കൊളംബോ: ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് പിന്നിടുന്ന ആറാമത്തെ ഇന്ത്യൻ താരമായി രോഹിത് ശർമ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ സ്ട്രെയ്റ്റ് സിക്സർ പറത്തിക്കൊണ്ടാണ് രോഹിത് സുപ്രധാന നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ഏഷ്യ കപ്പിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സടിച്ച ബാറ്ററായും രോഹിത് മാറി.
241 ഇന്നിങ്സിൽ പതിനായിരം കടന്ന രോഹിത്, ഇന്നിങ്സുകളുടെ എണ്ണത്തിൽ സച്ചിൻ ടെൻഡുൽക്കറെയും റിക്കി പോണ്ടിങ്ങിനെയുമെല്ലാം മറികടന്നു. ഇതിൽ കുറവ് ഇന്നിങ്സിൽ പതിനായിരം റൺസ് തികയ്ക്കാൻ ഒരേയൊരാൾക്കേ സാധിച്ചിട്ടുള്ളൂ. അദ്ദേഹം ഇന്ത്യൻ ടീമിൽ രോഹിത്തിന്‍റെ സഹതാരം തന്നെ- വിരാട് കോലി. 205 ഇന്നിങ്സിൽ കോലി പതിനായിരം കടന്നിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിൽ കോലി 13,000 റൺസും പിന്നിട്ടു.
മത്സരം ആരംഭിക്കുമ്പോൾ 22 റൺസായിരുന്നു പതിനായിരം തികയ്ക്കാൻ രോഹിത്തിന് ആവശ്യം. ലോകത്താകെ 15 ബാറ്റർമാർ മാത്രമാണ് ഏകദിന ക്രിക്കറ്റിൽ പതിനായിരം കടന്നിട്ടുള്ളത്. സച്ചിനെക്കാൾ 18 ഇന്നിങ്സ് കുറവാണ് രോഹിത്തിന് പതിനായിരത്തിലെത്താൻ വേണ്ടി വന്നത്. സൗരവ് ഗാംഗുലിയെക്കാൾ 22 ഇന്നിങ്സും റിക്കി പോണ്ടിങ്ങിനെക്കാൾ 25 ഇന്നിങ്സും എം.എസ്. ധോണിയെക്കാൾ 32 ഇന്നിങ്സും കുറവ്. ബ്രയൻ ലാറ, ക്രിസ് ഗെയ്ൽ, രാഹുൽ ദ്രാവിഡ്, തിലകരത്നെ ദിൽഷൻ എന്നിവരെല്ലാം ഇതിൽ കൂടുതൽ ഇന്നിങ്സിലായാണ് പതിനായിരം പിന്നിട്ടത്. എന്നാൽ, ഇന്ത്യയുടെ ഏറ്റവും വലിയ ഏകദിന റൺവേട്ടക്കാരിൽ സച്ചിനും കോലിക്കും ഗാംഗുലിക്കും ദ്രാവിഡിനും ധോണിക്കും ശേഷം ആറാം സ്ഥാനം മാത്രമാണ് രോഹിത്തിന് ഇപ്പോഴുമുള്ളത്.
ഇന്ത്യയുടെ ടോപ് 5 ഏകദിന റൺവേട്ടക്കാർ
സച്ചിൻ ടെൻഡുൽക്കർ - 18,426
വിരാട് കോലി - 13,024*
സൗരവ് ഗാംഗുലി 11,221
രാഹുൽ ദ്രാവിഡ് 10,768
എം.എസ്. ധോണി 10,599