുതാൻ തന്നെ പര്യാപ്തമായിരിക്കും.

പ്രധാനമായും സ്പിന്നർമാർ പന്തെറിയാനെത്തുന്ന മിഡിൽ ഓവറുകളിൽ റൺ നിരക്ക് ഉയർത്താൻ, മനസ് വച്ചാൽ കോലിക്കും സാധിക്കും.

പക്ഷേ, രോഹിത് ശർമയോ വിരാട് കോലിയോ ട്വന്‍റി20 ലോകകപ്പ് ടീമിലേക്കുള്ള ഓട്ടോമാറ്റിക് ചോയ്സ് ആയിരിക്കില്ല എന്ന സന്ദേശം കൂടിയാണ് സെലക്റ്റർമാർ പരോക്ഷമായി നൽകുന്നത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഇവരെ ഏൽപ്പിക്കുന്ന റോളുകളും, അതവർ നിറവേറ്റുന്ന രീതിയും അനുസരിച്ചാവും ട്വന്‍റി20 ലോകകപ്പിൽ അവരുടെ സാന്നിധ്യമോ അസാന്നിധ്യമോ നിർണയിക്കപ്പെടുക. അഫ്ഗാനെതിരായ പരമ്പരയ്ക്കു ശേഷം ഐപിഎല്ലിലും മികവ് തെളിയിച്ചാലല്ലാതെ രോഹിതും കോലിയും അടുത്ത ടി20 ലോകകപ്പ് കളിക്കാൻ അമേരിക്കയിലേക്കു പറക്കുമെന്നും തോന്നുന്നില്ല.

Trending

No stories found.

Latest News

No stories found.