ഐപിഎൽ: ഇക്കുറി കളിക്കാനിറങ്ങാത്ത പ്രമുഖർ

ഐപിഎൽ 2024 സീസണിൽനിന്ന് പരുക്കു കാരണവും മറ്റു കാരണങ്ങളാലും വിട്ടുനിൽക്കുന്ന പ്രമുഖ താരങ്ങൾ ആരൊക്കെയെന്നു നോക്കാം:

ഗുജറാത്ത് ടൈറ്റൻസ്

  • മുഹമ്മദ് ഷമി - കഴിഞ്ഞ സീസണിലെ ടോപ് വിക്കറ്റ് ടേക്കറായ ഷമിക്ക് ഇത്തവണത്തെ സീസൺ കാൽക്കുഴയിലെ പരുക്ക് കാരണം നഷ്ടപ്പെടും. 2023ൽ നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഷമിക്കു പരുക്കേറ്റത്. അടുത്തിടെ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലാണ്. സെപ്റ്റംബറോടെയേ ക്രിക്കറ്റിൽ തിരിച്ചെത്താൻ സാധിക്കൂ എന്നാണ് വിവരം. ഗുജറാത്ത് ടൈറ്റൻസ് ഷമിക്കു പകരക്കാരനെ നിശ്ചയിച്ചിട്ടില്ല.

  • മാത്യു വേഡ് - ടൈറ്റൻസിന്‍റെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വേഡിന്‍റെ സേവനം ലഭ്യമാകാനിടയില്ല. മാർച്ച് 21 മുതൽ 25 വരെ ടാസ്മാനിയക്കു വേണ്ടി ഷെഫീൽഡ് ഷീൽഡ് ഫൈനൽ കളിക്കാൻ തീരുമാനിച്ചതാണു കാരണം. 25നാണ് ഐപിഎല്ലിൽ ടൈറ്റൻസിന്‍റെ ആദ്യ മത്സരം. രണ്ടാമത്തേത് 27നും.

ലഖ്നൗ സൂപ്പർ ജയന്‍റ്സ്

  • മാർക്ക് വുഡ് - ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇംഗ്ലിഷ് ഫാസ്റ്റ് ബൗളറെ ഐപിഎല്ലിൽനിന്നു പിൻവലിച്ചത്. ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ അധ്വാന ഭാരം കുറയ്ക്കുകയാണു ലക്ഷ്യം. പകരക്കാരനായി വെസ്റ്റിൻഡീസിന്‍റെ പുതിയ പേസ് ബൗളിങ് സെൻസേഷൻ ഷമർ ജോസഫിനെ സൂപ്പർ ജയന്‍റ്സ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാൻ റോയൽസ്

  • പ്രസിദ്ധ് കൃഷ്ണ - തുടരെ രണ്ടാമത്തെ ഐപിഎൽ സീസണും കർണാടക ഫാസ്റ്റ് ബൗളർക്കു നഷ്ടമാകും. പരുക്കു കാരണം ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് പ്രസിദ്ധ്. രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പരുക്കേറ്റത്. പകരക്കാരനെ നിശ്ചയിച്ചിട്ടില്ല.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

  • ജേസൺ റോയ് - വ്യക്തിപരമായ കാരണങ്ങളാലാണ് ഇംഗ്ലണ്ട് ഓപ്പണർ ഐപിഎൽ സീസണിൽ നിന്നു പിൻമാറിയിരിക്കുന്നത്. ടി20 ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനായ ഇംഗ്ലണ്ടിന്‍റെ തന്നെ ഓപ്പണർ ഫിൽ സോൾട്ടിനെയാണ് പകരക്കാരനായി കെകെആർ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • ഗസ് അറ്റ്കിൻസൺ - ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ ഇടപെടൽ തന്നെയാണ് അറ്റ്കിൻസണിനും തന്‍റെ കന്നി ഐപിഎൽ സീസൺ നഷ്ടമാക്കുന്നത്. അധ്വാനഭാരം തന്നെയാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ശ്രീലങ്കൻ പേസ് ബൗളർ ദുശ്മന്ത ചമീരയെ പകരം ഉൾപ്പെടുത്തി.

ചെന്നൈ സൂപ്പർ കിങ്സ്

  • ഡെവൺ കോൺവെ - ന്യൂസിലൻഡിന്‍റെ ഓപ്പണർ തള്ളവിരലിനേറ്റ പരുക്ക് കാരണമാണ് വിട്ടുനിൽക്കുന്നത്. ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് എട്ടാഴ്ചത്തെ വിശ്രമമാണ് ഡോക്റ്റർമാർ നിർദേശിച്ചിരിക്കുന്നത്. പകരക്കാരനെ നിശ്ചയിച്ചിട്ടില്ല.

Trending

No stories found.

More Videos

No stories found.