കോൽക്കത്ത: ലോകകപ്പിൽ ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ. രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റിന് തകർത്താണ് ഓസീസ് എട്ടാം ഫൈനലിന് ടിക്കറ്റെടുത്തത്.
ഡേവിഡ് മില്ലറുടെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 212 ലക്ഷ്യം 2.4 ഓവറുകൾ ബാക്കി നിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രലിയ മറികടന്നു. മില്ലർ 116 പന്തിൽ അഞ്ച് സിക്സിന്റേയും എട്ട് ബൗണ്ടറികളുടയും അകമ്പടിയിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഓപ്പണർ ട്രെവിസ് ഹെഡ്ഡിന്റെ(62) അർധസെഞ്ചുറി കരുത്തിലാണ് വിജയം പിടിച്ചെടുത്തത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ താരതമ്യേന ചെറിയ സ്കോറിലേക്ക് ബാറ്റെന്തിയ ഓസീസിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. ആറ് ഓവറിൽ 60 റൺസാണ് ഹെഡും വാർണറും ചേർന്ന് അടിച്ചെടുത്തത്. എന്നാൽ എഴാം ഓവറിലെ ആദ്യ പന്തിൽ വാർണറിന്റെ കുറ്റിപിഴുത് മാക്രം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക് ത്രൂ സമ്മാനിച്ചു. പിന്നാലെ റണ്ണെടുക്കും മുൻപ് മിച്ചൽ മാർഷിനെ റബാഡയും മടക്കി. ഹെഡ്ഡിനൊപ്പം ചേർന്ന് സ്റ്റീവ് സ്മിത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഷംസിയും മഹാരാജും കൃത്യതയോടെ പന്തെറിഞ്ഞപ്പോൾ ഓസീസ് ബാറ്റർമാർ റണ്ണെടുക്കാനാകാതെ വലഞ്ഞു. അർധസെഞ്ചുറി പൂർത്തിയാക്കിയ ഹെഡ്ഡിനെ (62) മഹാരാജയും ലബുഷെയ്നെ (18) ഷംസിയും മടക്കി. വെടിക്കെട്ട് വീരൻ മാക്സ്വെല്ലിനെ (1) കുറ്റിപിഴുത് ഷംസി ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ ഒരറ്റത്ത് പിടിച്ചു നിന്ന സ്മിത്ത് അനായാസം വിജയത്തിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേ കോട്സെ സ്മിത്തിനെ ഡീകോക്കിന്റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ജോഷ് ഇഗ്ലിസും 28 റൺസുമായി വീണ്ടും ഓസീസിന് മത്സരം അനുകൂലമാക്കി. ഒടുവിൽ നായകൻ പാറ്റ് കുമ്മിൻസും (14) മിച്ചൽ സ്റ്റാർക്കും (16) ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയത്തിലേക്ക് എത്തിച്ചു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ നഷ്ടമായി. വെറും നാല് പന്ത് മാത്രം നേരിട്ട ബവൂമയെ മിച്ചൽ സ്റ്റാർക്കാണ് മടക്കിയത്. പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ഡിക്കോക്കിനെ ഹെയസൽവുഡിന്റെ പന്തിൽ പാറ്റ് കുമ്മിൻസ് ഒരു കിടിലൻ റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും റാസ്സി വാന്‍ ഡെര്‍ ദസ്സനും പുറത്തായി. 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ സ്റ്റാർക്ക് വാർണറുടെ കൈകളിലെത്തിച്ചു. പിന്നാലെ ദസ്സനെ ഹെയ്സൽവുഡ് പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 24-ന് നാല് വിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
മത്സരം 14 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ദക്ഷിണഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെന്ന പരിതാപതരമായ സ്ഥിതിയിലായിരുന്നു അപ്പോള്‍. മത്സരം പുനരാംരഭിച്ചപ്പോള്‍ അഞ്ചാം വിക്കറ്റില്‍ മില്ലര്‍ക്കൊപ്പം ഹെൻറിച്ച് ക്ലാസന് ചേര്‍ന്നതോടെയാണ് ദക്ഷിണാഫ്രിക്ക മത്സരം തിരികെ പിടിച്ചത്. ഇരുവരും ചേര്‍ന്നു 95 റണ്‍സ് ചേര്‍ത്താണ് ടീമിനെ രക്ഷിച്ചത്. അതിനിടെ സ്കോര്‍ 119 എത്തിയപ്പോള്‍ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത് ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ക്ഷീണമായി. ക്ലാസന് (47), പിന്നാലെ വന്ന മാര്‍ക്കോ ജന്സന് എന്നിവര്‍ അടുത്തടുത്ത പന്തുകള്‍ മടങ്ങി. ട്രാവിസ് ഹെഡ്ഡാണ് രണ്ട് വിക്കറ്റുകളും നേടിയത്. ജെറാള്‍ഡ് കോറ്റ്സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. പിന്നാലെ കേശവരാജ്(4), റബാഡ(10), ഷംസി(1) എന്നിവർ തുടരെ മടങ്ങി.