സെഞ്ചുറി പ്രളയം, സ്മൃതിക്ക് റെക്കോഡ്; ഇന്ത്യൻ വനിതകൾക്ക് ആവേശ വിജയം

ഇന്ത്യ - ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇരു ടീമുകളിലായി പിറന്നത് 4 സെഞ്ചുറി. 325 റൺസെടുത്ത ഇന്ത്യക്ക് 4 റൺസ് വിജയം.
സെഞ്ചുറികളുടെ എണ്ണത്തിൽ സ്മൃതിക്ക് റെക്കോഡ്, മിഥാലിക്കൊപ്പം
Smriti Mandhana

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ തുടരെ രണ്ടാം മത്സരത്തിലും ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക് സെഞ്ചുറി. ഇതോടെ വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ വനിതാ താരങ്ങളിൽ മുൻ ക്യാപ്റ്റൻ മിഥാലി രാജിനൊപ്പമെത്തി സ്മൃതി. ഇരുവർക്കും ഇപ്പോൾ ഏഴ് സെഞ്ചുറി വീതമായി. ആറ് സെഞ്ചുറി നേടിയ നിലവിലുള്ള ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് തൊട്ടു താഴെ. ഇതേ മത്സരത്തിൽ തന്നെ ഹർമൻപ്രീത് തന്‍റെ ആറാം സെഞ്ചുറി കണ്ടെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും 321/6 വരെയേ എത്താനായുള്ളൂ.

103 പന്തിലായിരുന്നു സ്മൃതി പരമ്പരയിലെ രണ്ടാം സെഞ്ചുറി പൂർത്തിയാക്കിയത്. ആകെ 120 പന്തിൽ 18 ഫോറും രണ്ടു സിക്സും സഹിതം 132 റൺസെടുത്തു പുറത്തായി. ആദ്യ ഏകദിനത്തിൽ 127 പന്തിൽ 117 റൺസെടുത്ത സ്മൃതിയുടെ കരുത്തിൽ ഇന്ത്യ 143 റൺസിന്‍റെ വിജയം കുറിച്ചിരുന്നു. ഇന്ത്യയിൽ സ്മൃതി നേടുന്ന ആദ്യ ഏകദിന സെഞ്ചുറിയായിരുന്നു ഇത്.

84 ഏകദിന മത്സരങ്ങളിൽ ഏഴ് സെഞ്ചുറിയും 26 അർധ സെഞ്ചുറിയുമാണ് സ്മൃതി നേടിയിട്ടുള്ളത്. 43 റൺ ശരാശരിയിൽ മൂവായിരം റൺസും പിന്നിട്ടു കഴിഞ്ഞു. 232 ഏകദിനങ്ങൾ കളിച്ച മിഥാലി ഏഴ് സെഞ്ചുറിയും 64 അർധ സെഞ്ചുറിയും സഹിതം 7805 റൺസെടുത്തിട്ടുണ്ട്. ശരാശരി 50 റൺസിനു മുകളിൽ.

ആറ് ടെസ്റ്റ് മത്സരങ്ങളിൽ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും സ്മൃതി നേടിയിട്ടുണ്ട്. 12 ടെസ്റ്റ് കളിച്ച മിഥാലിയുടെ പേരിലും ഒരു സെഞ്ചുറി മാത്രം. ട്വന്‍റി20 മത്സരങ്ങളിൽ സ്മൃതി 23 അർധസെഞ്ചുറി നേടിയപ്പോൾ മിഥാലി 17 എണ്ണമാണ് നേടിയത്.

സ്മൃതി മന്ഥനയും ഹർമൻപ്രീത് കൗറും മത്സരത്തിനിടെ.
സ്മൃതി മന്ഥനയും ഹർമൻപ്രീത് കൗറും മത്സരത്തിനിടെ.

രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്മൃതിയും ഷഫാലി വർമയും ചേർന്ന ഓപ്പണിങ് സഖ്യം 11.4 ഓവർ ക്രീസിലുണ്ടായിരുന്നെങ്കിലും 38 റൺസ് മാത്രമാണ് പിറന്നത്. ഷഫാലി (38 പന്തിൽ 20) പുറത്തായ ശേഷം ഡി. ഹേമലതയുമൊത്ത് (41 പന്തിൽ 24) സ്മൃതിയുടെ അർധ സെഞ്ചുറി കൂട്ടുകെട്ട്.

ഹേമലത പുറത്തായ ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എത്തിയതോടെയാണ് ഇന്ത്യൻ സ്കോറിങ്ങിനു വേഗം കൂടിയത്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും 171 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹർമൻപ്രീത് 88 പന്തിൽ ഒമ്പത് ഫോറും മൂന്നു സിക്സും സഹിതം 103 റൺസെടുത്ത് പുറത്താകാതെ നിന്നു. ഫിനിഷ് റോൾ ഗംഭീരമാക്കിയ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 13 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസും നേടി.മ

മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 67 റൺസെടുക്കുന്നതിനിടെ തസ്മിൻ ബ്രിറ്റ്സ് (5), അന്നിക് ബോഷ് (18), സൂൻ ലൂസ് (12) എന്നിവർ പുറത്തായി. എന്നാൽ, നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർ ലോറ വോൾവാർട്ടും (135 പന്തിൽ പുറത്താകാതെ 135) ഐപിഎൽ സ്റ്റാർ മരിസാൻ കാപ്പും (94 പന്തിൽ 114) ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിന് അടുത്ത് വരെ എത്തിച്ചു. എന്നാൽ, കാപ്പിനെ പുറത്താക്കിയ ഓഫ് സ്പിന്നർ ദീപ്തി ശർമ ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിക്കുകയായിരുന്നു.

Pooja Vastrakar
Pooja Vastrakar

അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ്. പന്തെറിഞ്ഞത് മീഡിയം പേസർ പൂജ വസ്ത്രകാർ. ആദ്യ പന്തിൽ സിംഗിളും രണ്ടാം പന്തിൽ ഫോറും വഴങ്ങിയെങ്കിലും പൂജ മൂന്നാം പന്തിൽ നദൈൻ ഡിക്ലെർക്കിനെയും (28) നാലാം പന്തിൽ നോൺഡുമിസോ ഷൻഗാസെയെയും (0) പുറത്താക്കി. അടുത്ത പന്തിൽ മൈക്ക് ഡി റിഡ്ഡർ ഒരു ബൈ റൺ ഓടിയെടുത്തു. ഇതോടെ അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസ്. പക്ഷേ, പരിചയസമ്പന്നയായ വോൾവാർട്ടിന് പൂജയുടെ സ്ലോ ഷോർട്ട് ബോളിൽ തൊടാനായില്ല. ഇതോടെ ഇന്ത്യക്ക് നാലു റൺസ് വിജയം.

പൂജയും ദീപ്തിയും ഇന്ത്യക്കു വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. സ്മൃതി മന്ഥന തന്‍റെ കന്നി ഏകദിന വിക്കറ്റും സ്വന്തമാക്കിയപ്പോൾ ഒരു വിക്കറ്റ് ഏകദിന അരങ്ങേറ്റം കുറിച്ച പേസ് ബൗളർ അരുന്ധതി റെഡ്ഡിക്കാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com