ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അസമിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണു കേരളം തകർത്തത്. കെ. അബ്ദുറഹീം (19ാം മിനിറ്റ്), ഇ. സജീഷ് (67), ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകള്‍ നേടിയത്. ദീപു മൃത (78) അസമിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു.
20-ാം മിനിറ്റില്‍ കേരളത്തിന്‍റെ മധ്യനിര താരം അബ്ദുറഹീം വകയാണ് കേരളത്തിന്‍റെ ആദ്യ ഗോള്‍. അസമിന്‍റെ പ്രതിരോധ നിരയെ ഒന്നടങ്കം നിര്‍വീര്യമാക്കിയാണ് കേരളത്തിന്‍റെ ഗോള്‍. ബോക്‌സിനുള്ളില്‍ അസം താരങ്ങളെ കബളിപ്പിച്ച് കേരളം മുന്നേറ്റം നടത്തവേ, പന്ത് റഹീമിന്‍റെ കാലിലെത്തി. മികച്ച നീക്കത്തോടെ റഹീം പന്ത് വലയിലേക്ക് തിരിച്ചു (1-0).
രണ്ടാംപകുതിയിലായിരുന്നു അടുത്ത ഗോള്‍. കേരളത്തിന്‍റെ പകുതിയില്‍നിന്നുള്ള പന്ത്, ബോക്സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്ക് ലഭിക്കുകയും ആഷിഖിന്‍റെ മനോഹരമായ പാസിലൂടെ സജീഷ് പോസ്റ്റിലേക്ക് പന്ത് തിരിച്ചുവിടുകയുമായിരുന്നു (2-0). 94-ാം മിനിറ്റില്‍ കേരളത്തിന്‍റെ മധ്യനിര താരം മുഹമ്മദ് സഫ്നീദ് ബോക്സിനുള്ളില്‍ നിജോ ഗില്‍ബര്‍ട്ടിന് പാസ് നല്‍കി. ഗില്‍ബര്‍ട്ട് രണ്ട് അസം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടു. ഇതോടെ കേരളം വീണ്ടും മുന്നിലെത്തി (3-1).
നേരത്തെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തില്‍ മേഘാലയക്കെതിരേ സര്‍വീസസിന് ജയം. 97-ാം മിനിറ്റില്‍ ഷഫീല്‍ പി.യുടെ പെനാല്‍റ്റിയിലൂടെയാണ് സര്‍വീസസിന്‍റെ ജയം. 90 മിനിറ്റ് ഗോള്‍ രഹിതമായിരുന്ന മത്സരം അധികസമയത്തെ ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വഴി സര്‍വീസസ് സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ മൂന്ന് പോയിന്‍റുമായി സര്‍വീസസ് ഗ്രൂപ്പ് എ.യില്‍ മുന്നിലെത്തി.