ആദ്യമായി 20 കോടി കടന്ന് ഐപിഎൽ ലേലത്തുക; ഒന്നല്ല രണ്ടു പേർക്ക്

ഐപിഎല്ലിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് താരത്തിനു ലഭിക്കുന്ന തുക 20 കോടിക്കു മുകളിലെത്തി, അതും ഒന്നല്ല രണ്ടുവട്ടം
മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും
മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസുംFile photo
Updated on

ദുബായ്: ഐപിഎല്ലിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ക്രിക്കറ്റ് താരത്തിനു ലഭിക്കുന്ന തുക 20 കോടിക്കു മുകളിലെത്തി, അതും ഒന്നല്ല രണ്ടുവട്ടം. ദുബായിൽ നടക്കുന്ന മിനി ലേലത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമാണ് ഈ നേട്ടം കൈവരിച്ചത്.

ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനു വേണ്ടി പഞ്ചാബ് കിങ്സ് കഴിഞ്ഞ മെഗാ ലേലത്തിൽ മുടക്കിയ 18.50 കോടി രൂപയുടെ റെക്കോഡാണ് പഴങ്കഥയായത്. രണ്ടു കോടി രൂപ അടിസ്ഥാന വിലയുമായി ലേലത്തിലെത്തിയ പാറ്റ് കമ്മിൻസിനു വേണ്ടി 20.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്. ഓൾറൗണ്ടർ ടാഗിലാണ് കമ്മിൻസ് വന്നത്.

അതിനു ശേഷം പേസ് ബൗളർമാരുടെ വിഭാഗത്തിൽ ഇതേ അടിസ്ഥാന വിലയിലെത്തിയ മിച്ചൽ സ്റ്റാർക്ക് ഈ റെക്കോഡ് മറികടക്കുകയായിരുന്നു. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇടങ്കയ്യൻ പേസർക്കു വേണ്ടി വീശിയെറിഞ്ഞത് 24.75 കോടി രൂപ!

കമ്മിൻസിന്‍റെ പേര് വിളിച്ചപ്പോൾ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസുമാണ് ലേലം വിളി തുടങ്ങിയത്. മുംബൈ പിൻമാറിയതോടെ ആർസിബി വിളി തുടങ്ങി. ഇതോടെ ചെന്നൈ വിട്ടു. ഇതോടെയായിരുന്നു സൺറൈസേഴ്സിന്‍റെ മാസ് എൻട്രി.

അതേസമയം, സ്റ്റാർക്കിനു വേണ്ടിയുള്ള ആദ്യ മത്സരം ഡൽഹി ക്യാപ്പിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലായിരുന്നു. പിന്നാലെ കെകെആർ എത്തി. തുക 10 കടന്നതോടെ ഗുജറാത്ത് ടൈറ്റൻസും മത്സരത്തിൽ പങ്കുചേർന്നു. അവസാനം ഗുജറാത്തും കെകെആറും മാത്രമായി മത്സരത്തിൽ. 21 കോടിയുമായി ഗുജറാത്ത് റെക്കോഡ് തുകയിലെത്തിയ ശേഷവും കോൽക്കത്ത വിട്ടില്ല. ഒടുവിൽ അവിശ്വസനീയമായ തുകയ്ക്ക് സ്റ്റാർക്കിനെ അവർ സ്വന്തമാക്കുകയും ചെയ്തു.

10 കോടി രൂപയ്ക്കു മുകളിൽ നേടിയ മറ്റു താരങ്ങൾ:

  1. ഡാരിൽ മിച്ചൽ (ചെന്നൈ സൂപ്പർ കിങ്സ് - 14 കോടി)

  2. ഹർഷൽ പട്ടേൽ (പഞ്ചാബ് കിങ്സ് - 11.75 കോടി)

  3. അൽസാരി ജോസഫ് (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - 11.5 കോടി)

Trending

No stories found.

Latest News

No stories found.