സഞ്ജു ഇൻ, പൂജാര ഔട്ട്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ടീമായി

വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജു സാംസണെ ഏകദിന ടീമിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇഷാൻ കിഷനും ടീമിലുണ്ട്
സഞ്ജു ഇൻ, പൂജാര ഔട്ട്; വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ടീമായി
Updated on

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമുകൾ പ്രഖ്യാപിച്ചു. ഇടവേളയ്ക്കു ശേഷം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തി. സ്ക്വാഡില്‍ ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പർ ബാറ്ററായാണ് സഞ്ജു സാംസണെ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ച് ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്. ഏകദിനത്തില്‍ ഹര്‍ദിക് പാണ്ഡ്യയെയും ടെസ്റ്റിൽ അജിന്‍ക്യ രഹാനെയെയും വൈസ് ക്യാപ്റ്റന്മാരായും നിയോഗിച്ചു. ഏകദിനത്തിലും ടെസ്റ്റിലും രോഹിത് ശർമ തന്നെയാണ് ക്യാപ്റ്റൻ. ടി20 ടീം പ്രഖ്യാപിച്ചിട്ടില്ല.

ടെസ്റ്റ് സ്‌ക്വാഡില്‍ നിന്നു ചേതേശ്വര്‍ പൂജാരയെ ഒഴിവാക്കിയപ്പോൾ യശസ്വി ജയ്‌സ്വാളിനും ഋതുരാജ് ഗെയ്‌ക്ക്‌വാദിനും ടീമിൽ ഇടം ലഭിച്ചു. ഗെയ്‌ക്ക്‌വാദിനെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഉമേഷ് യാദവിനെ പുറത്താക്കി.

പേസര്‍ മുകേഷ് കുമാര്‍ ഏകദിന ടീമില്‍ ഇടംപിടിച്ചപ്പോൾ, പേസര്‍ നവ്ദീപ് സെയ്‌നി ടെസ്റ്റ് ടീമില്‍ സ്ഥാനം തിരിച്ചുപിടിച്ചു. ജയദേവ് ഉനദ്‌കത്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, എന്നിവരാണ് ഏകദിന ടീമിലെ മറ്റു പേസർമാർ.

ഏഷ്യ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ വെസ്റ്റ് ഇൻഡീസ് പര്യടനം സഞ്ജു സാംസൺ അടക്കമുള്ള കളിക്കാർക്ക് നിർണായകമാണ്. സൂര്യകുമാർ യാദവിന്‍റെ ഏകദിന ടീമിലെ സ്ഥാനവും ഈ പരമ്പരയോടെയായിരിക്കും നിർണയിക്കപ്പെടുക.

ഏകദിന ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പർ), ഹര്‍ദിക് പാണ്ഡ്യ, ശാര്‍ദൂല്‍ ഠാക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്‌കത്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ഋതുരാജ് ഗെയ്‌ക്ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, അജിന്‍ക്യ രഹാനെ, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പർ), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ ഠാക്കൂർ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്‌കത്, നവ്ദീപ് സെയ്‌നി.

Trending

No stories found.

Latest News

No stories found.