ശ്രേയസ് അയ്യർ പരുക്കുണ്ടെന്നു പറഞ്ഞത് നുണ; നടപടിക്കു സാധ്യത

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു ശേഷം ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയ ശ്രേയസ് പരുക്ക് അഭിനയിച്ച് രഞ്ജി ട്രോഫിയിൽ നിന്നു വിട്ടുനിന്നു. അങ്ങനെയൊരു പരുക്കില്ലെന്ന് എൻസിഎ റിപ്പോർട്ട്.
Shreyas Iyer
Shreyas Iyer
Updated on

ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ തനിക്കു പരുക്കുണ്ടെന്ന് പറഞ്ഞത് നുണയായിരുന്നു എന്ന് സൂചന. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനു ശേഷം ഇന്ത്യൻ ടീമിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയിരുന്നു. എന്നാൽ, പരുക്കിന്‍റെ കാരണം പറഞ്ഞ് മുംബൈയുടെ രഞ്ജി ട്രോഫി ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ശ്രേയസ്. ഇങ്ങനെയൊരു പരുക്ക് ശ്രേയസിനില്ലെന്നാണ് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ബിസിസിഐക്കു നൽകിയിരിക്കുന്ന റിപ്പോർട്ട്.

ബിസിസിഐയുമായി കരാറുള്ള ക്രിക്കറ്റ് താരങ്ങളെല്ലാം, ദേശീയ ടീമിൽ ഇല്ലെങ്കിൽ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് ബിസിസിഐയും സെക്രട്ടറി ജയ് ഷായും നൽകിയിരുന്ന കർക്കശ നിർദേശം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കു മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയും ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും ടീമിൽ നിന്ന് ഒഴിവാക്കിയത് അച്ചടക്കലംഘനത്തിനായിരുന്നു എന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, അന്നു ബിസിസിഐ അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിനു ശേഷവും കിഷൻ തന്‍റെ ആഭ്യന്തര ക്രിക്കറ്റിലെ ടീമായ ഝാർഖണ്ഡിനു വേണ്ടി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങിയിരുന്നതുമില്ല. കിഷനു പകരം ഝാർഖണ്ഡിന്‍റെ കീപ്പറായ കുമാർ കുശാഗ്ര ഇന്ത്യൻ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

മൂന്നാം ടെസ്റ്റിനു ശേഷം പുറത്തായ ശ്രേയസിനു പകരം ഇന്ത്യൻ ടീമിലെത്തിയ സർഫറാസ് ഖാൻ അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് അർ‌ധ സെഞ്ചുറി നേടിയതോടെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഇടം ഉറപ്പാക്കിയിട്ടുണ്ട്. ബിസിസിഐയുമായുള്ള കരാറിന്‍റെ ലംഘനമാണ് ആഭ്യന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കുക വഴി ശ്രേയസ് നടത്തിയിരിക്കുന്നത് എന്നു വ്യക്തമായാൽ കരാർ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ വരെയുണ്ടാകാം.

കരാർ റദ്ദാക്കിയില്ലെങ്കിൽ പോലും, അനൗദ്യോഗിക അച്ചടക്ക നടപടി എന്ന നിലയിൽ ദേശീയ ടീമിനു പുറത്തുനിർത്താനും ബിസിസിഐ സെലക്റ്റർമാർക്കു സാധിക്കും. ഇഷാൻ കിഷന്‍റെ തിരിച്ചുവരവിനെക്കുറിച്ച് കോച്ച് രാഹുൽ ദ്രാവിഡിനോട് മാധ്യമ പ്രവർത്തകർ ഉന്നയിച്ച് ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി, ദേശീയ ടീമിലേക്കു പരിഗണിക്കണമെങ്കിൽ ഏതെങ്കിലും ഫോർമാറ്റിൽ ക്രിക്കറ്റ് കളിക്കണം എന്നായിരുന്നു.

ഇതിനിടെ മലയാളി താരം സഞ്ജു സാംസണും രഞ്ജി ട്രോഫിയിൽ സജീവമായില്ല എന്ന ആരോപണം ഉയരുന്നുണ്ട്. കേരളത്തിന്‍റെ ക്യാപ്റ്റനായ സഞ്ജു, ടീമിന്‍റെ ഏഴു മത്സരങ്ങളിൽ നാലു മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. അവസാന മത്സരത്തിൽനിന്ന് അകാരണമായി വിട്ടുനിന്നു. കളിച്ച മത്സരങ്ങളിൽപ്പോലും പലതിലും ബാറ്റിങ് ഓർഡറിൽ അസ്വാഭാവികമായി താഴേക്കിറങ്ങുകയോ ബാറ്റിങ്ങിന് ഇറങ്ങാതിരിക്കുകയോ ചെയ്തിട്ടുണ്ട്.

യുവതാരങ്ങളിൽ പലരും ഐപിഎല്ലിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ആരോപണം ശക്തമാണ്. ഐപിഎല്ലിനു വേണ്ടി പ്രത്യേകമായോ അവരവരുടെ ഫ്രാഞ്ചൈസികളുടെ ക്യാംപുകൾ ‌വഴിയോ പരിശീലനം നടത്തുന്ന തിരക്കിലാണ് പലരും. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരുക്കേൽക്കുകയോ ശാരീരിക്ഷമത നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് ഐപിഎൽ അവസരം നഷ്ടമാക്കുമെന്ന് പലരും ഭയക്കുന്നു. ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ തെരഞ്ഞെടുപ്പ് ഐപിഎൽ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്ന സൂചനയും ഈ രീതിയിൽ പെരുമാറാൻ പല കളിക്കാരെയും പ്രേരിപ്പിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.