സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു; മത്സരങ്ങൾ ചൊവ്വാഴ്ച മുതൽ

കായികമേള തൃശൂരിൽ തിരിച്ചെത്തുന്നത് 15 വർഷത്തെ ഇടവേളയ്ക്കു ശേഷം
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയനു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയനു ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
Updated on

കുന്നംകുളം: കേരളത്തിന്‍റെ നാളത്തെ സുവർണ താരങ്ങൾ ട്രാക്കിലേക്ക്. കൗമാര കായിക പ്രതിഭകളുടെ മിന്നും പ്രകടനങ്ങള്‍ക്ക് ചൊവ്വാഴ്ച മുതൽ കുന്നംകുളം സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിക്കും. ചരിത്രം തിരുത്തുന്ന പുതിയ റെക്കോഡുകൾക്കായി കായികപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്നു.

ഇന്നു രാവിലെ ഏഴു മണിക്ക് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഫൈനല്‍ മത്സരത്തോടെ ട്രാക്ക് ഉണരും. ഇനി നാലു നാള്‍ ട്രാക്കില്‍ തീപാറും കാഴ്ചകള്‍. ആദ്യ ദിനം 21 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങളാണ് നടക്കുക.

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ ജില്ലയിലെത്തുന്ന കൗമാര കായിക മാമങ്കത്തിനു മുന്നോടിയായ ദീപശിഖാ പ്രയാണം തേക്കിന്‍കാട് മൈതാനിയിലെ തെക്കേ ഗോപുരനടയില്‍ മന്ത്രി ഡോ. ആര്‍. ബിന്ദു മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.

മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എ.സി. മൊയ്തീന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് എന്നിവര്‍ മുഖ്യാതിഥികളായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്‍റും സെറിമണി കമ്മിറ്റി ചെയര്‍മാനുമായ മീന സാജന്‍, സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കര്‍, ജില്ലാ സ്‌പോട്‌സ് കോഓര്‍ഡിനേറ്റര്‍ എ.എസ്. മിഥുന്‍, കായിക വകുപ്പ് ഉദ്യോഗസ്ഥര്‍, കായിക വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ വിദ്യാലയങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ദീപശിഖാ പ്രയാണത്തിന് ബഥനി ഇംഗ്ലിഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭാ ചെയര്‍പെഴ്‌സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആന്‍സി വില്യംസ്, നഗരസഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നഗര പ്രദക്ഷിണം നടത്തി കായിക മത്സര വേദിയായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ എ.സി. മൊയ്തീന്‍ എംഎല്‍എ ദീപശിഖ ഏറ്റുവാങ്ങി.

ഇന്നു രാവിലെ ഒമ്പത് മണിക്ക് പൊതു വിദ്യാഭാസ ഡയറക്റ്റര്‍ 65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്‍റെ പതാക ഉയര്‍ത്തും. വൈകിട്ട് 3.30ന് മന്ത്രി വി. ശിവന്‍കുട്ടി കായിക മേള ‍ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തോടനുബന്ധിച്ച് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും ഉണ്ടായിരിക്കും.

എ.സി. മൊയ്തീന്‍ എംഎല്‍എയില്‍ നിന്ന് സംസ്ഥാന കായിക താരങ്ങള്‍ ദീപ ശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് ഒളിംപ്യന്‍ ലിജോ ഡേവിഡ് തൊട്ടാനും ഏറ്റുവാങ്ങും. പൊതു വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്റ്റര്‍ പി.ആര്‍. ശ്രീജേഷ് ഗ്രൗണ്ടില്‍ ദീപശിഖ തെളിയിക്കും.

Trending

No stories found.

Latest News

No stories found.