ഹരാരെ: സിംബാബ് വെയുടെ അവിശ്വസനീയ കുതിപ്പിന് തടയിട്ട് ശ്രീലങ്ക. മിന്നും ജയത്തോടെ 2023 ലോകകപ്പിന് യോഗ്യത നേടാനും ശ്രീലങ്കയ്ക്കായി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്സ് നിര്‍ണായക പോരാട്ടത്തില്‍ സിംബാബ്വെയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ശ്രീലങ്ക വിജയക്കുതിപ്പ് നടത്തിയത്. തോറ്റെങ്കിലും സിംബാബ്വെയുടെ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
ലങ്ക യോഗ്യത നേടിയതോടെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ഒന്‍പതാം ടീമായി. ഇനിയൊരു സ്ഥാനം മാത്രമാണ് ബാക്കിയുള്ളത്. ഇതിനായി സിംബാബ്വെയും സ്കോട്ലന്ഡും പോരാടും.
വെസ്റ്റ് ഇന്‍ഡീസ് നേരത്തേ യോഗ്യത നേടാതെ പുറത്തായിരുന്നു.നിര്‍ണായക സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ സിംബാബ്വെഉയര്ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 33.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. സെഞ്ചുറി നേടിയ ഓപ്പണര്‍ പത്തും നിസ്സങ്കയും നാലുവിക്കറ്റെടുത്ത ബൗളര്‍ മഹീഷ് തീക്ഷണയുമാണ് ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.മഹീഷ് തീക്ഷണയാണ് മാന്‍ ഓഫ് ദ മാച്ച്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെയുടെ ബാറ്റര്‍മാരെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കി. 10 ഓവറില്‍ കേവലം 25 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്ത സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് ആതിഥേയരെ തകര്‍ത്തത്. സിംബാബ്വെയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയ സൂപ്പര്‍ താരം ഷോണ്‍ വില്യംസ് മാത്രമാണ് തിളങ്ങിയത്. താരം 57 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു.
സിക്കന്ദര്‍ റാസ 31 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ പത്തും നിസ്സങ്കയും ദിമുത് കരുണരത്നെയും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതോടെ ലങ്കയുടെ വിജയം അനായാസമായി. കരുണരത്നെയെ (30) പുറത്താക്കി റിച്ചാര്‍ഡ് എന്ഗാറവ ഈ കൂട്ടുകെട്ട് പൊളിച്ചെങ്കിലും അപ്പോഴേക്കും ലങ്ക വിജയത്തോട് അടുത്തിരുന്നു. പിന്നാലെ വന്ന കുശാല്‍ മെന്‍ഡിസിനെ കൂട്ടുപിടിച്ച് നിസ്സങ്ക അടിച്ചുതകര്‍ത്തു. വിജയറണ്‍ ബൗണ്ടറിയിലൂടെ നേടി നിസ്സങ്ക ടീമിന് വിജയം നേടിക്കൊടുത്തു ഒപ്പം സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. താരം 102 പന്തുകളില്‍ നിന്ന് 14 ഫോറുകളുടെ അകമ്പടിയോടെ 101 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. മെന്‍ഡിസ് പുറത്താവാതെ 25 റണ്‍സെടുത്തു.