അവസാന പന്തിൽ സിക്സറടിച്ച് മുംബൈ ഇന്ത്യൻസിനെ ജയത്തിലേക്കു നയിച്ച സജനയുടെ ഷോട്ട്, വീഡിയോ.
വനിതാ ക്രിക്കറ്റിലെ സച്ചിൻ ടെൻഡുൽക്കർ എന്ന വിശേഷണം ഇന്ത്യൻ ക്യാപ്റ്റനായിരുന്ന മിഥാലി രാജിന് അത്ര ഇഷ്ടമായിരുന്നില്ല. തനിക്ക് വനിതാ ക്രിക്കറ്റിലെ മിഥാലിയായാൽ മതിയെന്നാണ്, 'ലേഡി സച്ചിൻ' എന്നു വിളിച്ചിവരോടു മിഥാലി പറഞ്ഞത്. പക്ഷേ, പതിനായിരം ടെസ്റ്റ് റൺസ് പിന്നിട്ട മിഥാലിയെപ്പോലെയല്ല വിമെൻസ് പ്രീമിയർ ലീഗിൽ ആറ് റൺസ് മാത്രം നേടിയിട്ടുള്ള എസ്. സജന. മുംബൈ ഇന്ത്യൻസ് വനിതാ ടീമിലെ കരൺ പൊള്ളാർഡ് എന്ന് ടീമിന്‍റെ വിക്കറ്റ് കീപ്പറും ഇന്ത്യൻ താരവുമായ യസ്തിക ഭാട്ടിയ ഈ മലയാളി പെൺകുട്ടിയെ വിശേഷിപ്പിക്കുമ്പോൾ അതൊരു ബഹുമതിയാണ്. മുംബൈ ഇന്ത്യൻസിന്‍റെ പുരുഷ ടീമിൽ പൊള്ളാർഡ് കൈകാര്യം ചെയ്തിരുന്ന ഫിനിഷർ റോളാണ് വനിതാ ടീമിൽ സജനയ്ക്കു നൽകിയിരിക്കുന്നത് എന്നാണ് യസ്തിക ലളിതമായി പറഞ്ഞത്.
വിമെൻസ് പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ സജനയുടെ സമ്പാദ്യം ആറ് റൺസ് മാത്രമായിരുന്നിരിക്കാം. പക്ഷേ, അതു പിറന്നത് ഒരൊറ്റ പന്തിൽ നിന്നാണ്, അതും ടീമിനു ജയിക്കാൻ ഒരു പന്തിൽ അഞ്ച് റൺസ് വേണമെന്ന ഘട്ടത്തിൽ!
മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, സജന വളർന്നുവന്ന ചുറ്റുപാടുകളെക്കുറിച്ചും യസ്തിക ഭാട്ടിയ സൂചിപ്പിച്ചു. സജനയുടെ ഒരൊറ്റ ഷോട്ടിൽ തോറ്റു പോയ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ഫീൽഡിങ് കോച്ച് ബിജു ജോർജ് പോലും അതു കേട്ട് അഭിമാനം കൊണ്ടിരിക്കും. പല ഘട്ടങ്ങളിലായി കേരളത്തിൽ സജനയെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് മലയാളിയായ ബിജു. സഞ്ജു സാംസൺ അടക്കം പ്രതിഭാധനരായ നിരവധി ശിഷ്യരുള്ള പരിശീലകൻ.
കേരള ടീമിൽ ഓൾറൗണ്ടറാണ് സജന. ജീവിതത്തിലും അങ്ങനെയായിരുന്നു. കൗമാരത്തിൽ വയനാടിന്‍റെ ജൂനിയർ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ; കോളെജിൽ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റ്; പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരി; കനാ എന്ന തമിഴ് സിനിമയിലൂടെ നടി; ഇപ്പോൾ ഒരൊറ്റ ഷോട്ടിലൂടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുതിയ താരോദയം!
വയനാട്ടിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന റെസിഡൻഷ്യൽ വിമെൻസ് അക്കാഡമിയിലേക്ക് സജന തെരഞ്ഞെടുക്കപ്പെടുന്നത് 2013ലാണ്. ബിജു ജോർജിനാണ് അന്നു ക്യാംപുകളുടെ ചുമതല. അടുത്ത അഞ്ച് വർഷം വളർച്ചയുടേതായിരുന്നു. സജന നയിച്ച കേരള അണ്ടർ-23 ടീം ദേശീയ ടി20 ചാംപ്യൻഷിപ്പ് നേടി; ഏജ് ഗ്രൂപ്പ് ക്രിക്കറ്റിൽ വേഗമേറിയ സെഞ്ചുറിക്ക് ഉടമയായി; ബിജു ജോർജ് തന്നെ പരിശീലകനായ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു; തുടരെ രണ്ടു വർഷം കെസിഎ മികച്ച വനിതാ താരമായി തെരഞ്ഞെടുത്തു; നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് ക്ഷണവും വന്നു.
പക്ഷേ, 2018ലെ മഹാപ്രളയത്തോടെ പലതും മാറിമറിഞ്ഞു. വെള്ളപ്പൊക്കത്തിൽ സജനയുടെ വീട് ഉൾപ്പെടെ ഒലിച്ചുപോയി. 2020ലെ കൊവിഡ് മഹാമാരിയോടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക്. ഓട്ടൊ റിക്ഷ ഡ്രൈവറായ അച്ഛൻ സജീവന് കാര്യമായ വരുമാനമില്ലാതായി. അമ്മ ശാരദയ്ക്ക് മാനന്തവാടി മുനിസിപ്പാലിറ്റിയിലുള്ള ജോലി കൊണ്ട് കുടുംബം നടത്താൻ ബുദ്ധിമുട്ടിയ കാലം.
ആ സമയത്താണ് വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സജനയുടെ സഹായത്തിനെത്തുന്നത്. കെസിഎ റെസിഡൻഷ്യൻ അക്കാഡമിയിൽ സൗജന്യ താമസവും പരിശീലന സൗകര്യവും ഒരുക്കി. അവിടെനിന്നു സജന മെല്ലെ ജീവിതവും കരിയറും തിരിച്ചുപിടിക്കുകയായിരുന്നു.
ഇത്തവണത്തെ ഡബ്ല്യുപിഎല്ലിനു മുന്നോടിയായി മൂന്നു ഫ്രൈഞ്ചൈസികളുടെ സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. ബിജു ജോർജ് പരിശീലകസംഘത്തിൽ ഉൾപ്പെട്ട ഡൽഹി ടീമിന്‍റെ പരിഗണനയിലും സജനയുടെ പേരുണ്ടായിരുന്നെങ്കിലും, തെരഞ്ഞെടുക്കപ്പെട്ടില്ല. ഗുജറാത്ത് ജയന്‍റ്സിലും മുംബൈ ഇന്ത്യൻസിലുമായിരുന്നു പിന്നെയുള്ള പ്രതീക്ഷ. 15 ലക്ഷം രൂപയ്ക്ക് സജനയെ മുംബൈ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആദ്യ മത്സരത്തിൽ തന്നെ സജന ഡബ്ല്യുപിഎല്ലിന്‍റെ ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്തു.
പക്ഷേ, ഇതുവരെ കണ്ടതൊന്നുമല്ല സജന. ഒരൊറ്റ പന്തിൽ ഒതുക്കാനുള്ളതല്ല സജനയുടെ മികവ്. ടൂർണമെന്‍റ് പുരോഗമിക്കുന്തോറും സജനയുടെ ബാറ്റിങ് കരുത്തും ബൗളിങ് മികവും ക്രിക്കറ്റ് ലോകത്തിനു മുന്നിൽ കൂടുതൽ പ്രകടമാകുമെന്നു തന്നെ പ്രതീക്ഷിക്കാം.