ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ 18ാം സീസണിനായുള്ള പടയൊരുക്കങ്ങളും അണിയറയില്‍ സജീവമായി ഒരുങ്ങുകയാണ്. ഈ സീസണോടെ പല സൂപ്പര്‍ താരങ്ങളും പടിയിറങ്ങാന്‍ കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്കെല്ലാം പകരക്കാരെ കണ്ടെത്തുകയെന്നത് ടീമുകളെ സംബന്ധിച്ച് തല പുകയ്ക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ത്തന്നെ ഉത്തമ പകരക്കാരെ തേടുകയാണ് ടീമുകള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് വരുന്ന സീസണില്‍ വലിയ അഴിച്ചുപണി നടത്തേണ്ടതായുണ്ട്. എംഎസ് ധോണി ഈ സീസണോടെ ടീം വിടും. അതുകൊണ്ടുതന്നെ ധോണിക്ക് പകരക്കാരനെ കണ്ടെത്തുകയെന്നത് സിഎസ്‌കെയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. ധോണിക്ക് പകരക്കാരനാവാന്‍ പല താരങ്ങളേയും സിഎസ്‌കെ നോട്ടമിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സിഎസ്‌കെ ലക്ഷ്യം വെക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് താരത്തെയാണെന്ന റിപ്പോര്‍ട്ടാണ് വൈറലാവുന്നത്.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. എന്നാല്‍ ഇത് വെറും അഭ്യൂഹം മാത്രമാണ്. അതേ സമയം രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാക്കപ്പ് വിക്കറ്റ് കീപ്പറും ഫിനിഷറുമായ ധ്രുവ് ജുറേലിനെയാണ് സിഎസ്‌കെ ധോണിയുടെ പകരക്കാരനായി പരിഗണിക്കുന്നതെന്നാണ് പുതിയ വിവരം. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്.
രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിര്‍ത്തുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ട്രന്‍റ് ബോള്‍ട്ട്, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവരെ രാജസ്ഥാന്‍ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ ദ്രുവ് ജുറേല്‍ ലേലത്തിലേക്ക് എത്തിപ്പെട്ടേക്കും. വെടിക്കെട്ട് ഫിനിഷറായ ജുറേല്‍ ഇതിനോടകം തന്‍റെ വിക്കറ്റിന് പിന്നിലെ മികവും തെളിയിച്ചതാണ്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്ത താരമാണ് ജുറേല്‍.
സഞ്ജു രാജസ്ഥാന്‍റെ നായകസ്ഥാനം വിട്ട് സിഎസ്‌കെയിലേക്കെത്തിയേക്കില്ല. ഇക്കാര്യം നേരത്തെ തന്നെ സഞ്ജു വ്യക്തമാക്കിയതാണ്. റിഷഭ് പന്തിനെ സിഎസ്‌കെ നോട്ടമിട്ടാലും താരം ഡല്‍ഹിയുടെ നായകസ്ഥാനം വിട്ട് വന്നേക്കില്ല. ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരാനാവും സിഎസ്‌കെ ശ്രമിക്കുക. ഇതിന് ഏറ്റവും അനുയോജ്യനായ താരം ദ്രുവ് ജുറേലാണ്. വലിയ ഭാവിയുള്ള താരമാണ് ജുറേലെന്ന് പറയാം.
യുവതാരം റോബിന്‍ മിന്‍സിലും സിഎസ്‌കെയ്ക്ക് താല്‍പര്യമുണ്ട്. വമ്പനടിക്കാരനായ താരത്തെ 3.6 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് ഇത്തവണ സ്വന്തമാക്കിയത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് താരത്തിന് കളിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ വരുന്ന സീസണില്‍ റോബിന്‍ ലേലത്തിലേക്ക് എത്തിപ്പെടാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ സിഎസ്‌കെയ്ക്ക് താരത്തെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് എത്തിക്കാനുള്ള അവസരമുണ്ട്.സിഎസ്‌കെ പൊതുവേ സീനിയര്‍ താരങ്ങളെ ടീമിലേക്കെത്തിക്കുന്ന ടീമാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സീനിയര്‍ താരങ്ങളെ എത്തിക്കുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് എളുപ്പമല്ല. അതുകൊണ്ടുതന്നെ നിലവില്‍ പ്രതിഭ തെളിയിച്ച യുവതാരങ്ങളെ വളര്‍ത്താനാവും സിഎസ്‌കെ ശ്രമിക്കുക.