കോഴിക്കോട്: ഐഎസ്എല്‍ ടീമുകള്‍ ഏറ്റുമുട്ടിയ ആവേശകരമായ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കലാശപ്പോരില്‍ ജയിച്ച് കിരീടം സ്വന്തമാക്കി ഒഡീഷ എഫ്സി. ഐഎസ്എല്‍ റണ്ണേഴ്സ് അപ്പായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ഒഡീഷ ചാംപ്യനായത്. നിലവിലെ ചാംപ്യന്മാരാണ് ബംഗളൂരു എഫ്സി. ഒഡീഷയ്ക്കായി രണ്ടു ഗോളും സ്വന്തമാക്കിയത് ഡിയാഗോ മൗറിഷ്വയാണ്. ബംഗളൂരു എഫ്സിയുടെ ആശ്വാസഗോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ വകയായിരുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പരിശീലകന്റെ കീഴില്‍ ഒരു ടീം സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. ക്ലിഫോര്‍ഡ് മിറാന്‍ഡയാണ് ഒഡീഷ കോച്ച്.
ഫൈനല്‍ പോരാട്ടം തുടങ്ങിയത് ചെറിയ മഴയോട് കൂടിയായിരുന്നു. കൊടും ചൂടില്‍ നിന്നും ആശ്വാസമായെത്തിയ മഴയില്‍ കുതിര്‍ന്ന മൈതാനത്ത് ആദ്യ ഇരുപത് മിനുറ്റില്‍ ഇരു ടീമുകളുടെ ഭാഗത്ത് നിന്നും തണുത്ത മുന്നേറ്റങ്ങള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ പതിയെ മത്സരം ചൂടിലായി. 17,18 മിനിറ്റുകളില്‍ തുടര്‍ച്ചയായ മൂന്ന് കോര്‍ണറുകള്‍ നേടിയെടുക്കാന്‍ ഒഡിഷക്കായെങ്കിലും ബോക്സില്‍ നിന്ന് പന്ത് ലക്ഷ്യത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞില്ല. 22-ാം മിനുറ്റില്‍ ഡിയാഗൊ മൗറിഷ്വയുടെ ഗോള്‍ കിക്ക് ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് തടഞ്ഞിട്ടു. 23-ാം മിനുറ്റില്‍ ഡിയാഗൊ മൗറിഷ്വയുടെ മറ്റൊരു മുന്നേറ്റത്തിന് ഫൗള്‍ ചെയ്തതിന് ബംഗളൂരുവിന്റെ സുരേഷ് സിംഗിന് റഫറി മഞ്ഞ കാര്‍ഡ് ലഭിച്ചു. ഫ്രീകിക്ക് എടുത്ത ഡിയാഗൊ മൗറിഷ്യുടെ കിക്ക് ബാംഗ്ളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് ന്റെ കൈയില്‍ നിന്ന് ഗോളായി മാറി. ഒരു ഗോളിന് മുന്നില്‍. 28 -ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ ഉദാന്ത സിംഗിന്റെ പാസില്‍ ബംഗളൂരു നായകന് സുനില്‍ ഛേത്രിയുടെ കിക്ക് ഗോള്‍ പോസ്റ്റിന് തൊട്ടുരുമ്മി പോയി. 38 -ാം മിനുറ്റില്‍ മൗറിഷ്വയുടെയും ഒഡിഷയുടെയും രണ്ടാം ഗോള്‍ പിറന്നു.
വിക്റ്റര്‍ റോഡ്രിഗസ് ബോക്സില്‍ ജെറിക്ക് ഹെഡ് ചെയ്യാന്‍ പാകത്തില്‍ നല്കിയ ക്രോസ് ജെറി മുന്നോട്ട് ഹെഡ് ചെയ്തു. മൗറിഷ്വ കൃത്യമായി കാല് കൊണ്ട് കണക്ട് ചെയ്ത് ഗോളാക്കി. 40 -ാം മിനുറ്റില്‍ ഇടത് വിങ്ങില്‍ നിന്നും നന്ദ കുമാറിന്റെ ഷോട്ട് ഗുര്‍പ്രീത് നല്ലൊരു ഡൈവിലൂടെ തടഞ്ഞിട്ടു. 44 -ാം മിനുറ്റില്‍ ഡിയാഗൊ മൗറിഷോ മുമ്പിലേക്ക് നീട്ടി വെച്ച പാസ്സ് ജെറി പോസ്റ്റിലേക്കടിച്ചെങ്കിലും ഗോള്‍ ബാറില്‍ തട്ടി തെറിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ബംഗളൂരു കിണഞ്ഞ് പരിശ്രമിച്ചു. മികച്ച മുന്നേറ്റങ്ങളുമായി അവര്‍ കളം നിറഞ്ഞു. ഇടയ്ക്ക് മികച്ച നീക്കങ്ങളുമായി ഒഡീഷയും മുന്നേറി. ഒടുവില്‍ 82-ാം മിനിറ്റില്‍ ബംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി.
ശിവശക്തിയെ അനില്‍ ജാദവ് ബോക്സില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഛേത്രി പന്ത് അനായാസം വലയിലാക്കി. പിന്നീട് സമനിലയ്ക്കായി ബംഗളൂരു ആഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. സെമി ഫൈനല്‍ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ നിന്ന് ഒരു മാറ്റവുമായാണ് ബാംഗ്ലൂരു ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങിയത്.
ജാവിയര്‍ ഹെര്‍ണാണ്ടസിനെ പുറത്തിരുത്തി ജയേഷ് രാനേയെ ആദ്യ ഇലവനില്‍ ഇറക്കി. ഒഡിഷ സെമി ഫൈനല്‍ സ്റ്റാര്ര്ട്ടിങ് ലൈന്‍ അപ്പില്‍ നിന്ന് മാറ്റമൊന്നും വരുത്തിയില്ല.