ധോണിക്കും ചെന്നൈ സൂപ്പർകിങ്സിനും നന്ദി പറഞ്ഞ് ശിവം ദുബെ

ചെന്നൈ സൂപ്പർ കിങ്സ് എന്നിൽ നിന്ന് മികവ് പുറത്തെടുത്തു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്
ശിവം ദുബെ
ശിവം ദുബെ
Updated on

ഇൻഡോർ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ തന്‍റെ മികച്ച പ്രകടനത്തിനു കാരണം ചെന്നൈ സൂപ്പർ കിങ്സും മഹേന്ദ്ര സിങ് ധോണിയുമാണെന്ന് ഓൾ റൗണ്ടർ ശിവം ദുബെ. ഇൻഡോറിൽ നടന്ന രണ്ടാം ടി20ലെ വിജയത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ദുബെ. ഞാൻ എല്ലാക്കാലവും ഇവിടെയുണ്ടായിരുന്നു. എന്നാൽ, ചെന്നൈ സൂപ്പർ കിങ്സ് എന്നിൽ നിന്ന് മികവ് പുറത്തെടുത്തു. അവരാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്. ഐപിഎല്ലിൽ എനിക്ക് റൺസ് നേടാൻ കഴിയുമെന്ന് അവർ വിശ്വസിപ്പിച്ചു. മൈക്ക് ഹസിയയും സ്റ്റീഫൻ ഫ്ലെമിങ്ങിനെയും പോലുള്ളവർ എന്നിൽ വിശ്വാസമർപ്പിച്ചു- ദുബെ പറഞ്ഞു.

തനിക്ക് ബാറ്റ് ചെയ്യാനാകുമെന്നു പ്രോത്സാഹിപ്പിക്കുകയും മികവ് പ്രകടിപ്പിക്കാൻ പിന്തുണ നൽകുകയും ചെയ്തത് ധോണിയാണെന്നും ദുബെ. അഫ്ഗാനെതിരായ രണ്ടാം മത്സരത്തിൽ 172 റൺസിന്‍റെ സ്കോർ പിന്തുടരുമ്പോൾ നാലാം നമ്പരിൽ ബാറ്റ് ചെയ്ത ദുബെ 32 ബോളിൽ 63 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. 26 ബോൾ അവശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ചതോടെ പരമ്പര ഇന്ത്യയ്ക്കു സ്വന്തമായി.

സ്കോർ: അഫ്ഗാൻ 171, ഇന്ത്യ 15.4 ഓവറിൽ നാലു വിക്കറ്റിന് 172. ഇന്ത്യയ്ക്കു വേണ്ടി ശിവം ദുബെയെ കൂടാതെ ഓപ്പണർ യശസ്വി ജയ്സ്വാളും (34 പന്തില്‍ 68) അർധ സെഞ്ചുറി നേടി. മൂന്നാം ടി20 ബുധനാഴ്ച ബംഗളൂരുവില്‍ നടക്കും.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0) നേരിട്ട ആദ്യ പന്തിൽ പുറത്തായെങ്കിലും വിരാട് കോഹ്‌ലി - ജയ്സ്വാള്‍ സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്ത് ഇന്ത്യയ്ക്ക് അടിത്തറയൊരുക്കുകയായിരുന്നു. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം ടി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി16 പന്തുകളിൽ നിന്ന് 29 റൺസെടുത്തു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. തിലക് വര്‍മയ്ക്കാണ് സ്ഥാനം നഷ്ടമായത്. ശുഭ്മാന്‍ ഗില്ലിന് പകരം ജയ്സ്വാളിനെ ഉൾപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍ റഹ്മത്ത് ഷായ്ക്ക് പകരം നൂര്‍ അഹമ്മദിനെ ഉൾപ്പെടുത്തിയിരുന്നു.

മൊഹാലിയിലെ ആദ്യ മത്സരത്തിൽ പുറത്താകാതെ 60 റൺസ് നേടിയിരുന്നു ദുബെ. രണ്ടു മത്സരങ്ങളിലും വിക്കറ്റ് നേടാനും ഓൾറൗണ്ടർക്കായി. ഇതോടെ, ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കും ദുബെയുടെ സാധ്യത വർധിച്ചു. സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരുക്ക് തലവേദനയായിരിക്കെയാണ് ദുബെയിലൂടെ മറ്റൊരു പേസ് ബൗളിങ് ഓൾറൗണ്ടർ സാധ്യത ഏറുന്നത്. തന്‍റെ പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ തൃപ്തനാണെന്നും ദുബെ പറഞ്ഞു.

2022ലാണ് ഐപിഎൽ ലേലത്തിൽ ദുബെ സിഎസ്കെയിലെത്തിയത്. ആദ്യ സീസണിൽ 11 കളികളിൽ 289 റൺസ് നേടിയ ദുബെ 2023 സീസണിൽ 16 മത്സരത്തിൽ 418 റൺസ് നേടി. ചെന്നൈയുടെ അഞ്ചാം കിരീട നേട്ടത്തിലും ദുബെയുടെ പങ്ക് പ്രധാനമായിരുന്നു.

Trending

No stories found.

Latest News

No stories found.