ബംഗളൂരു: ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍. തിങ്കളാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമാണ് മാക്സ്വെല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗളൂരു പരാജയപ്പെട്ട മത്സരത്തില്‍ ഓസീസ് താരം ഇടം പിടിച്ചിരുന്നില്ല.
ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മാക്സവെല്ലിന് നേരെ നിരവധി വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് വിശദീകരണം. തനിക് പകരം പുതിയ ഒരാള്‍ക്ക് അവസരം ലഭിക്കാന്‍ ആഗ്രഹിക്കുന്തായും താരം പറഞ്ഞു. ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസിനോട് എനിക്ക് പകരം മറ്റൊരാളെ പരീക്ഷിക്കണമെന്ന് പറഞ്ഞു. മാനസികമായും ശാരീരികമായും നല്ല ആരോഗ്യത്തിലല്ല. അതുകൊണ്ടാണ് ഇടവേളയെടുക്കുന്നത് -മാക്സ്വെല്‍ അറിയിച്ചു. എത്ര മത്സരങ്ങളില്‍ പുറത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
വ്യക്തിപരമായി ഇത് വളരെ എളുപ്പത്തിലുള്ള ഒരു തീരുമാനമാണ്. അവസാനമത്സരത്തിന് ശേഷം ഫാഫ് ഡുപ്ലെസിസിന്‍റേയും പരിശീലകരുടേയും അടുത്ത് പോയി മറ്റൊരാളെ പരീക്ഷിക്കാനുള്ള സമയമായെന്ന് പറഞ്ഞു. എന്‍റെ ശരീരത്തിന് മാനസികമായും ശാരീരികമായും ഇടവേള നല്‍കാനുള്ള നല്ല സമയമാണിതെന്ന് ഞാന്‍ കരുതുന്നു. ടൂര്‍ണമെന്‍റിനിടയില്‍ എന്നെ ആവശ്യമായി വന്നാല്‍ മാനസികവും ശാരീരികവുമായ നല്ല ആരോഗ്യത്തോടെ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. - മാക്സ്വെല്‍ പറഞ്ഞു.ഞങ്ങള്‍ക്ക് പവര്‍പ്ലേയ്ക്ക് ശേഷമാണ് ദൗര്‍ബല്യമുള്ളത്.
കഴിഞ്ഞ കുറേ സീസണിലായി അതെന്‍റെ കരുത്തുറ്റ മേഖലയായിരുന്നു. ബാറ്റ് കൊണ്ട് ഇപ്പോള്‍ വേണ്ടത്ര സംഭാവന നല്‍കുന്നില്ല. മത്സരഫലവും പോയന്‍റ് ടേബിളും പരിശോധിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കാനുള്ള ശരിയായ സമയമാണെന്ന് കരുതുന്നു.-മാക്സ്വെല്‍ കൂട്ടിച്ചേര്‍ത്തു.ഇതിന് മുമ്പും താരം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഐപിഎല്ലില്‍ താരത്തിന്‍റെ മോശം പ്രകടനത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്‌കറടക്കം നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിലും ദയനീയ പ്രകടനമായിരുന്നു മാക്‌സ് വെല്ലിന്‍റേത്.