അവസാന പന്തിൽ സിക്സർ; കേരളത്തിന്‍റെ സജ്ന മുംബൈ ഇന്ത്യൻസിന്‍റെ വിജയനായിക

ഡൽഹി ക്യാപ്പിറ്റൽസിനെതിരേ അവസാന പന്തിൽ സിക്സടിച്ച് മുംബൈ ഇന്ത്യൻസിനെ ജയിപ്പിച്ചത് കേരള താരം എസ്. സജ്ന
S Sajana
S SajanaFile photo
Updated on

ന്യൂഡൽഹി: വിമെൻസ് പ്രീമിയർ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ കേരളത്തിന്‍റെ സ്വന്തം എസ്. സജ്നയ്ക്ക് ബാറ്റ് ചെയ്യാൻ ആകെ കിട്ടിയത് ഒരേയൊരു പന്താണ്. അതും മുംബൈ ഇന്ത്യൻസിന്‍റെ ഇന്നിങ്സിലെ അവസാന പന്ത്. ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിക്കാൻ വേണ്ടത് അഞ്ച് റൺസ്.

മികവ് തെളിയിക്കാൻ പ്രതിഭകൾക്ക് ഒരൊറ്റ പന്ത് മതിയെന്നു തെളിയിക്കുന്നതായിരുന്നു സജ്നയുടെ പ്രകടനം. കിട്ടിയ ഒരേയൊരു പന്ത് ലോങ് ഓണിനു മുകളിലൂടെ സിക്സർ പറത്തിയ ഈ മലയാളി പെൺകുട്ടി മുംബൈ ടീമിന്‍റെ വീരനായികയായി.

നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, ക്യാപ്റ്റന്‍ മെഗ് ലാനിങ് (25 പന്തിൽ 31), ആലിസ് കാപ്സി (53 പന്തിൽ 75), ജമീമ റോഡ്രിഗ്സ് (24 പന്തിൽ 42) എന്നിവരുടെ പ്രകടനം ഡൽഹിയെ 20 ഓവറിൽ 171/5 എന്ന മികച്ച സ്കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ യസ്തിക ഭാട്ടിയ (45 പന്തിൽ 57) മികച്ച തുടക്കമാണ് മുംബൈക്കു നൽകിയത്. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഹർമൻപ്രീത് ടീമിനെ ജയത്തിലേക്കു നയിക്കുമെന്നു തോന്നിച്ചിടത്ത് അവസാന ഓവറുകളിൽ അമേലിയ കെർ (18 പന്തിൽ 24), പൂജ വസ്ത്രകാർ (1) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായത് ഹർമൻപ്രീതിനെ സമ്മർദത്തിലാക്കി. ജയിക്കാൻ മൂന്നു പന്തിൽ 9 റൺസ് വേണ്ടപ്പോൾ ഹർമൻപ്രീതിന്‍റെ ഫോർ. എന്നാൽ, അടുത്ത പന്ത് ഉയർത്തിയടിച്ച് ക്യാപ്റ്റൻ മടങ്ങിയതോടെ സജ്ന ക്രീസിലേക്ക്.

ഇംഗ്ലണ്ടിന്‍റെ യുവ ഓൾറൗണ്ടർ ആലിസ് കാപ്സിയുടെ ഓഫ് സ്പിൻ ഡൽഹിയെ വിജയത്തിലേക്കു നയിക്കുമെന്ന് ഉറപ്പായ നിമിഷങ്ങൾ. എന്നാൽ, ലെഗ് സ്റ്റമ്പ് ലക്ഷ്യമാക്കി വന്ന പന്ത് സ്റ്റെപ്പ്ഔട്ട് ചെയ്ത് ഉയർത്തിയടിച്ച സജ്നയുടെ ഷോട്ട് അനായാസം ലോങ് ഓൺ ബൗണ്ടറിക്കു മുകളിലൂടെ ഗ്യാലറിയിലെത്തി.

ഇരുപത്തൊമ്പതുകാരിയായ സജ്നയെക്കൂടാതെ ഇന്ത്യൻ താരവും മലയാളിയുമായ മിന്നു മണിയും ഡബ്ല്യുപിഎല്ലിലെ ആദ്യ മത്സരത്തിനിറങ്ങി. ഡൽഹിയുടെ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചെങ്കിലും മിന്നുവിന് ബാറ്റിങ്ങിനും ബൗളിങ്ങിനും അവസരം കിട്ടിയില്ല. ഓഫ് സ്പിൻ ഓൾറൗണ്ടറായ സജ്നയ്ക്കും ബൗളിങ്ങിന് അവസരം കിട്ടിയില്ല.

Trending

No stories found.

Latest News

No stories found.