അഹമ്മദാബാദ്: ഐപിഎൽ പ്ലേഓഫിലെ ഒന്നാം ക്വാളിഫയറിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു കീഴടക്കിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി. പരാജയപ്പെട്ട സൺറൈസേഴ്സ് പുറത്തായിട്ടില്ല. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും രാജസ്ഥാൻ റോയൽസും തമ്മിലുള്ള എലിമിനേറ്ററിലെ ജേതാക്കളെ ഇനി എസ്ആർഎച്ച് നേരിടും. അതിൽ ജയിക്കുന്നവരായിരിക്കും ഫൈനലിൽ കോൽക്കത്തയുടെ എതിരാളികൾ.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് 19.3 ഓവറിൽ 159 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. കോൽക്കത്ത 13.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടി. മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കും, അർധ സെഞ്ചുറി നേടിയ വെങ്കടേശ് അയ്യരും ശ്രേയസ് അയ്യരുമാണ് കോൽക്കത്തയ്ക്ക് അനായാസ വിജയം ഉറപ്പാക്കിയത്.
നേരത്തെ, ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, രണ്ടോവറിനുള്ളിൽ രണ്ട് വെടിക്കെട്ട് ഓപ്പണർമാരെയും അവർക്കു നഷ്ടമായി. ട്രാവിസ് ഹെഡ് നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിനു പുറത്തായപ്പോൾ, അഭിഷേക് ശർമ മൂന്നു റൺസെടുത്തും പുറത്തായി. പിന്നാലെ നിതീഷ് കുമാർ റെഡ്ഡി (9), ഷഹബാസ് അഹമ്മദ് (0) എന്നിവർ കൂടി ക്ഷണത്തിൽ മടങ്ങിയതോടെ ഹൈദരാബാദ് 39/4 എന്ന നിലയിൽ തകർന്നു. ഇതിൽ മൂന്നു വിക്കറ്റും സ്റ്റാർക്കിനായിരുന്നു.
വൺഡൗണായിറങ്ങിയ രാഹുൽ ത്രിപാഠിയും (35 പന്തിൽ 55) ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസനും (21 പന്തിൽ 32) ചേർന്ന് സ്കോർ മികച്ച റൺ റേറ്റിൽ 101 വരെയെത്തിച്ചു.
എന്നാൽ, അതിനു ശേഷം വീണ്ടും ബാറ്റിങ് തകർച്ച. പിന്നെ വന്നവരിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 24 പന്തിൽ 30 റൺസാണ് കമ്മിൻസ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ കോൽക്കത്തയ്ക്ക് മോശമല്ലാത്ത തുടക്കം കിട്ടി. ദേശീയ ടീമിൽ കളിക്കാൻ ഇംഗ്ലണ്ടിലേക്കു മടങ്ങിയ ഫിൽ സോൾട്ടിനു പകരം അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ റഹ്മാനുള്ള ഗുർബാസ് ആണ് സുനിൽ നരെയ്ന്‍റെ ഓപ്പണിങ് പങ്കാളിയായത്. ഗുർബാസ് 14 പന്തിൽ 23 റൺസും നേടി. സുനിൽ നരെയ്ൻ 16 പന്തിൽ 21 റൺസെടുത്തു.
ഇരുവരും പുറത്തായ ശേഷം വൺ ഡൗൺ ബാറ്റർ വെങ്കടേശ് അയ്യരും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് റൺ റേറ്റ് താഴാതെ സ്കോർ മുന്നോട്ടു കൊണ്ടുപോയി. വെങ്കടേശ് 28 പന്തിൽ 51 റൺസും, ശ്രേയസ് 24 പന്തിൽ 58 റൺസും നേടി പുറത്താകാതെ നിന്നു. ഇരുവരും അഞ്ച് വീതം ഫോറും നാല് വീതം സിക്സും നേടി.