വാംഖഡെയില്‍ 'സച്ചിന്' ഉയര്‍ന്നു | Video
സികെആര്‍
മുംബൈ: പത്താം വയസില്‍ ബോള്‍ ബോയിയായി തുടങ്ങി, 16-ാം വയസില്‍ ദേശീയ ടീമില്‍ കയറി ഒടുവില്‍ 24 വര്‍ഷത്തെ ക്രിക്കറ്റിങ് കരിയര്‍ അവസാനിപ്പിച്ച അതേ വേദി ഒരിക്കല്‍ക്കൂടി ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറെ ആദരിച്ചിരിക്കുന്നു.
സൂര്യന്റെ അസ്തമയ കിരണങ്ങളുടെ പ്രകാശ ചാരുതയില്‍, വാംഖഡെ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സച്ചിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഇന്നലെ വൈകിട്ട് 5.30ന് നടന്ന ചടങ്ങില്‍ സച്ചിന് ടെന്‍ഡുല്‍ക്കറും ഭാര്യ അഞ്ജലിയും മകള്‍ സാറയും സാന്നിധ്യമായി നിറഞ്ഞ ചടങ്ങിലായിരുന്നു പ്രതിമാനാച്ഛാദനം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, മുന്‍ പ്രസിഡന്റ് ശരദ് പവാര്‍ ഒപ്പം സച്ചിനും ചേര്‍ന്നാണ് പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചത്. മൈതനത്ത് സ്ഥിപിച്ച സ്തംഭത്തില്‍ ഘടിപ്പിച്ച സ്വിച്ച് അമര്‍ത്തിയാണ് സച്ചിന്റെ ഭീമാകാരമായ പ്രതിമ സ്റ്റേഡിയത്തില്‍ തിളങ്ങിയത്.
ബിസിസിഐ, എംസിഎ ഭരണ സമിതി അംഗങ്ങള്‍, സച്ചിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ ചടങ്ങിന്റെ ഭാഗമായി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ സ്വദേശിയായ പ്രശസ്ത ശില്പിയും ചിത്രകാരനുമായ പ്രമോദ് കാംബ്ലിയാണ് പ്രതിമ നിര്‍മിച്ചത്. 20 അടി ഉയരമള്ള പ്രതിമ സച്ചിന്റെ പ്രശസ്തമായ സ്ട്രെയിറ്റ് ഡ്രൈവാണ് മാതൃകയാക്കിയിരിക്കുന്നത്.
2013 നവംബറില്‍ ഇതേ സ്റ്റേഡിയത്തിലാണ് സച്ചിന് തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്. അതുപോലെ ഈ സ്റ്റേഡിയത്തില്‍ 2011 ല്‍ നടന്ന ഫൈനലില്‍ ലങ്കയെ പരാജയപ്പെടുത്താണ് സച്ചിന് ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്.
ഒളിംപിക് സ്വര്‍ണം നമുക്ക് ലഭിക്കട്ടെ: സച്ചിന്
ക്രിക്കറ്റ് ഒളിംപിക്സിന്റെ ഭാഗമായത് വലിയ സന്തോഷം തരുന്ന കാര്യമാണെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍. പ്രതിമ അനാച്ഛാദനത്തിനു ശേഷം നടത്തിയ നടന്ന മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്. ഒളിംപിക്സില്‍ ക്രിക്കറ്റ് എത്തുമ്പോള്‍ ആദ്യ സ്വര്‍ണം തന്നെ ഇന്ത്യക്ക് ലഭിക്കട്ടെയെന്ന് സച്ചിന് ആശംസിച്ചു. വാംഖഡെയില്‍ പ്രതിമ സ്ഥാപിച്ചതിലൂടെ തനിക്ക് ലഭിച്ച ബഹുമതിക്ക് സച്ചിന് നന്ദി പറഞ്ഞു. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ താങ്ങായും തണലായും നിന്ന ഏവരെയും സച്ചിന് സ്മരിച്ചു. ബോള്‍ ബോയിയായി 10-ാം വയസില്‍ വാംഖഡെയിലെത്തിയതും അന്ന് സുനില്‍ ഗാവസ്കര്‍ വിളിച്ച് ഡ്രസിങ് റൂമില്‍ കൊണ്ടുപോയി സഹതാരങ്ങളെ പരിചയപ്പെടുത്തിയതും ഇന്നലെ എന്നതുപോലെ ഓര്‍മിക്കുന്നു. പിന്നീട് രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയപ്പോള്‍ തന്റെ ആരാധനാപാത്രമായ ഗാവസ്കറുടെ കസേരയില്‍ ഇരുന്നത് മറക്കാനാവാത്ത സംഭവമാണ്. - സച്ചിന് പറഞ്ഞു.