റിയാദ്: യൂറോപ്യന്‍ ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ സൗദി പ്രോ ലീഗ് ജേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന് സൗദി പ്രോ ലീഗ് അധികൃതര്‍. ആവശ്യവുമായി യുവേഫയെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍.2024-25 സീസണില്‍ സൗദി ലീഗിലെ ജേതാക്കള്‍ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ അവസരം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക പ്രൊപ്പോസലും ലീഗ് അധികൃതര്‍ യുവേഫയ്ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ചാമ്പ്യന്‍ ലീഗില്‍ നിലവിലെ മത്സര രീതി മാറ്റണമെന്നും 36 ടീമുകളെ പങ്കെടുപ്പിച്ച് ഒരൊറ്റ ചാമ്പ്യന്‍ഷിപ്പ് എന്ന രീതിയില്‍ നടത്തണമെന്നുമാണ് ലീഗ് അധികൃതരുടെ അഭ്യര്‍ഥന.
നോക്കൗട്ട് ഘട്ടത്തിനുമുമ്പ് ഓരോ ടീമും എട്ട് മത്സരങ്ങള്‍ വീതം കളിക്കുന്ന രീതിയാക്കണം. ഇതുവഴി യുവേഫയ്ക്ക് മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഒരു സൗദി ടീമിന് അവസരം നല്‍കാനും സാധിക്കും.
സൗദി അധികൃതരുടെ പ്രൊപ്പോസല്‍ യുവേഫ അംഗീകരിച്ചാല്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, കരിം ബെന്‍സിമ, സാദിയോ മാനെ എന്നിവര്‍ക്ക് വീണ്ടും യൂറോപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചേക്കും. ഇതോടൊപ്പം ഇപ്പോള്‍ തന്നെ ലോക ഫുട്ബോളില്‍ ചര്‍ച്ചയായ സൗദി പ്രോ ലീഗിന്റെ ഫുട്ബോള്‍ ഭൂപടത്തിലെ സ്ഥാനവും ഉയരും.