ടൂറിന്: ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ ഫുട്ബോള്‍ കിരീടം ഇന്റര്‍ മിലാന്. നാട്ടങ്കത്തില്‍ എ സി മിലാനെ കീഴടക്കിയാണ് ഇന്റര്‍ മിലാന് ചാമ്പ്യന്മാരായത്. സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ സൂപ്പര്‍ കോപ്പ ഇറ്റാലിയ ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ററിന്റെ ജയം. ഫെഡെറിക്കൊ ഡിമാര്ക്കൊ ( 10 -ാം മിനിറ്റ് ), എഡിന് സെക്കൊ ( 21 ാം മിനിറ്റ് ) , ലൗതാരൊ മാര്‍ട്ടിനെസ് ( 77 -ാം മിനിറ്റ് ) എന്നിവര്രായിരുന്നു ഇന്റര്‍ മിലാന്റെ ഗോള്‍ വേട്ടക്കാര്‍. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ഇന്റര്‍ മിലാന് തന്നെയായിരുന്നു. തുടക്കം മുതലുള്ള ആക്രമണത്തിന്റെ ഫലമായി 10-ാം മിനിറ്റില്‍ത്തന്നെ ഇന്റര്‍ ഗോള്‍ നേടി. അപ്രതീക്ഷിത ഞെട്ടലില്‍നിന്നു മുക്തി നേടുംമുമ്പേ ഇന്റര്‍ 21-ാം മിനിറ്റില്‍ സെക്കോയിലൂടെ വീണ്ടും വെടിപൊട്ടിച്ചു.
പിന്നെ ഏതാനും മുന്നേറ്റങ്ങള്‍ എസി മിലാന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും അവയൊക്കെ ഫലപ്രദമായി നേരിടാന്‍ ഇന്റര്‍ പ്രതിരോധത്തിനായി. ഒടുവില്‍ എസി മിലാന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് അര്‍ജന്റൈന്‍ യുവതാരം ലൗതാരോ മാര്‍ട്ടിനെസ് ഇന്ററിന്റെ കിരീടനേട്ടം കൂടുതല്‍ തിളക്കമറ്റതാക്കി.