ഫുട്ബോൾ വെറും പന്തുകളിയല്ല, സൗദിയുടെ ലക്ഷ്യങ്ങൾ വിശാലം

സൗദി അറേബ്യൻ സമ്പദ് വ്യവസ്ഥയെ തന്നെ പുതുക്കിപ്പണിയുക എന്ന വിശാല ലക്ഷ്യത്തോടെ തയാറാക്കിയ വിഷൻ 2030 പദ്ധതിയുടെ ഭാഗമാണ് കായികമേഖലയിൽ നടത്തുന്ന അഭൂതപൂർവമായ ഈ 'നിക്ഷേപയജ്ഞം'
ഫുട്ബോൾ വെറും പന്തുകളിയല്ല, സൗദിയുടെ ലക്ഷ്യങ്ങൾ വിശാലം
Updated on

വി.കെ. സഞ്‌ജു

ലയണൽ മെസിക്കു വേണ്ടി വിരിച്ച വല ഇന്‍റർ മയാമി ഭേദിച്ചെങ്കിലും വമ്പൻ ഫുട്ബോൾ താരങ്ങളെ രാജ്യത്തെത്തിക്കാനുള്ള സൗദി അറേബ്യൻ ക്ലബ്ബുകളുടെ ഊർജിത ശ്രമം തുടരുകയാണ്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വിലയേറിയ രണ്ടു താരങ്ങൾ ഇതിനകം സൗദി ക്ലബ്ബുകളുടെ ഭാഗമായിക്കഴിഞ്ഞു - ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസേമയും. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിൽ പണമെറിഞ്ഞ് കൂടുതൽ പേരെ വീഴ്ത്താൻ തന്നെയാണ് സൗദി ക്ലബ്ബുകൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

ലോകകപ്പും ചാംപ്യൻസ് ലീഗും നേടിയ ടീമുകളുടെ ഭാഗമായിരുന്ന എൻഗോളോ കാന്‍റെയാണ് ഈ പട്ടികയിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കൽ. ഫ്രാൻസിലെ സഹതാരമായ ബെൻസേമയ്ക്കൊപ്പമായിരിക്കും കാന്‍റെ ഇനി കളിക്കുക, അൽ ഇത്തിഹാദ് ക്ലബ്ബിൽ.

എൻഗോളോ കാന്‍റെ, ഹക്കിം സിയെച്ച്, കലിദൗ കൗലിബാലി, റൂബൻ നവാസ്, എഡ്വേർഡ് മെൻഡി തുടങ്ങിയവരെല്ലാം അടുത്ത സീസണിൽ സൗദിയിൽ പന്തുതട്ടുമെന്നാണ് സൂചന.

പ്രീമിയർ ലീഗ് താരങ്ങളായ ഹക്കിം സിയെച്ച്, കലിദൗ കൗലിബാലി, റൂബൻ നവാസ്, എഡ്വേർഡ് മെൻഡി തുടങ്ങിയവരെല്ലാം അടുത്ത സീസണിൽ സൗദിയിൽ പന്തുതട്ടുമെന്നാണ് സൂചന.

ചെൽസി വാഗ്ദാനം ചെയ്ത പുതിയ കരാർ അവഗണിച്ചാണ് കാന്‍റെ സൗദിയിലേക്ക് ചേക്കേറിയിരിക്കുന്നത്. ബെൻസേമയുടെ റയലിന്‍റെ കരാർ വേണ്ടെന്നു വച്ചാണ് ഇത്തിഹാദിലേക്കു പോകാൻ തീരുമാനിച്ചത്.

പത്തു കോടി ഡോളറാണ് കാന്‍റെയുടെ കരാർ തുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബെൻസേമയുടേത് 10.7 കോടിയും. 20 കോടിക്കാണ് റൊണാൾഡോ അൽ നസറിലേക്കു പോയത്.

റൊണാൾഡോയുടെ റോൾ

റൊണാൾഡോ സൗദിയിലേക്കു വിമാനം പിടിച്ചപ്പോൾ അതൊരു തുടക്കം മാത്രമായിരിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. റൊണാൾഡോയുടെ പ്രശസ്തി ക്ലബ്ബിന്‍റെ വരുമാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനപ്പുറത്തേക്കു ചിന്തിക്കാനും മിക്കവർക്കുമായില്ല. എന്നാൽ, ലോക ഫുട്ബോളിലെ വമ്പൻമാരുടെ ഇഷ്ട ലൊക്കേഷനാക്കി രാജ്യത്തെ മാറ്റാനുള്ള വമ്പൻ പദ്ധതിയുടെ ഭാഗം തന്നെയായിരുന്നു അതെന്നു തിരിച്ചറിയാൻ അധികം വൈകിയില്ല. ലോക ക്ലബ് ഫുട്ബോൾ സർക്യൂട്ടിലെ പ്രധാന ഹബ്ബുകളിലൊന്നായി മാറുക എന്നതു തന്നെയാണ് സൗദിയുടെ ലക്ഷ്യം.

ലോക ക്ലബ് ഫുട്ബോൾ സർക്യൂട്ടിലെ പ്രധാന ഹബ്ബുകളിലൊന്നായി മാറുക എന്നതു തന്നെയാണ് സൗദിയുടെ ലക്ഷ്യം.

നിലവിൽ യൂറോപ്പിലെയോ ലാറ്റിനമേരിക്കയിലെയോ ലീഗുകളുമായൊന്നും താരതമ്യം ചെയ്യാനുള്ള നിലവാരം സൗദി ലീഗിനില്ല. കഴിഞ്ഞ ലോകകപ്പിൽ അർജന്‍റീനയെ തോൽപ്പിച്ച ഒറ്റ പ്രകടനം മാറ്റിവച്ചാൽ ലോക ഫുട്ബോളിൽ വലിയ വിജയങ്ങൾ രാജ്യത്തിനും അവകാശപ്പെടാനില്ല.

പണം വാരാനുള്ള പഴയ തന്ത്രം

പണമെറിഞ്ഞ് പണം വാരുക എന്ന പരമ്പരാഗത രീതി തന്നെയാണ് സൗദി നിലവിൽ പിന്തുടരുന്നത്. വൻ തുക മുടക്കി റൊണാൾഡോയെയും ബെൻസേമയെയും കാന്‍റെയെയും എത്തിച്ചപ്പോൾ തന്നെ ക്ലബ്ബുകൾക്ക് 100 കോടി ഡോളർ അധികം വരുമാനം ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

ബെക്കാമിന്‍റെ സ്വന്തം ക്ലബ്ബാണ് ഇപ്പോൾ മെസിയെ സ്വന്തമാക്കിയിരിക്കുന്ന ഇന്‍റർ മയാമി

യുഎസ്എയിലെ മേജർ ലീഗ് സോക്കർ ഒരുകാലത്ത് പരീക്ഷിച്ചു വിജയിച്ച തന്ത്രം തന്നെയാണിത്. ഡേവിഡ് ബെക്കാം, തിയറി ഹെൻറി, വെയ്ൻ റൂണി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, പിന്നെ ഇപ്പോൾ ലയണൽ മെസിയും യൂറോപ്പിന്‍റെ പ്രതിഭാ ധാരളിത്തത്തിൽനിന്ന് അമേരിക്കയുടെ സാമ്പത്തിക ധാരാളിത്തം തേടിപ്പോയവരാണ്. ആ പഴയ ബെക്കാമിന്‍റെ സ്വന്തം ക്ലബ്ബാണ് ഇപ്പോൾ മെസിയെ സ്വന്തമാക്കിയിരിക്കുന്ന ഇന്‍റർ മയാമി.

പെലെ, ഫ്രാൻസ് ബെക്കൻബോവർ, ബോബി മൂർ, ജോർജ് ബെസ്റ്റ് തുടങ്ങിയ ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളെ അവരുടെ കരിയറുകളുടെ അവസാനത്തോടടുപ്പിച്ച് വലവീശിപ്പിടിച്ച് സ്വന്തം ടീമിൽ കളിപ്പിച്ച ന്യൂയോർക്ക് കോസ്മോസാണ് ഈ പ്രവണതയ്ക്കു തുടക്കം കുറിച്ചതെന്നു പറയാം. സമീപ കാലത്ത് കാർലോസ് ടെവസിനെയും ഹൾക്കിനെയും മറ്റും റാഞ്ചിയ ചൈനയുടെ ലീഗും ഇതേ പാതയിൽ തന്നെയാണ് സഞ്ചരിക്കുന്നത്.

ലക്ഷ്യങ്ങൾ വിശാലം

ലോക ഫുട്ബോൾ ഭൂപടത്തിൽ സ്വന്തം ഇടമുറപ്പിക്കാനും രാജ്യത്തെ ലീഗിന്‍റെ നിലവാരം വർധിപ്പിക്കാനും ആഗോള കായികമേഖലയിൽ തന്നെ സ്വാധീനം വർധിപ്പിക്കാനുമുള്ള നീക്കമാണ് സൗദി നടത്തിക്കൊണ്ടിരിക്കുന്നത്. കായികമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്താൻ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയവത്കരണ പദ്ധതിക്കു തന്നെ അവിടെ തുടക്കം കുറിച്ചുകഴിഞ്ഞു. അൽ ഇത്തിഹാദും അൽ നസറും അടക്കം നാലു പ്രധാന ക്ലബ്ബുകൾക്കാണ് ഇതിന്‍റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത്.

കായികമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്താൻ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദേശീയവത്കരണ പദ്ധതിക്കു തന്നെ അവിടെ തുടക്കം കുറിച്ചുകഴിഞ്ഞു.

സൗദി അറേബ്യൻ സമ്പദ് വ്യവസ്ഥയെ തന്നെ പുതുക്കിപ്പണിയുക എന്ന വിശാല ലക്ഷ്യത്തോടെ തയാറാക്കിയ വിഷൻ 2030 പദ്ധതിയുടെ ഭാഗമാണ് കായികമേഖലയിൽ നടത്തുന്ന അഭൂതപൂർവമായ ഈ നിക്ഷേപയജ്ഞവും. ഇതിനകം തന്നെ 70,000 കോടി ഡോളർ പിന്നിട്ടു കഴിഞ്ഞ ഈ നിക്ഷേപത്തിന്‍റെ ബലത്തിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് സൗദി ഉടമസ്ഥതയിലാവുന്നത്.

രാജ്യത്തെ ഫുട്ബോൾ ലീഗ് കഴിഞ്ഞ സീസണിൽ നേരിട്ടു കണ്ടത് 12.5 ലക്ഷം പേരാണ്. 21.5 കോടി ആളുകൾ ടിവിയിലും. ഫുട്ബോൾ മാത്രമല്ല, ഹെവിവെയ്റ്റ് ബോക്സിങ്ങും ഫോർമുല വൺ റേസിങ്ങും അടക്കമുള്ള മേഖലകളിലും സൗദി അറേബ്യൻ നിക്ഷേപം കുമിഞ്ഞുകൂടുകയാണ്. മനുഷ്യാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മോശമായ പ്രതിച്ഛായ പുനർനിർമിക്കുക എന്ന ദുഷ്‌കരമായ ദൗത്യം കൂടി സ്പോർട്സിലൂടെ എളുപ്പമാക്കാമെന്ന് ഖത്തറിൽനിന്ന് അവർ പഠിച്ചിട്ടുമുണ്ടാകും.

Trending

No stories found.

Latest News

No stories found.