വി.കെ. സഞ്ജു
എട്ട് മത്സരങ്ങൾ, ഒരു സെഞ്ചുറി, രണ്ട് അർധ സെഞ്ചുറി....
ഏകദിന ക്രിക്കറ്റിൽ ഒരു ഓപ്പണറെ സംബന്ധിച്ച്, സ്പെക്റ്റാക്കുലർ എന്നു പറയാൻ മാത്രമൊന്നുമില്ലാത്ത കണക്ക്. കുറച്ചു വർഷം കഴിഞ്ഞ് രോഹിത് ശർമയുടെ 2023 ഏകദിന ലോകകപ്പിലെ ബാറ്റിങ് പ്രകടനം പരിശോധിക്കുന്നവരുടെ മനസിൽ, 'ആവറേജ്' എന്നു മാത്രം ഒറ്റ നോട്ടത്തിൽ തോന്നലുണ്ടാക്കാവുന്ന ഒരു സ്റ്റാറ്റിസ്റ്റിക്സ്.
ലോകകപ്പിൽ ഇന്ത്യയുടെ എട്ട് ലീഗ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ രോഹിത് ശർമ ആകെ നേരിട്ടത് 360 പന്ത്, നേടിയത് 442 റൺസ്. റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനം മാത്രം. പക്ഷേ, ആ പട്ടികയിൽ 122.77 എന്ന അയാളുടെ സ്ട്രൈക്ക് റേറ്റിന് അടുത്തുപോലും ആരുമില്ല. അയാൾ നേടിയ 22 സിക്സറുകൾ മറ്റാരെക്കാളും കൂടുതലാണ്. നാലു സെഞ്ചുറിയടിച്ചുകഴിഞ്ഞ ക്വിന്‍റൺ ഡികോക്ക് പോലും രോഹിത് ശർമയെക്കാൾ അഞ്ച് ഫോറുകൾ മാത്രമാണ് കൂടുതൽ നേടിയിട്ടുള്ളത്.
ഒന്നോ രണ്ടോ ലോകകപ്പുകൾക്കപ്പുറം അധികമാരും ഓർത്തിരിക്കാനിടയില്ലാത്ത ഇത്തരം സൂക്ഷമമായ സ്ഥിതിവിവരക്കണക്കുകളിലൂടെയാണ്, ഇന്ത്യൻ ടീമിന്‍റെ പോലും ടോപ് സ്കോററല്ലാത്ത ഒരു കളിക്കാരൻ ടീമിന്‍റെ പ്രകടനങ്ങളിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന ബാറ്ററാകുന്നത്.
86, 87 എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ അർധ സെഞ്ചുറി സ്കോറുകൾ. വേണമെന്നു വച്ചാൽ മൂന്നക്കത്തിലേക്ക് വലിച്ചുകയറ്റാമായിരുന്നു രണ്ടും. അർധ സെഞ്ചുറിക്കു താഴെയുള്ള സ്കോറുകൾ 0, 1, 40, 46, 48 എന്നിങ്ങനെ. അതിൽ രണ്ടെണ്ണമെങ്കിലും അനായാസം അർധ സെഞ്ചുറിയെങ്കിലും കടത്താനുള്ള പ്രതിഭ അയാൾക്കുണ്ടെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.
എന്നാൽ, കൃത്യമായി നിർവചിക്കപ്പെട്ട ഒരു ടെംപ്ലേറ്റിലാണ് ഈ ടീം കളിച്ചുകൊണ്ടിരിക്കുന്നത്. അതിൽ വ്യക്തിഗതമായ റെക്കോഡുകൾക്ക് പ്രസക്തിയില്ല. ബംഗ്ലാദേശിനെതിരേ കെ.എൽ. രാഹുലിന്‍റെ സഹായത്തോടെ വിരാട് കോലി നേടിയ സെഞ്ചുറി ഒഴികെ എവിടെയും വ്യക്തിഗത നേട്ടത്തിനു വേണ്ടിയുള്ള ബോധപൂർവമായ ശ്രമങ്ങളും കാണാനില്ല.
ക്രീസിൽ നിലയുറപ്പിക്കും മുൻപേ ബീസ്റ്റ് മോഡിലേക്കു മാറുന്ന ഒരു ഇന്ത്യൻ ഓപ്പണറെ ഇതിനു മുൻപ് കാണുന്നത് വീരേന്ദർ സെവാഗിലാണ്. എന്നാൽ, അതൊരു ടീം പ്ലാൻ എന്നതിലുപരി, സെവാഗിന്‍റെ സ്വതസിദ്ധമായ ശൈലിയായിരുന്നു. ഇന്നത്തെ രോഹിത് ശർമയിൽ കാണാനാവുന്നതോ, ഗെയിം പ്ലാൻ അനുസരിച്ച് സ്വതസിദ്ധമായ ശൈലി മാറ്റിയ നിസ്വാർഥതനായൊരു വേൾഡ് ക്ലാസ് ഓപ്പണറെയാണ്. നാൽപ്പതുകളിൽ അവസാനിച്ച അയാളുടെ സ്കോറുകൾ പോലും ടീം ടോട്ടലിന്‍റെ ആകെ ടോൺ സെറ്റ് ചെയ്യാൻ പോന്നവയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ വെറും 24 പന്ത് മാത്രം നേരിട്ടാണ് ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിപ്പോകുന്നത്. പക്ഷേ, ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ചവരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ് ബാറ്ററിയുടെ ചാർജ് മുഴുവൻ ആ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാൾ ഊറ്റിക്കളഞ്ഞിരുന്നു.
ഏകദിന ക്രിക്കറ്റിൽ ലോകത്തെ അദ്ഭുതപ്പെടുത്തിയ പല പരീക്ഷണങ്ങൾക്കും പിന്നിൽ ന്യൂസിലൻഡ് ആയിരുന്നു. പ്രതിഭാദാരിദ്ര്യത്തെ ഭവനാത്മകമായ പരീക്ഷണങ്ങളിലൂടെ മറികടന്ന് വമ്പൻമാരായ എതിരാളികളെ ഞെട്ടിച്ച കിവികൾ. ദീപക് പട്ടേൽ എന്ന ഓഫ് സ്പിന്നർ ന്യൂസിലൻഡിനു വേണ്ടി ന്യൂബോൾ എടുക്കുമ്പോൾ ക്രിക്കറ്റ് ലോകത്തിന് അത് പുതുമയായിരുന്നു. അതു പോലെ തന്നെയായിരുന്നു ലോവർ ഓർഡർ ബാറ്ററായിരുന്ന മാർക്ക് ഗ്രേറ്റ്ബാച്ചിന്‍റെ ഓപ്പണിങ് റോളിലേക്കുള്ള പ്രൊമോഷൻ. പന്തിന്‍റെ തിളക്കം പോകും വരെ ക്രീസിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്ന ഡിഫൻസീവ് ബാറ്റർമാരുടെ കുത്തകയായിരുന്ന ഓപ്പണിങ് റോളിലേക്കാണ് ഹാർഡ് ഹിറ്റർ റോളിൽ ഗ്രേറ്റ്ബാച്ച് ഇറങ്ങുന്നത്. പിൽക്കാലത്ത് സനത് ജയസൂര്യയിലൂടെ ശ്രീലങ്കയാണ് ഇത് പൂർണ വിജയത്തിലേക്ക് എത്തിക്കുന്നതെന്നു മാത്രം.
ഏകദിന ക്രിക്കറ്റിന്‍റെ മുഖച്ഛായ തന്നെ മാറ്റിയ പരീക്ഷണമായിരുന്നു അത്. ആഡം ഗിൽക്രിസ്റ്റിനും ബ്രണ്ടൻ മക്കല്ലത്തിനും വീരേന്ദർ സെവാഗിനുമെല്ലാം പിന്തുടരാൻ ഗ്രേറ്റ്ബാച്ചും പിന്നെ ജയസൂര്യയും കാട്ടിക്കൊടുത്ത വഴിയുണ്ടായിരുന്നു. ഇവരെല്ലാം മധ്യനിര ബാറ്റർമാരായി കരിയർ തുടങ്ങി, ഈ റോളിൽ പരീക്ഷിച്ച് വിജയം കണ്ടവരായിരുന്നു. രോഹിത് ശർമയുടെ തുടക്കവും മധ്യനിരയിൽ തന്നെയായിരുന്നു. പക്ഷേ, അയാൾ ഓപ്പണിങ് സ്ലോട്ടിലേക്കു വരുന്നത് ഹാർഡ് ഹിറ്റർ റോളിലായിരുന്നില്ല. അയാൾ സ്വന്തമാക്കിയ മൂന്ന് ഇരട്ട സെഞ്ചുറികളും, കഴിഞ്ഞ ലോകകപ്പ് വരെ നേടിയ ആറു സെഞ്ചുറികളും അങ്ങനെയൊരു ടെംപ്ലേറ്റിൽ കളിച്ചു നേടിയതായിരുന്നില്ല. ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമയുടെ കരിയർ സ്ട്രൈക്ക് റേറ്റ് 91.53 മാത്രമാണെന്നോർക്കുക.
നിലയുറപ്പിച്ച ശേഷം മാത്രം ആഞ്ഞടിക്കുക എന്ന പരമ്പരാഗത രീതി തന്നെയാണ് ഓപ്പണറെന്ന നിലയിൽ ആദ്യകാലത്ത് രോഹിത് പിന്തുടർന്നിരുന്നത്. അന്ന് തുടക്കത്തിൽ റൺ നിരക്ക് ഉയർത്താനുള്ള ഉത്തരവാദിത്വം ശിഖർ ധവാനായിരുന്നു. പക്ഷേ, ഫോമിലെത്തിയാൽ അനായാസം സിക്സറുകൾ പറത്തുന്ന അന്നത്തെ ഹിറ്റ്മാനിൽ നിന്ന് ഏറെ വ്യത്യസ്തനാണ് ഇന്നൊരു ചാവേറിനെപ്പോലെ അഞ്ചോ ആറോ ഓവറിനുള്ളിൽ മത്സരത്തിന്‍റെ ഗതി തന്നെ നിർണയിക്കുന്ന രോഹിത്.
ടീം എന്ന നിലയിൽ അപ്രമാദിത്വമില്ലാത്ത ഏതു സംഘത്തിനും പ്രധാനമാണ് വ്യക്തിഗത നേട്ടങ്ങൾ. കപിൽദേവും സച്ചിൻ ടെൻഡുൽക്കറുമെല്ലാം ആഘോഷിക്കപ്പെട്ടതുമെല്ലാം അങ്ങനെയൊരു കാലഘട്ടത്തിലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യൻ ക്രിക്കറ്റ് മറ്റൊരു തലത്തിലാണു നിൽക്കുന്നത്. പ്രത്യേകിച്ച് ഈ ലോകകപ്പിൽ മുൻപെങ്ങുമില്ലാത്തൊരു കില്ലർ ഇൻസ്റ്റിങ്റ്റുമായി അവർ കളിക്കുമ്പോൾ, മുന്നിൽ നിന്നു നയിക്കാൻ ഒരു ക്യാപ്റ്റനും അവർക്കുണ്ട്. ഒരു യുദ്ധതന്ത്രത്തിലും കാണാനായെന്നു വരില്ല, പടനായകൻ തന്നെ ചാവേറാകുന്ന കാഴ്ച.
ഓസ്ട്രേലിയക്കെതിരേ: 0 (1)
അഫ്‌ഗാനിസ്ഥാനെതിരേ: 131 (84), ഫോർ 16, സിക്സ് 5
പാക്കിസ്ഥാനെതിരേ: 86 (63), ഫോർ 6, സിക്സ് 6
ബംഗ്ലാദേശിനെതിരേ: 48 (40), ഫോർ 7, സിക്സ് 2
ന്യൂസിലൻഡിനെതിരേ: 46 (40), ഫോർ 4, സിക്സ് 4
ഇംഗ്ലണ്ടിനെതിരേ: 87 (101), ഫോർ 10, സിക്സ് 3
ശ്രീലങ്കക്കെതിരേ: 4 (2), ഫോർ 1
ദക്ഷിണാഫ്രിക്കക്കെതിരേ: 40 (24), ഫോർ 6, സിക്സ് 2