മുംബൈ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ടീം ഇന്ത്യക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. ടീം സെലക്ഷന് മുതല്‍ ടോസ് കിട്ടിയിട്ടും ആദ്യം ബൗളിങ് തെരഞ്ഞെടുത്തതുവരെയുള്ള കാര്യങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. അതുപോലെ താരങ്ങളുടെ സമീപനത്തെക്കുറിച്ചും വലിയ വിമര്‍ശനങ്ങളാണുയരുന്നത്.
കോലിക്കെതിരേ ഗാവസ്കര്‍
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്കര്‍ രംഗത്തെത്തി. കോലിയുടെ ഷോട്ട് സെലക്ഷന് മോശമായിരുന്നുവെന്നാണ് ഗവാസ്കറുടെ വിമര്‍ശനം. ''ഒരു സാധാരണ ഷോട്ട് മാത്രമായിരുന്നത്. ഓഫ്സ്റ്റംപിന് പുറത്തുള്ള പന്തുകളെല്ലാം കോലി ഒഴിവാക്കിയാണ് അതുവരെ കളിച്ചിരുന്നത്. അര്‍ധ സെഞ്ചുറി നേടാന്‍ ഒരു റണ്‍സ് മാത്രം മതിയെന്ന തോന്നലുണ്ടാക്കിയത് കാരണമാവാം കോലി ആ ഷോട്ട് കളിക്കാന്‍ ശ്രമിച്ചത്.
നാഴികക്കല്ലുകളോട് അടുക്കുമ്പോള്‍ ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ആദ്യ ഇന്നിംഗ്സില്‍ രവീന്ദ്ര ജഡേജയ്ക്കും ഇതുതന്നെയാണ് സംഭവിച്ചത്. 48 റണ്‍സില്‍ നില്‍ക്കെ ഇതുവരെ കളിക്കാത്ത ഷോട്ടിന് ശ്രമിച്ച് ജഡേജ പുറത്തായി. അതേ ഇന്നിംഗ്സില്‍ 46 റണ്‍സെടുത്ത് നില്‍ക്കെ അജിന്‍ക്യ രഹാനെ പുറത്തായതും മോശം ഷോട്ടിലാണ്. എന്തുകൊണ്ടാണ് ഇത്തരം ഷോട്ടുകള്‍ കളിക്കുന്നത്. അതിനര്‍ത്ഥം താരങ്ങള്‍ നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുന്നു എന്നുള്ളത് കൊണ്ടാണ്.
കോലി പുറത്തായത് മോശം ഷോട്ടിലാണെന്നുള്ളതില് സംശയമൊന്നുമില്ല. എന്തിനാണ് ആ ഷോട്ട് കളിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ലോങ് ഇന്നിങ്സ് ആവശ്യമായ മത്സരങ്ങളില്‍ എങ്ങനെ കളിക്കണമെന്ന് അദ്ദേഹം ക്ലാസെടുക്കാറുണ്ട്. ഓഫ്സ്റ്റംപിന് ഏറെ ദൂരം പുറത്തുപോയ ഒരു പന്തില്‍ ബാറ്റ്വച്ച് പുറത്തായാല്‍ എങ്ങനെയാണ് മത്സരം ജയിക്കുക.'' ഗവാസ്കര്‍ ചോദിച്ചു.
ഗംഭീറിനുമുണ്ട് എതിരഭിപ്രായം
ഇന്ത്യ എന്ന രാജ്യം ടീമിനെ ആശ്രയിച്ചുള്ളതല്ലെന്നും മറിച്ച് വ്യക്തികളെ ആശ്രയിച്ചുള്ളതാണെന്നും ഗൗതം ഗംഭീര്‍.
പലരും പറയാന്‍ മടിക്കുന്ന കാര്യമാണിതെന്നും ഈ യാഥാര്‍ഥ്യം ലോകത്തിന് മുന്നില്‍ വരണമെന്നുമുള്ള ആമുഖത്തോടെയായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ഇന്ത്യന്‍ ടീമിനേക്കാള്‍ വലിയ പ്രാധാന്യത്തോടെ ചില വ്യക്തികളെ കണക്കാക്കുന്നുണ്ടെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'പല ആളുകളും ഇത് പറയില്ല, എനിക്ക് ഇത് പറയണം കാരണം ഇതാണ് യാഥാര്‍ഥ്യമെന്നാണ് തോന്നുന്നത്.
ഇത് ലോകത്തിന് മുമ്പില്‍ വരണം. ഇന്ത്യ എന്നത് ടീമിനെ ആശ്രയിച്ചുള്ള രാജ്യമല്ല, വ്യക്തികളെ ആശ്രയിച്ചുള്ളതാണ്. ടീമുകളേക്കാള്‍ മുന്‍ഗണന ചില വ്യക്തികള്‍ക്ക് നല്കുന്നു.'- ഗംഭീര്‍ പറഞ്ഞു.'ഇംഗ്ലണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം ടീമാണ്.
അവിടെ വ്യക്തികള്‍ ടീമിന്റെ ഭാഗം മാത്രമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബ്രോഡ്കാസ്റ്റര്‍ മുതല്‍ മാധ്യമങ്ങള്‍ വരെ വെറും പിആര്‍ ഏജന്‍സികള്‍ മാത്രമാണ്. ദിവസം മുഴുവന്‍ അവര്‍ മൂന്നുപേരെ മാത്രം കാണിച്ചുകൊണ്ടിരിക്കും'- ഗംഭീര്‍ പ്രതികരിച്ചു.
അശ്വിനെ ഒഴിവാക്കിയതിനെതിരേ സച്ചിൻ
ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറായ ആര്. അശ്വിനെ എന്തുകൊണ്ട് ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്നു തനിക്കു മനസിലാകുന്നില്ലെന്നാണ് ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്.
മികച്ച സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നു ടേണ്‍ ലഭിക്കണമെന്നു നിര്‍ബന്ധമില്ല. വായുവിലെ ഡ്രിഫ്റ്റും പിച്ചിലെ ബൗണ്‍സുമെല്ലാം അവര്‍ സമര്‍ഥമായി ഉപയോഗിക്കും. ഓസ്ട്രേലിയയുടെ ആദ്യ എട്ടു ബാറ്റ്സ്മാന്മാരില് അഞ്ചു പേരും ഇടങ്കയ്യന്മാരായിരുന്നു എന്നത് മറക്കാന്‍ പാടില്ലായിരുന്നു എന്നും സച്ചിന് ചൂണ്ടിക്കാട്ടി.നാലു പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്താന്‍ വേണ്ടി ആര്. അശ്വിനെ പുറത്തിരുത്തുകയാണ് ഇന്ത്യന്‍ ടീം മാനെജ്മെന്റ് ചെയ്തത്.
രവീന്ദ്ര ജഡേജയെ മാത്രമാണ് സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം, ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നേഥന്‍ ലിയോണ്‍ രണ്ടാമിന്നിങ്സില്‍ നാലു വിക്കറ്റുമായി നിര്‍ണായക പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.
ലോക ക്രിക്കറ്റിലെ പുതിയ ദക്ഷിണാഫ്രിക്ക എന്നാണ് ചില ആരാധകര്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ വിശേഷിപ്പിക്കുന്നത്. ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ സ്ഥിരമായി തോല്ക്കുന്നതാണു കാരണം. 2013നു ശേഷം ഇത് എട്ടാം തവണയാണ് ഇന്ത്യ ഒരു ഐസിസി നോക്കൗട്ട് മത്സരത്തില്‍ പരാജയപ്പെടുന്നത്.