ടി20 ലോകകപ്പ് മത്സരങ്ങൾ യുഎസ്എയിൽ ആതിഥേയത്വം വഹിച്ചതിൽ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി രൂപയുടെ (ഏകദേശം 20 ദശലക്ഷം യുഎസ് ഡോളർ) നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ട്. വെള്ളിയാഴ്ച കൊളംബോയില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കും.
ബാറ്റര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്ന മോശം പിച്ചുകളായിരുന്നു യുഎസിലേതെന്ന് ഏറെ വിമർശനം നേരിട്ടിരുന്നു. മോശം പിച്ചുകൾ കാരണം ബോളുകൾ കണക്‌ട് ആവാത്തതുമൂലം മിക്ക ടീമുകളും നൂറ് തികയ്ക്കാൻ പ്രയാസപ്പെടുന്നതാണ് കാണാനിടയായത്. ക്രിക്കറ്റ് ലോകം ഏറെ കാത്തിരുന്ന ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. ഒടുവിൽ ഐസിസിക്കും സമ്മതിക്കേണ്ടി വന്നു തങ്ങൾക്കും തെറ്റുപറ്റിയെന്ന്.
വിമർശനം നേരിട്ടതിനു പിന്നാലെ ടൂര്‍ണമെന്റ് നടത്തിപ്പിന്റെ ചുമതലയുണ്ടയിരുന്ന ക്രിസ് ഡെട്‌ലി, മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ് എന്നിവർ രാജി വച്ചിരുന്നു. ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തുക ഇവര്‍ ചെലവഴിച്ചത് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു.
അതേസമയം ഗ്രെഗ് ബാർക്ലേയെ മാറ്റി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാനായി നിയമിക്കുന്നതാണ് എജിഎമ്മിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗൗതം ഗംഭീർ പ്രധാന പരിശീലകനായി എത്തിയതിനു പിന്നാലെ ശ്രീലങ്കയുമായി ഇന്ത്യ ഏകദിന മത്സരത്തിനൊരുങ്ങുകയാണ്. ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.