ഇന്ത്യയിലെ 64 മികച്ച ക്രിക്കറ്റർമാരിൽ സഞ്ജു ഇല്ല!

സഞ്ജു സാംസണ് ദുലീപ് ട്രോഫിയിലും അവഗണന; നാലു ടീമിലായി രണ്ടു മലയാളികൾ- സന്ദീപ് വാര്യരും ദേവദത്ത് പടിക്കലും; ഗിൽ, ശ്രേയസ്, ഗെയ്ക്ക്‌വാദ്, ഈശ്വരൻ ക്യാപ്റ്റൻമാർ
Sanju Samson
സഞ്ജു സാംസൺ
Updated on

മുംബൈ: ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാനുള്ള നാല് ടീമുകളെ ബിസിസിഐ സെലക്റ്റർമാർ തെരഞ്ഞെടുത്തു. ടീം എ, ടീം ബി, ടീം സി, ടീം ഡി എന്നിങ്ങനെ നാലു ടീമുകളെ യഥാക്രമം ശുഭ്‌മൻ ഗിൽ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്ക്‌വാദ്, ശ്രേയസ് അയ്യർ എന്നിവരാണ് നയിക്കുന്നത്. ബിസിസിഐ കരാറിൽ നിന്ന് ഒഴിവാക്കിയവരിൽ ശ്രേയസ് അയ്യരെ കൂടാതെ ഇഷാൻ കിഷനും റെഡ് ബോൾ ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഇതോടെ അവസരമൊരുങ്ങി.

കേരള താരം സഞ്ജു സാംസണെ നാലു ടീമിലും പരിഗണിച്ചിട്ടില്ല. ലിമിറ്റഡ് ഓവർ സ്പെഷ്യലിസ്റ്റുകളായ റിയാൻ പരാഗ്, ശിവം ദുബെ തുടങ്ങിയവരെ പരിഗണിച്ചിട്ടുമുണ്ട്. ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, കെ.എസ്. ഭരത്, ധ്രുവ് ജുറൽ, എൻ. ജഗദീശൻ, ആര്യൻ ജുയാൽ തുടങ്ങിയ വിക്കറ്റ് കീപ്പർമാരെ വിവിധ ടീമുകളിൽ ഉൾപ്പെടുത്തിയിട്ടും സഞ്ജുവിനെ പൂർണമായി ഒഴിവാക്കിയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം, തമിഴ്‌നാട് ടീമിൽ കളിക്കുന്ന മലയാളി പേസ് ബൗളർ സന്ദീപ് വാര്യരും കർണാടക ടീമിലെ മലയാളി ഓപ്പണർ ദേവദത്ത് പടിക്കലും ടീമുകളിൽ ഉൾപ്പെടുകയും ചെയ്തു.

വാഹനാപകടത്തിൽ പരുക്കേറ്റ ശേഷം തിരിച്ചുവന്ന ഋഷഭ് പന്ത് ട്വന്‍റി20 ലോകകപ്പ് ഉൾപ്പെടെ വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ചെങ്കിലും റെഡ് ബോൾ ക്രിക്കറ്റിലേക്കു തിരിച്ചുവരവ് നടത്തുകയാണ് ദുലീപ് ട്രോഫിയിലൂടെ. പരുക്കിൽനിന്നു മുക്തരായ തിലക് വർമ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്കും ഇതു തിരിച്ചുവരവ്.

യുവതാരങ്ങളിൽ, ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മുംബൈ താരം സർഫറാസ് ഖാൻ, സഹോദരനും ഇന്ത്യ അണ്ടർ-19 താരവുമായ മുഷീർ ഖാൻ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎല്ലിലൂടെ ശ്രദ്ധേയനായ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയാണ് മറ്റൊരു പുതുമുറക്കാരൻ.

രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നീ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അതേസമയം, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ് തുടങ്ങിയവർ വിവിധ ടീമുകളിൽ അണിനിരക്കും.

ടീമുകൾ ഇങ്ങനെ:

ടീം എ: ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊടിയാൻ, കുൽദീപ് യാദവ്, അകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവരപ്പ, കുമാർ കുശാഗ്ര, ശാശ്വത് റാവത്ത്.

ടീം ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചഹർ, ആർ. സായ് കിഷോർ, മോഹിത് അവസ്ഥി, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർ).

ടീം സി: ഋതുരാജ് ഗെയ്ക്ക്‌വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാട്ടീദാർ, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ബാബാ ഇന്ദ്രജിത്, ഹൃതിക് ഷോകീൻ, മാനവ് സുതാർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ കാംഭോജ്, ഹിമാംശു ചൗഹാൻ, മായങ്ക് മാർക്കണ്ഡെ, ആര്യൻ ജുയാൽ (വിക്കറ്റ് കീപ്പർ), സന്ദീപ് വാര്യർ.

ടീം ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ തയ്ഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിക്കി ഭുയി, സാരാംശ് ജയിൻ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്‌പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), സൗരഭ് കുമാർ.

Trending

No stories found.

Latest News

No stories found.