ഇൻഡോർ: ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം സജീവ ക്രിക്കറ്റിൽ തിരിച്ചെത്തിയ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി മികച്ച ഫോമിൽ. മധ്യപ്രദേശിനെതിരേ ബംഗാളിനു വേണ്ടി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങിയ ഷമി ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി. ഇതിൽ മൂന്നും ക്ലീൻ ബൗൾഡാണ്.
19 ഓവർ എറിഞ്ഞ ഷമി തന്നെയാണ് ബംഗാൾ ബൗളർമാരിൽ ഏറ്റവും കൂടുതൽ പന്തെറിഞ്ഞതും. 54 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. മധ്യപ്രദേശ് 167 റൺസിന് ഓൾഔട്ടായപ്പോൾ ബംഗാളിന് 61 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. 228 റൺസാണ് അവർ ആദ്യ ഇന്നിങ്സിൽ നേടിയത്.
രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 170/5 എന്ന നിലയിലാണ് ബംഗാൾ. 231 റൺസിന്റെ ഓവറോൾ ലീഡായ സ്ഥിതിക്ക് മത്സരത്തിൽ അവർക്ക് വിജയസാധ്യത ഏറെയാണ്.