കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കുതിപ്പ് തുടർന്ന് തിരുവനന്തപുരം. മൂന്നാം ദിനം മത്സരങ്ങൾ അവസാനിക്കുമ്പോൾ 1,561 പോയിന്‍റുമായി തിരുവനന്തപുരം ബഹുദൂരം മുന്നിൽ. 596 പോയിന്‍റുകളുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 551 പോയിന്‍റുമായി കണ്ണൂർ മൂന്നാമതുമാണ്.
നീന്തൽ മത്സരങ്ങളിലും 551 പോയിന്‍റുമായി തിരുവനന്തപുരമാണ് മുന്നിലാണ്. അത്‌ലറ്റിക്‌സിൽ ഇന്ന് 3 റെക്കോഡുകൾ പിറന്നു. നീന്തൽ മത്സരങ്ങളിൽ മൂന്നാം ദിനത്തിൽ മാത്രം 8 മീറ്റ് റെക്കോഡുകളാണ് പിറന്നത്. മലപ്പുറം കടകശേരി ഐഡിയൽ ഇന്‍റർനാഷണൽ സ്കൂളിലെ മുഹമ്മദ് സുൽത്താൻ നേടിയ സ്വർണത്തോടെയായിരുന്നു മൂന്നാം ദിനം പ്രധാന വേദിയായ മഹാരാജാസ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ തുടങ്ങിയത്.
സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിലാണ് മുഹമ്മദ് സ്വർണം നേടിയത്. അത്‌ലറ്റിക്‌സിൽ നാല് സംസ്‌ഥാന റെക്കോഡുകൾക്കും മഹാരാജാസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. സീനിയർ ബോയ്സ് 400 മീറ്ററിൽ ജി.വി. രാജ സ്പോർട്സ് സ്‌കൂളിലെ മുഹമ്മദ് അഷ്‌ഫാക്, സീനിയർ ബോയ്സ് പോൾ വാൾട്ടിൽ കോതമംഗലം മാർ ബേസിലിലെ ശിവദേവ് രാജീവ്, സീനിയർ ബോയ്സ് 3,000 മീറ്ററിൽ ചീക്കോട് കെകെഎം എച്ച്എസ്എസിലെ മുഹമ്മദ് ജസീൽ, ഇതേ സ്‌കൂളിലെ മുഹമ്മദ് അമീൻ എന്നിവരാണ് റെക്കോഡ് കുറിച്ചത്. അത്‌ലറ്റിക്‌സിൽ വെള്ളിയാഴ്ച 16 ഫൈനലുകൾ നടക്കും. വടംവലി, സൈക്കിളിങ്, ബാസ്‌ക്കറ്റ് ബോൾ, ക്രിക്കറ്റ്, നെറ്റ്ബോൾ മത്സരങ്ങളും നാളെ നടക്കും.