ഹെൻറിച്ച് ക്ലാസനും അഭിഷേക് ശർമയും എസ്ആർഎച്ചിൽ തുടരും

ക്ലാസനെ നിലനിർത്താൻ ഐപിഎൽ ടീം മുടക്കുന്നത് 23 കോടി, അഭിഷേക് ശർമയ്ക്ക് 14 കോടി
Abhishek Sharma, Travis Head, Heinrich Klaasen
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഹെൻറിച്ച് ക്ലാസൻ
Updated on

ഐപിഎൽ മെഗാ താരലേലത്തിനു മുന്നോടിയായി ടീമുകൾ നിലനിർത്താനുള്ള താരങ്ങളുടെ പട്ടിക തയാറാക്കിത്തുടങ്ങി. ദക്ഷിണാഫ്രിക്കൻ താരം ഹെൻറിച്ച് ക്ലാസനെ 23 കോടി രൂപ നൽകി നിലനിർത്താനാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദ് തീരുമാനിച്ചിരിക്കുന്നത്. ടീം ക്യാപ്റ്റൻ ഓസ്ട്രേലിയക്കാരനായ പാറ്റ് കമ്മിൻസിനെ 18 കോടിക്കും നിലനിർത്തും. ഇന്ത്യൻ താരം അഭിഷേക് ശർമയ്ക്കു വേണ്ടി 14 കോടി രൂപയും ടീം മാറ്റിവയ്ക്കും.

ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ്, ഇന്ത്യൻ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരായിരിക്കും എസ്ആർഎച്ച് നിലനിർത്തുന്ന മറ്റു രണ്ടു പേർ എന്നാണ് സൂചന. ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഈ വർഷം അവസാനത്തോടെ നടത്താനിരിക്കുന്ന മെഗാ ലേലത്തിനു മുന്നോടിയായി, നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്റ്റോബർ 31 ആണ്.

കമ്മിൻസ് തന്നെയായിരിക്കും അടുത്ത സീസണിലും എസ്ആർഎച്ചിനെ നയിക്കുന്നതെന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്. 15 മത്സരങ്ങളിൽ 171 റൺ സ്ട്രൈക്ക് റേറ്റിൽ 479 റൺസ് അടിച്ച ഹെൻറിച്ച് ക്ലാസൻ കഴിഞ്ഞ സീസണിൽ എസ്ആർഎച്ചിന്‍റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഹെഡിനും അഭിഷേകിനും പിന്നിൽ ടീമിന്‍റെ മൂന്നാമത്തെ വലിയ റൺവേട്ടക്കാരനായിരുന്നു. അഭിഷേക് 16 ഇന്നിങ്സിൽ 484 റൺസെടുത്തത് 204 എന്ന സ്ട്രൈക്ക് റേറ്റിലാണ്. 15 ഇന്നിങ്സിൽ 567 റൺസെടുത്ത ഹെഡ് 192 എന്ന സ്ട്രൈക്ക് റേറ്റിലാണ് സ്കോർ ചെയ്തത്.

ഇരുപത്തൊന്നുകാരനായ നിതീഷ് റെഡ്ഡി കഴിഞ്ഞ സീസണിന്‍റെ കണ്ടെത്തലുകളിൽ ഒരാളായിരുന്നു. 142 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 303 റൺസും, കൂടാതെ മൂന്ന് വിക്കറ്റും നേടി. ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റവും കുറിച്ചു.

Trending

No stories found.

Latest News

No stories found.