47 പന്തിൽ തകർപ്പൻ സെഞ്ച്വറി: ചരിത്ര നേട്ടവുമായി സഞ്ജു, കൂറ്റൻ ജയവുമായി ഇന്ത്യ

തുടർച്ചയായ ട്വന്‍റി 20 മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് 61 റൺസ് വിജയം
Sanju Samson celebrates his 2nd T20 century
സെഞ്ചുറി നേടിയ സഞ്ജു സാംസൺ ആഹ്ളാദ പ്രകടനത്തിൽ
Updated on

ഡർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ സെഞ്ചുറി നേടി. തുടർച്ചയായ ട്വന്‍റി 20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി സഞ്ജു മാറി. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും സഞ്ജു സെഞ്ചുറിയടിച്ചിരുന്നു.

സഞ്ജുവിന്‍റെ മികവിൽ ഇന്ത്യ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, ആതിഥേയർ 17.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായി; ഇന്ത്യക്ക് 61 റൺസ് ജയം.

ഇക്കുറി സഞ്ജു സെഞ്ച്വറി തികച്ചത് 47 പന്തിൽ. ഏഴു ഫോറും പത്ത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന സൂപ്പർ ഇന്നിങ്സ്. 28 പന്തിൽ അർധ സെഞ്ചുറി തികച്ച മലയാളി താരത്തിന് അടുത്ത അമ്പത് പിന്നിടാൻ 19 പന്ത് മാത്രമാണ് വേണ്ടിവന്നത്. ആകെ 50 പന്തിൽ 107 റൺസെടുത്താണ് പുറത്തായത്.

കാണികളും കമന്‍റേറ്റർമാരും വരെ സിക്സർ എന്നുറപ്പിച്ച ഷോട്ടിൽ, ട്രിസ്റ്റൻ സ്റ്റബ്സ് എടുത്ത ഒരു അസാമാന്യ ക്യാച്ചാണ് സഞ്ജുവിന്‍റെ ഇന്നിങ്സിനു വിരാമമിട്ടത്. ഇന്ത്യയുടെ നാലാം വിക്കറ്റായി സഞ്ജു മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 175 റൺസ് എത്തിയിരുന്നു. എന്നാൽ, അതിനു ശേഷം ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് വരെയാണ് എത്താനായത്.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം സന്ദർശകരെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. അഭിഷേക് യാദവിനെ (7) മൂന്നാം ഓവറിൽ നഷ്ടമായ ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ (17 പന്തിൽ 21) കൂട്ടുപിടിച്ച് ടീം സ്കോർ 90 വരെയെത്തിച്ചു സഞ്ജു. തുടർന്നെത്തിയ തിലക് വർമ തകർത്തടിച്ചെങ്കിലും 18 പന്തിൽ 33 റൺസെടുത്ത് പുറത്തായി.

സഞ്ജു മടങ്ങിയ ശേഷമെത്തിയ ഹാർദിക് പാണ്ഡ്യക്കും (2) റിങ്കു സിങ്ങിനും (11) അക്ഷർ പട്ടേലിനും (7) കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ, പ്രതീക്ഷിച്ചതിലും 20-25 റൺസ് പിന്നിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാകുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്സി 37 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കബയോംസി പീറ്റർ, പാട്രിക് ക്രുഗർ എന്നിവർക്ക് ഓരോ വിക്കറ്റ്.

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് മുറയ്ക്ക് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. അർഷ്ദീപ് സിങ് എറിഞ്ഞ ആദ്യ ഓവറിൽ ക്യാപ്റ്റൻ മാർക്രമിന്‍റെ (8) ക്യാച്ച് സഞ്ജുവിന്‍റെ ഗ്ലൗസിൽ തന്നെയെത്തി. ഹെൻറിച്ച് ക്ലാസനും (25) ഡേവിഡ് മില്ലറും (18) പൊരുതാൻ ശ്രമിച്ചെങ്കിലും ഏറെ നീണ്ടില്ല.

ഇന്ത്യയുടെ ലെഗ് സ്പിൻ ആക്രമണത്തിനു മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. വരുൺ ചക്രവർത്തി 25 റൺസിനും രവി ബിഷ്ണോയ് 28 റൺസിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ അർഷ്ദീപ് സിങ്ങിന് ഒരു വിക്കറ്റ് കിട്ടി.

Trending

No stories found.

Latest News

No stories found.