രാജ്കോട്ട്: സര്‍ഫറാസ് ഖാന്റെ അരങ്ങേറ്റ ടെസ്റ്റില്‍ വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയായി രാജ്കോട്ടിലെ നിരഞ്ജന് ഷാ സ്റ്റേഡിയം. ദീണ്ടകാലത്തെ കാത്തിരിപ്പുകള്‍ക്കുശേഷം ഇംണ്ടിനെതിരായ മൂന്നാം ടെസ്റ്റിലാണ് സര്‍ഫറാസ് ഖാന് ഇന്ത്യക്കായി അരങ്ങേറാനായത്. ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നു സര്‍ഫറാസിനെ ടെസ്റ്റ് ക്യാപ്പണിയിച്ചത്. ഗ്രൗണ്ടില്‍ ഇത് കണ്ട് കുറച്ചപ്പുറം നില്‍ക്കുകയായിരുന്ന സര്‍ഫറാസിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാന് സന്തോഷംകൊണ്ട് കരച്ചിലടക്കാനായില്ല. അദ്ദേഹത്തിന്റെ വിതുമ്പല്‍ കണ്ടുനിന്നവരെക്കൂടി കണ്ണീരണിയിച്ചു.
തന്റെ ടെസ്റ്റ് ക്യാപ്പ് സര്‍ഫറാസ് പിതാവിനെ കാണിച്ചപ്പോള്‍ ആ അച്ഛന് ഇന്ത്യന്‍ തൊപ്പിയില്‍ ചുംബിച്ച ശേഷം കണ്ണീരണിയുകയായിരുന്നു. അരികേ ഭാര്യ റൊമാന ജാഹുറുമുണ്ടായിരുന്നു. താരത്തിന് ടെസ്റ്റ് ടീം തൊപ്പി ലഭിച്ച സന്തോഷത്തില്‍, ഗ്രൗണ്ടിന് സമീപത്തെത്തിയ റൊമാന ജാഹൂര്‍ സന്തോഷം കൊണ്ട് കണ്ണീരൊഴുക്കി. ഭാര്യയുടെ കണ്ണീര് തുടച്ച സര്‍ഫറാസ്, കെട്ടിപ്പിടിച്ചുകൊണ്ട് റൊമാനയെ ആശ്വസിപ്പിച്ചു.സര്‍ഫറാസ് ഖാന്റെ ടെസ്റ്റ് അരങ്ങേറ്റം കാണാന്‍ കുടുംബാംഗങ്ങള്‍ ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ വേദിയായ രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കശ്മീര്‍ സ്വദേശിനിയായ റൊമാന ജാഹുറും സര്‍ഫറാസും വിവാഹിതരായത്. ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യയുടെ 311ാമത്തെ താരമാണ് സര്‍ഫറാസ് ഖാന്.കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെയാണ് മൂന്നാം ടെസ്റ്റില്‍ അരങ്ങേറാന്‍ സര്‍ഫറാസ് ഖാന് അവസരമൊരുങ്ങിയത്.
സര്‍ഫറാസിനു നല്കിയ അവസരം അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു. നാലാമനായി ക്രീസിലെത്തിയ സര്‍ഫറാസ് ഇംഗ്ലീഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഏഖദിന ശൈലിയില്‍ ബാറ്റ് വീശിയ സര്‍ഫറാസ് മികച്ച പ്രകടനം കാഴ്ചവച്ച് ദൗര്‍ഭാഗ്യകരമായി റണ്‍ ഔട്ടാവുകയായിരുന്നു. സഹബാറ്റര് രവീന്ദ്ര ജഡേജയുടെ അനവസരത്തിലുള്ള റണ്‍ കോള്‍ സര്‍ഫറാസിന്റെ ഔട്ടില്‍ കലാശിക്കുകയായിരുന്നു. 66 പന്തില്‍ ഒമ്പത് ബണ്ടറിയും ഒരു സിക്സുമടക്കം 62 റണ്‍സെടുത്താണ് സര്‍ഫറാസ് മടങ്ങിയത്. സര്‍ഫറാസ് ഖാനൊപ്പം ധ്രുവ് ജുറേലിനും ഇന്നലെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് ജുറേലിന്റെ ടീമിലെ സ്ഥാനം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 66 ഇന്നിംഗ്സുകളില്‍ 69.85 ശരാശരിയില്‍ 14 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളുമടക്കം 3912 റണ്‍സ് സര്‍ഫറാസിനുണ്ട്. പുറത്താവാതെ നേടിയ 301* ആണ് ഉയര്‍ന്ന സ്കോര്‍. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ മൂന്ന് സീസണിലും 100ലധികം ശരാശരി കണ്ടെത്തി. 2019-20 സീസണില്‍ മുംബൈക്കായി ആറ് മത്സരങ്ങളില്‍ 154.66 ശരാശരിയില്‍ 301, 226, 177 റണ്‍സ് എന്നിങ്ങനെയുള്ള ഇന്നിങ്സുകളോടെ ആകെ 928 റണ്‍സ് നേടിയപ്പോള്‍ മുതല്‍ സര്‍ഫറാസ് ഖാനെ ടെസ്റ്റ് ടീമിലെടുക്കണം എന്ന ആവശ്യം ശക്തമായിരുന്നു.
2021-22 സീസണില്‍ ആറ് കളികളില്‍ 122.8 ശരാശരിയില്‍ 982 റണ്‍സും 2022-23 സീസണില്‍ 5 മത്സരങ്ങളില്‍ 107.8 ആവറേജില്‍ 431 റണ്‍സും സര്‍ഫറാസ് ഖാന് സ്വന്തമാക്കി.
9 സെഞ്ചുറിയാണ് ഈ മൂന്ന് സീസണുകളിലായി സര്‍ഫറാസ് നേടിയത്. ഇതുകൂടാതെ ഇംഗ്ലണ്ട് ലയണിനെതിരായ ഇന്ത്യ എ ടീമിനുവേണ്ടിയും മികച്ച പ്രകടനം നടത്തി.