സഞ്ജു സിക്സടിച്ചാൽ എയറിൽ കയറുന്ന 'സണ്ണിക്കുട്ടൻ'

സഞ്ജു സാംസൺ ഗ്യാലറിയിലേക്കു പറത്തുന്ന ഓരോ പന്തിനുമൊപ്പം എയറിൽ കയറുന്ന ഒരാളുണ്ട് ഇന്ത്യയിൽ. കേരനിര ഫാൻസ് എന്നു പരിഹസിക്കപ്പെടുന്ന സഞ്ജു ഫാൻസ് ഏറ്റവും കലിപ്പോടെ കാണുന്ന ക്രിക്കറ്റ് കമന്‍റേറ്റർ
Sanju Samson, Sunil Gavaskar സഞ്ജു സാംസൺ, സുനിൽ ഗവാസ്കർ
സഞ്ജു സാംസൺ, സുനിൽ ഗവാസ്കർ
Updated on

സഞ്ജു സാംസൺ ഗ്യാലറിയിലേക്കു പറത്തുന്ന ഓരോ പന്തിനുമൊപ്പം എയറിൽ കയറുന്ന ഒരാളുണ്ട് ഇന്ത്യയിൽ- പേര് സുനിൽ ഗവാസ്കർ. സഞ്ജുവിന്‍റെ മലയാളി ഫാൻസ് ഏറ്റവും കലിപ്പോടെ കാണുന്ന ക്രിക്കറ്റ് കമന്‍റേറ്റർ. അദ്ദേഹത്തിന്‍റെ സണ്ണി എന്ന ചെല്ലപ്പേര് പരിഷ്കരിച്ച് സണ്ണിക്കുട്ടൻ, സുനിക്കുട്ടൻ തുടങ്ങിയ പേരുകളും മലയാളികൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനു നൽകിക്കഴിഞ്ഞു.

ബംഗ്ലാദേശിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓപ്പൺ ചെയ്യാനിറങ്ങിയ സഞ്ജു ഒരു പന്ത് ഡിഫൻഡ് ചെയ്ത് രണ്ട് സ്റ്റെപ്പ് സ്വാഭാവികമായി മുന്നോട്ടു വച്ചതിനെ പോലും സുനിൽ ഗവാസ്കർ പതിവ് പോലെ രൂക്ഷമായി വിമർശിച്ചിരുന്നു. അങ്ങനെ സ്റ്റെപ്പ് വച്ചാൽ നോൺ സ്ട്രൈക്കിങ് എൻഡിലുള്ള ബാറ്റർ, ഇല്ലാത്ത റണ്ണിന് ഓടി റണ്ണൗട്ടാകുമെന്നായിരുന്നു സണ്ണി തിയറി. ആദ്യ മത്സരത്തിൽ അഭിഷേക് ശർമ റണ്ണൗട്ടാക്കാൻ കാരണം സഞ്ജു ആയിരുന്നു എന്നു കൂടി പറഞ്ഞ് ഗവാസ്കർ നാവെടുക്കും മുൻപേ സഞ്ജു വിക്കറ്റിനു മുന്നിൽ നിന്നു മാറി സിൽക്കൻ കവർ ഡ്രൈവിലൂടെ ആദ്യ ബൗണ്ടറി നേടി. മറ്റു കമന്‍റേറ്റർമാർ ആർത്തുവിളിക്കുന്നു. സണ്ണി മിണ്ടുന്നില്ല. പക്ഷേ, സഞ്ജു നിർത്തുന്നുമില്ല!

തൊട്ടടുത്ത പന്തിൽ സമാനമായി വിക്കറ്റ് എക്സ്പോസ് ചെയ്ത് ഒരു ബാക്ക് ഫുട്ട് പഞ്ച്, വീണ്ടും ബൗണ്ടറി. ''വല്യ കുഴപ്പമില്ല'' എന്നെങ്കിലും പറയാൻ ഗവാസ്കർ നിർബന്ധിതനാകുകയാണ്. തൊട്ടടുത്ത രണ്ട് പന്തുകൾ ലെഗ് സൈഡിലൂടെയും സഞ്ജു ബൗണ്ടറി കടത്തിയതോടെ മറ്റു കമന്‍റേറ്റർമാർ ചൊരിഞ്ഞ പ്രശംസയിൽ ഗവാസ്കർക്ക് വായടച്ച് രക്ഷപെടാൻ സാധിച്ചു.

പക്ഷേ, തുടർന്നങ്ങോട്ട് ഗവാസ്കറെ പോലെ കടുത്ത പ്രാദേശിക പക്ഷപാതം ആരോപിക്കപ്പെടുന്ന ക്രിക്കറ്റ് പണ്ഡിതരുടെ വായടപ്പിക്കുന്ന ഇന്നിങ്സാണ് സഞ്ജു പുറത്തെടുത്തത്. ഒരു ചാൻസ് പോലും നൽകാത്ത ക്ലാസിക് ടി20 ഇന്നിങ്സ്. ആദ്യ 50 തികയ്ക്കാൻ വേണ്ടിവന്നത് 22 പന്താണെങ്കിൽ അടുത്ത 50 കൂടി കൂട്ടിച്ചേർക്കാൻ പിന്നെ 18 പന്തേ നേരിട്ടുള്ളൂ.

ഇന്ത്യയിലെയും വിദേശത്തെയും നിരവധി പ്രഗൽഭ താരങ്ങളും മുൻ താരങ്ങളും സഞ്ജുവിന്‍റെ കഴിവിനെ പുകഴ്ത്തുമ്പോഴും, കുറ്റം കണ്ടെത്താൻ കിട്ടുന്ന ഓരോ അവസരവും വിടാതെ മുതലാക്കാറുള്ള ആളാണ് ഗവാസ്കർ. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയുടെ പരമ്പരാഗത എതിരാളികളായതിനാൽ ഡൽഹിയോടു സണ്ണിക്ക് വലിയ താത്പര്യമില്ല. അതുകൊണ്ടു തന്നെ ഋഷഭ് പന്തിനെയും അത്ര പിടിത്തമല്ല. പക്ഷേ, സഞ്ജുവും ഋഷഭും തമ്മിൽ താരതമ്യം വന്നാൽ പിന്നെ ഒന്നും നോക്കില്ല, ഋഷഭ് പക്ഷത്തു തന്നെ ഉറച്ചു നിന്നുകളയും സുനിൽ ഗവാസ്കർ.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ഓപ്പണർ സുനിൽ ഗവാസ്കറാണോ വീരേന്ദർ സെവാഗാണോ എന്നൊക്കെ പുതു തലമുറ ചർച്ച ചെയ്യാറുണ്ടെങ്കിലും, പഴയ തലമുറയ്ക്ക് അത് ഗവാസ്കർ തന്നെയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അദ്ദേഹത്തിന്‍റെ സമകാലികനും ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളുമായ വിവിയൻ റിച്ചാർഡ്സ് പോലും തന്നെക്കാൾ കേമൻ ഗവാസ്കറാണെന്ന് തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ലോകത്തെ ഏറ്റവും മികച്ച ടീമിനൊപ്പമാണ് താൻ കളിച്ചിരുന്നതെന്നും, എന്നാൽ ഗവാസ്കർ ലോകത്തെ ഏറ്റവും മികച്ച ടീമുകൾക്കെതിരേ കളിച്ചാണ് മികവ് തെളിയിച്ചതെന്നും റിച്ചാർഡ്സ് അതിനു വിശദീകരണവും നൽകിയിട്ടുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന അഭിപ്രായങ്ങളും, വ്യക്തിപരമായ പരാമർശങ്ങളും, കിണഞ്ഞ് ശ്രമിച്ചാലും മറച്ചു വയ്ക്കാൻ സാധിക്കാത്ത മുംബൈ പ്രാദേശികവാദവുമെല്ലാം ഗവാസ്കർക്ക് ഹേറ്റേഴ്സിനെ ഇഷ്ടംപോലെ നേടിക്കൊടുക്കുന്നുമുണ്ട്. വിരാട് കോലിയുടെ ഭാര്യ അനുഷ്ക ശർമയെക്കുറിച്ച് നടത്തിയ അഹിതകരമായ പരാമർശവും അക്ഷർ പട്ടേലിനെ പോലുള്ളവരെ തരംതാഴ്ത്തിക്കാണിച്ചതുമെല്ലാം ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.

എന്നാൽ, സഞ്ജു പരാജയപ്പെടുമ്പോൾ കേരനിര ഫാൻസ് എന്നു പരിഹസിക്കപ്പെടുന്ന ആരാധകർക്ക് ഇപ്പോൾ തുറന്നു കിട്ടിയിരിക്കുന്നത് അവർ ഏറ്റവും വെറുക്കുന്ന സണ്ണിക്കുട്ടനെ എയറിൽ കയറ്റാനുള്ള സുവർണാവസരമാണ്. അതവർ ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷമായി തന്നെ ചെയ്യുന്നുമുണ്ട്.

Trending

No stories found.

Latest News

No stories found.