ബംഗളൂരു: സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ആദ്യ സെമിയില്‍ കുവൈറ്റ് ബംഗ്ലാദേശിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ലെബനന്. ഗ്രൂപ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് കുവൈറ്റ് അവസാന നാലില്‍ ഇടം നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്.
ഇന്ത്യ ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ- കുവൈറ്റ് പോരാട്ടം 1-1 സമനിലയില്‍ കലാശിച്ചിരുന്നു. മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റായിരുന്നു ഇന്ത്യക്കും കുവൈറ്റിനും. ഗോള്‍ ശരാശരിയില്‍ കുവൈറ്റ് ഒന്നാമതെത്തുകയായിരുന്നു. നിലവിലെ ചാംപ്യനായ ഇന്ത്യക്ക് ലെബനനെതിരേ മികച്ച റെക്കോഡുണ്ട്. ഈയിടെ അവസാനിച്ച ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ലെബനനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയിരുന്നു. കഴിഞ്ഞ മത്സരത്തിലും റെഡ് കാര്‍ഡ് കണ്ട പശ്ചാത്തലത്തില്‍ ഇന്നും കോച്ച് സ്റ്റിമാക്കിന് കളിക്കളത്തിലിറങ്ങാനാവില്ല.