ബംഗളൂരു: സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നായകൻ സുനിൽ ഛേത്രി ഹാട്രിക്കുമായി കളംനിറഞ്ഞ കളിച്ച പോരാട്ടത്തിൽ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ഇന്ത്യ തുടങ്ങി. സുനില്‍ ഛേത്രിയുടെ ഹാട്രിക്ക് കൂടാതെ നാലാം ഗോൾ ഉദാന്ത സിങ്ങിൽ നിന്നായിരുന്നു.
മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 10-ാം മിനിറ്റില്‍ തന്നെ ബ്ലൂ ടൈഗേഴ്സ് മത്സരത്തില്‍ ലീഡെടുത്തു. പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്. ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോള്‍.
മത്സരം 16ാം മിനുട്ടില്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് ലീഡ് ഉയര്‍ത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാന്‍ഡ്ബോളിന് ലഭിച്ച പെനാള്‍ട്ടി ക്യാപ്റ്റന്‍ ഛേത്രി അനായാസം ലക്ഷ്യത്തില്‍ എത്തിച്ചു. സ്കോര്‍ 2-0. ഇതിനു ശേഷവും കളിയില്‍ ഇന്ത്യന്‍ ആധിപത്യം ആണ് കാണാന്‍ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ ഇന്ത്യക്ക് ആയില്ല. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ കോച്ച് ഇഗോര്‍ സ്റ്റിമാച് ചുവപ്പ് കാര്‍ഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി.
രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. 73-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഛേത്രിയെ പാക് പ്രതിരോധതാരം ബോക്സിനകത്തുവെച്ച് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഗോള്‍കീപ്പര്‍ സാഖിബിനെ നിസ്സഹായനാക്കി ഛേത്രി പാക് വല കുലുക്കി ഹാട്രിക് ആഘോഷിച്ചു. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്.
പിന്നാലെ 81-ാം മിനിറ്റില്‍ ഇന്ത്യ നാലാം ഗോള്‍ നേടി. ഉദാന്ത സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അന്‍വര്‍ അലിയുടെ അതിമനോഹരമായ ലോങ് പാസ് സ്വീകരിച്ച ഉദാന്ത പാക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ അതിവേഗത്തില്‍ ലക്ഷ്യം കണ്ടു. പിന്നീട് ഒരു തിരിച്ചുവരവിന് പാക്കിസ്ഥാനായില്ല. മത്സരം ഇന്ത്യആധികാരികമായി തന്നെ സ്വന്തമാക്കി.
ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരത്തില്‍ കുവൈറ്റ് ഒന്നിനെതിരെ മൂന്ന് ഗോളിന് നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു. ഖാലിദ് എല്‍ ഇബ്രാഹിം, ഷബീബ് അല്‍ ഖാല്‍ദി, മുഹമ്മദ് അബ്ദുള്ള ദഹാം എന്നിവരാണ് കുവൈറ്റിന്റെ ഗോള്‍ നേടിയത്. അന്ജന് ബിസ്റ്റ നേപ്പാളിന്റെ ആശ്വാസഗോള്‍ നേടി.