ലങ്ക കടക്കാൻ അഫ്ഗാൻ

ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളിൽ നിരവധി റൺസ് വഴങ്ങിയതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.
ലങ്ക കടക്കാൻ അഫ്ഗാൻ
Updated on

പുണെ: ലോകകപ്പിൽ തുടർച്ചയായ വിജയങ്ങളാൽ ആവേശഭരിതരായ ശ്രീലങ്ക ഇന്ന് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ നേരിടും. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം സ്വന്തമാക്കിയ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും സെമിഫൈനലിലെത്താനുള്ള നേരിയ പ്രതീക്ഷകൾ സജീവമാക്കി. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം എതിരാളിയുടെ നേരിയ സാധ്യതയെ പോലും ഇല്ലാതാക്കുന്നു. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം, രണ്ട് വിജയങ്ങളോടെ ലോകകപ്പ് പടയോട്ടത്തിൽ ശ്രീലങ്ക പ്രതീക്ഷകൾ പുനരുജ്ജീവിപ്പിച്ചു. എന്നാൽ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടിനേയും അയൽക്കാരായ പാക്കിസ്ഥാനേയും തോൽപ്പിച്ചെത്തുന്ന അഫ്ഗാനിസ്ഥാനെ ലങ്ക ഒരിക്കലും കുറച്ച് കാണില്ല.

പേസർ ലഹിരു കുമാരയുടെ നേതൃത്വത്തിലുള്ള മികച്ച ബൗളിങ്ങിന്‍റേയും ഫീൽഡിങ്ങിന്‍റേയും കരുത്തിലാണ് അവസാന മത്സരത്തിൽ ലോകചാംപ്യന്മാരെ തകർത്തത്. പരിചയസമ്പന്നനായ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിന്‍റെ തിരിച്ചുവരവ് മധ്യ ഓവറുകളിൽ ബൗളിങ് യൂണിറ്റിന് കരുത്തായി. ലോകകപ്പിന്‍റെ ആദ്യ മത്സരങ്ങളിൽ നിരവധി റൺസ് വഴങ്ങിയതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്. എന്നാൽ ലഹിരുവിന്‍റെ ഉദയം അവരുടെ ബൗളിങ്ങിന് പുതുജീവൻ നൽകി.

ദിൽഷൻ മധുശങ്കയും (11 വിക്കറ്റ്) കുസൻ രജിതയും (7 വിക്കറ്റ്) മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ മഹേഷ് തീക്ഷണ ഇതുവരെ ഫോമിലേക്ക് ഉയർന്നിട്ടില്ല.

ബാറ്റിങ്ങിൽ പാത്തും നിസ്സങ്കയും സദീര സമരവിക്രമയും ഈ വർഷത്തെ ഏറ്റവും മികച്ച ഫോമിലാണ്. ഈ ടൂർണമെന്‍റിലെ തുടർച്ചയായ നാലാമത്തെ ഫിഫ്റ്റിയുമായി നിസ്സാങ്കയും രണ്ടെണ്ണവുമായി സമരവിക്രമയും മികച്ചു നിൽക്കുന്നു. കുശാൽ മെൻഡിസും ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്.

മറുവശത്ത്, അഫ്ഗാനിസ്ഥാൻ ടോപ്പ് ഓർഡർ ബാറ്റർമാരുടെ കരുത്തിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വിജയകരമായ ചേസ് പൂർത്തിയാക്കിയാണ് മത്സരത്തിനിറങ്ങുന്നത്.

224 റൺസുമായി ഓപ്പണർ റഹ്മാനുള്ള ഗുർബാസ് അവരുടെ മികച്ച ബാറ്റിങ് നടത്തുന്നു. ഇബ്രാഹിം സദ്രാൻ, ഹഷ്മത്തുള്ള ഷാഹിദി, റഹ്മത്ത് ഷാ എന്നിവരും കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

നവീൻ-ഉൾ-ഹഖിനും ഫസൽഹഖ് ഫാറൂഖിക്കും അഫ്ഗാൻ തുടക്കത്തിലെ വിക്കറ്റുകൾ നേടാനായാൽ, ശേഷിക്കുന്നവരെ വട്ടംകറക്കാൻ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ എന്നിവരടങ്ങുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാർ ഇപ്പോൾ അവർക്കൊപ്പമുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ 11 ഏകദിനങ്ങളിൽ മൂന്ന് തവണ മാത്രമാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്. ലോകകപ്പ് വേദിയിൽ നേരിട്ടേറ്റുമുട്ടിയ രണ്ട് പോരാട്ടങ്ങളിലും വിജയം ലങ്കയ്ക്കൊപ്പമായിരുന്നു.

Trending

No stories found.

Latest News

No stories found.