കോൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ക്ഷണം നിരസിക്കണമെന്ന് ഗൗതം ഗംഭീറിനോട് കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമ ഷാറുഖ് ഖാൻ അഭ്യർഥിച്ചെന്ന് റിപ്പോർട്ട്. നിലവിൽ കെകെആറിന്‍റെ മെന്‍ററാണ് ഗംഭീർ. ടീമിന്‍റെ പരിശീലക സംഘത്തിൽ തുടരാൻ പത്തു വർഷത്തെ കരാറാണ് ഷാറുഖ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും സൂചന. പ്രതിഫലം ഗംഭീറിനു നിശ്ചയിക്കാമെന്നാണ് വാഗ്ദാനം.
ബിജെപി എംപി ആയിരിക്കെ തന്നെ കഴിഞ്ഞ രണ്ടു സീസണുകൾ ലഖ്നൗ സൂപ്പർ ജനന്‍റ്സിന്‍റെ മെന്‍ററായിരുന്നു ഗംഭീർ. രണ്ടു സീസണുകളിലും ടീം ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഈ സീസണിനു മുൻപാണ് കെകെആറിനൊപ്പം ചേരുന്നത്. കെകെആർ മുൻപ് രണ്ടു വട്ടം ഐപിഎൽ ചാംപ്യൻമാരായതും ഗംഭീർ ക്യാപ്റ്റനായിരിക്കുമ്പോഴായിരുന്നു.
ട്വന്‍റി20 ലോകകപ്പ് കഴിയുന്നതോടെ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കുകയാണ്. ഈ ഒഴിവിലേക്ക് ബിസിസിഐ പ്രധാനമായി പരിഗണിക്കുന്ന പേരുകളിലൊന്നാണ് ഗംഭീറിന്‍റേത്.
ചുമതല ഏറ്റെടുക്കാൻ ബിസിസിഐ അദ്ദേഹത്തോട് അങ്ങോട്ട് ആഭ്യർഥിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. കെകെആർ മാനേജ്മെന്‍റുമായി സംസാരിച്ച്, ഐപിഎൽ ഫൈനലിനു ശേഷം തീരുമാനം അറിയിക്കാമെന്നാണ് ഗംഭീർ മറുപടി നൽകിയിരുന്നത്.
ഇതിനിടെ, കോച്ചാകാൻ തന്നെയും വിളിച്ചിരുന്നു എന്നും, താനത് നിരാകരിച്ചു എന്നും ഓസ്ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിങ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഒരു ഓസ്ട്രേലിയക്കാരെയും ബിസിസിഐ സമീപിച്ചിട്ടില്ലെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതിനോടു പ്രതികരിച്ചത്.