മെല്‍ബണ്‍: 2023 ഫിഫ വനിതാ ലോകകപ്പില്‍ ഫുട്ബോള്‍ ലോകത്തെ അതികായരായ ഇറ്റലിയെ തകര്‍ത്തെറിഞ്ഞ സ്വീഡന് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ജിയില്‍ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കായിരുന്നു ഇറ്റലിയെ സ്വീഡന് തരിപ്പണമാക്കിയത്. മറ്റൊരു മത്സരത്തില്‍ കരുത്തര്‍ മുഖാമുഖം വന്നപ്പോള്‍ ബ്രസീലിനെതിരേ ജയം ഫ്രാന്‍സിനൊപ്പം നിന്നു. ജമൈക്ക ഏകപക്ഷീയമായ ഒരു ഗോളിന് പാനമയെയും പരാജയപ്പെടുത്തിയതോടെ ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടം ആവേശകരമാകുമെന്നുറപ്പായി. ഇരട്ട ഗോളുകള്‍ നേടിയ അമാന്‍ഡ ഇല്ലസ്റ്റഡിന്റെ പ്രകടനമാണ് സ്വീഡന് നിര്‍ണായകമായത്.
വെല്ലിങ്ടണ്‍ റീജിയണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫ്രിഡോലിന റോള്‍ഫോ, സ്റ്റിന ബ്ലാക്ക്സ്റ്റെനിയസ്, റെബേക്ക ബ്ലോംക്വിസ്റ്റ് എന്നിവരും ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടാം വിജയത്തോടെയാണ് സ്വീഡന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ മത്സരത്തില്‍ ടീം ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ദക്ഷിണാഫ്രിക്കയെ കീഴടക്കിയിരുന്നു. കൂറ്റന്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യനാകാനും സ്വീഡനായി. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള അവരുടെ ഗോള്‍ ശരാശരി ആറാണ്. ഒരു ജയവും ഒരു തോല്‍വിയുമായി മൂന്നുപോയിന്റോടെ രണ്ടാമതാണ് ഇറ്റലി. ഓരോ പോയിന്റു വീതമുള്ള ദക്ഷിണാഫ്രിക്കയും അര്‍ജന്റീനയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സ്വീഡന് അര്‍ജന്റീനയെയും ഇറ്റലി ദക്ഷിണാഫ്രിക്കയെയും നേരിടും. കനത്ത തോല്‍വി ഗോള്‍ശരാശരി മൈനസ് നാലിലേക്ക് വീഴ്ത്തിയത് ഇറ്റലിക്ക് കനത്ത തിരിച്ചടിയായി. ഇതോടെ നോക്കൗട്ട് ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ജയം വേണമെന്ന നിലയിലായി അവര്‍.ഫ്രാന്‍സ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിനെ കീഴടക്കിയത്.
17-ാം മിനിറ്റില്‍ യൂജീന്‍ ലെ സോമറിലൂടെ ഫ്രാന്‍സ് ലീഡെടുത്തു. കരുത്തരായ ബ്രസീല്‍ നിരന്തര ആക്രമണങ്ങളിലൂടെ കളം നിറഞ്ഞുവെങ്കിലും ഗോള്‍ നേടാനായില്ല. ഒടുവില്‍ രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ ഡെബോറ ക്രിസ്റ്റ്യന്‍ ഡി ഒലിവിയേരയിലൂടെ ബ്രസീല്‍ സമനില നേടി. സമനിലയില്‍ കടിച്ചുതൂങ്ങാനുള്ള ബ്രസീലിന്റെ ശ്രമം പാഴായി. മികച്ച മുന്നേറ്റങ്ങള്‍ നിരന്തരം നടത്തിയ ഫ്രാന്‍സ് 83-ാം മിനിറ്റില്‍ വെന്‍ഡ് റെണാര്‍ഡിലൂടെ ലീഡ് നേടി. പിന്നീട് തിരിച്ചടിക്കാന്‍ ബ്രസീല്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. ഈ വിജയത്തോട ഫ്രാന്‍സ് ഗ്രൂപ്പ് എഫില്‍ ഒന്നാമതെത്തി.
രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റാണ് ടീമിനുള്ളത്. മറുവശത്ത് ബ്രസീല്‍ മൂന്ന് പോയിന്റുമായി രണ്ടാമതാണ്. ബ്രസീലിന് ഇനി നേരിടാനുള്ളത് ജമൈക്കയാണ്. ഓഗസ്റ്റ് രണ്ടിന് നടക്കുന്ന ആ മത്സരത്തില്‍ ബ്രസീലിന് ജയിച്ചേ മതിയാകൂ. നാലു പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലുള്ള ഫ്രാന്‍സിന്റെ എതിരാളികള്‍ പാനമയാണ്. മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജമൈക്ക പാനമയെ പരാജയപ്പെടുതത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റില്‍ ആലിസണ് സ്വാബിയാണ് ജമൈക്കയുടെ വിജയഗോള്‍ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ ജമൈക്കയുടെ ആദ്യജയമാണിത്.