ന്യൂഡല്‍ഹി: ചൈനയില്‍ ഒക്ടോബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ടീമുകളെ അയയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെ ആരാകും ഇന്ത്യന്‍ ടീമിന്റെ നായകന് എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുകയാണ്. മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടം നേടിയില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസിനു പോകുന്ന ടീം ഇന്ത്യയുടെ രണ്ടാംനിരയുടെ നായകനായി സഞ്ജു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സഞ്ജു ലോകകപ്പ് ടീമില്‍ ഇടം നേടിയിയാല് ശിഖര്‍ ധവാന്റെ നേതൃത്വത്തിലാകും ഇന്ത്യന്‍ ടീം ഏഷ്യാഡിന് പറക്കുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ച അനുഭവ സമ്പത്തും സഞ്ജുവിനു തുണയാകും.
നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത വെറ്ററന്‍ താരം ശിഖര്‍ ധവാനെ ഏഷ്യന്‍ ഗെയിംസിനായി ബിസിസിഐ പരിഗണിക്കുമോയെന്നും കണ്ടറിയണം. ഇന്ത്യന്‍ വനിതകളുടെ ഒന്നാം നിര ടീമായിരിക്കും ഏഷ്യാകപ്പില്‍ ഇറങ്ങുക. 2010, 2014 ഏഷ്യന്‍ ഗെയിംസിലും ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും രണ്ടുതവണയും ബിസിസിഐ ടീമിനെ അയച്ചിരുന്നില്ല.അതിനിടെ, പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടകക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിലേക്ക് ടീമിനെ തെരഞ്ഞെടുക്കുന്നത് വിന്‍ഡീസ് പര്യടനത്തിലെ മികവ് അടിസ്ഥാനപ്പെടുത്തിയാകും.
സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെയാണ് ഏഷ്യാകപ്പ് നടക്കുക. ഒക്ടോബറിലാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പിനും തുടക്കമാകുക.രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ.എല്‍. രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളൊന്നും ഏഷ്യന്‍ ഗെയിംസില്‍ കളിക്കില്ലെന്ന് ഉറപ്പാണ്. ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കില്‍ ഋതുരാജ് ഗെയ്ക്വാദ്, ഉമ്രാന് മാലിക്ക് തുടങ്ങിയ താരങ്ങള്‍ ചൈനയിലേക്കു പറക്കും.