ജയ്പുർ: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് ടോപ് ഓർഡർ ബാറ്റർ ദേവദത്ത് പടിക്കലിനെ കൈവിട്ടു. പടിക്കലിനെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിനു നൽകി പകരം ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ സ്വീകരിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ആഴ്ച തന്നെ ഇരു താരങ്ങളും ഫ്രാഞ്ചൈസികളും ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു എന്നാണ് സൂചന. ഇനി കൈമാറ്റത്തിന് ബിസിസിഐയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ പത്ത് കോടി രൂപ മുടക്കിയാണ് ആവേശ് ഖാനെ ജയന്‍റ്സ് സ്വന്തമാക്കിയത്. പടിക്കലിനു വേണ്ടി റോയൽസ് 7.75 കോടി രൂപയും മുടക്കിയിരുന്നു. ഐപിഎൽ കരിയർ മികച്ച നിലയിൽ ആരംഭിച്ച ഇരുവർക്കും ഇക്കഴിഞ്ഞ സീസണിൽ പ്രകടനം മോശമായിരുന്നു.
രണ്ടു സീസണിലായി 28 മത്സരങ്ങളിൽ 637 റൺസാണ് പടിക്കലിന്‍റെ സമ്പാദ്യം. ശരാശരി 23.59 റൺസ്, സ്ട്രൈക്ക് റേറ്റ് 125.88. എന്നാൽ, ആകെ ഐപിഎൽ കരിയറിൽ 92 മത്സരങ്ങളിലായി മൂന്നു സെഞ്ചുറിയും 17 ഫിഫ്റ്റിയും അടക്കം 33.34 റൺ ശരാശരിയിൽ 2768 റൺസ് നേടിയ ബാറ്ററാണ് പടിക്കൽ.
2021ൽ ഡൽഹി ക്യാപ്പിറ്റൽസിൽ ഐപിഎൽ കരിയർ ആരംഭിച്ച ആവേശ് ഖാന് ഇത് മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ്. 2021ൽ ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ 24 ഇരകളുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 2022ൽ സൂപ്പർ ജയന്‍റ്സിനു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി. എന്നാൽ, 2023ൽ വേഗം കുറഞ്ഞ പിച്ചുകളിൽ ബുദ്ധിമുട്ടിയ ആവേശ്, ആകെ കളിച്ച ഒമ്പത് കളിയിൽ അഞ്ചിലും നാലോവർ ക്വോട്ട പോലും പൂർത്തിയാക്കിയില്ല. ഓവറിൽ ശരാശരി 9.75 റൺസ് വഴങ്ങി, കിട്ടിയത് എട്ട് വിക്കറ്റും.
നിലവിൽ ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ അംഗമാണ് ആവേശ്. രാജസ്ഥാൻ റോയൽസ് ടീമിൽ പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, കുൽദീപ് സെൻ, സന്ദീസ് ശർമ, കെ.എം. ആസിഫ് എന്നിവരടങ്ങുന്ന പേസ് ബൗളിങ് ബാറ്ററിയിൽ പ്രസിദ്ധിന്‍റെ ന്യൂബോൾ പങ്കാളിയായാണ് ടീം മാനെജ്മെന്‍റ് ആവേശിനെ കാണുന്നത്.