കലാശപ്പോരാട്ടത്തിന് ഒരുങ്ങി ടീം ഇന്ത്യ
ഓവൽ: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീം ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനായി ടീം ഇന്ത്യ ഓവലിൽ എത്തിക്കഴിഞ്ഞു. 7 മുതൽ 11 വരെ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. കഴിഞ്ഞ തവണ ഫൈനലിൽ കെയിൻ വില്ല്യംസണിന്റെ ന്യൂസിലാൻഡിനെതിരേ നഷ്ടപ്പെടുത്തിയ കിരീടം വീണ്ടെടുക്കുകയാണ് രോഹിതിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 2013 മുതൽ ഐസിസി ട്രോഫി വരൾച്ച അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം ഇന്ത്യ ജയത്തിൽ കുറഞ്ഞൊന്നും ഓവലിൽ ആഗ്രഹിക്കുന്നില്ല.
വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ തുടങ്ങി നിരവധി സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ രോഹിത് ശർമ്മ നയിക്കും. എന്നാൽ ഐപിഎല്ലിന് ശേഷം പരുക്ക് പിടിപെട്ട ചില താരങ്ങളുടെ സേവനവും ഇന്ത്യക്ക് നഷ്ടമാകും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ ടോസിനായി ആരാധകർ കാത്തിരിക്കുമ്പോൾ, ഇന്ത്യയുടെ പുതുക്കിയ ടീമിനെ പരിചയപ്പെടാം.
നായകൻ രോഹിത് ശർമ്മ തന്നെ ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. കെ.എൽ രാഹുൽ ടീമിലെ മൂന്നാമത്തെ ഓപ്പണറാകുമായിരുന്നു, എന്നാൽ ഐപിഎല്ലിനിടെ ഹാംസ്ട്രിംഗിന് പരുക്കേറ്റതിനാൽ താരം ടീമിൽ നിന്ന് പുറത്തായി. വലംകൈയ്യൻ ബാറ്റ്സ്മാൻ അടുത്തിടെ യുകെയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാൽ കുറച്ച് മാസത്തേക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഫൈനലിനായി ബാക്കപ്പ് പ്ലെയറായി ഋതുരാജ് ഗെയ്ക്വാദ് യുകെയിലേക്ക് പറക്കാനിരിക്കുകയായിരുന്നു. വിവാഹത്തോടനുബന്ധിച്ച് താരത്തിന് പിന്മാറേണ്ടി വന്നു. പകരം രാജസ്ഥാൻ റോയൽസിന്റെ ഇടംങ്കൈയൻ ഓപ്പണർ യശസ്വി ജയ്സ്വാളിനാണ് നറുക്ക് വീണത്. ഐപിഎൽ സീസണിലെ പ്രകടനവും കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ പുലർത്തുന്ന സ്ഥിരതയുമാണ് ജയ്സ്വാളിന് അവസരമൊരുക്കിയത്. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയില്ല.
അജിങ്ക്യ രഹാനെയെന്ന മധ്യനിര താരത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനും കലാശപ്പോരാട്ടം വേദിയാകും. മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രഞ്ജി ട്രോഫിയിലും ഐപിഎല്ലിലേയും പ്രകടനത്തിന് പിൻബലത്തിലാണ് ടീമിൽ ഇടംപിടിച്ചത്. 2022 ജനുവരി മുതൽ അദ്ദേഹം ടീം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.
ചേതേശ്വർ പൂജാരയും വിരാട് കോഹ്ലിയുമാണ് ടീമിലെ മറ്റ് മധ്യനിര ബാറ്റ്സ്മാൻമാർ. കഴിഞ്ഞ രണ്ട് മാസമായി ഇംഗ്ലണ്ടിൽ തുടരുന്ന പൂജാര സസെക്സിനായി കൗണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. മറ്റേതൊരു കളിക്കാരനെക്കാളും ഫൈനലിന് മികച്ച തയ്യാറെടുപ്പിലാണ് താരം. രണ്ട് സെഞ്ചുറികൾ ഇതിനോടകം പൂജാര സസെക്സിനായി സ്വന്തമാക്കി. ടീമിലെ ബാക്കപ്പ് മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാളാണ് സൂര്യകുമാർ യാദവ് എന്നാൽ സീനിയർ താരങ്ങളെ മറികടന്ന് സൂര്യ അന്തിമ ഇലവനിൽ സ്ഥാനം പിടിക്കാൻ സാധ്യതയില്ല.
ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർ മൂന്ന് സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരാണ് ടീമിലുള്ളത്. രണ്ട് ഓൾറൗണ്ടർമാരുമായി കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചാൽ ജഡേജയും അശ്വിനും സെലക്ഷൻ ഉറപ്പിക്കും. ഒരു സ്പിൻ ബൗളിങ് ഓൾറൗണ്ടറെ മാത്രം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയാൽ ജഡേജ അശ്വിനെ പിന്തള്ളും. ടീമിലെ ഏക പേസ് ബൗളിങ് ഓൾറൗണ്ടർ ശാർദുൽ താക്കൂറിന്റേയും സ്ഥാനം തള്ളിക്കളയാനാകില്ല.
ജസ്പ്രീത് ബുംമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ടീമിലെ നാല് പേസർമാർ. തോളിനേറ്റ പരിക്കിനെ തുടർന്ന് ഉനദ്കട്ട് ഫൈനലിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നിരുന്നു. എന്നാൽ അദ്ദേഹം ഫിറ്റായതിനാൽ ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ്. മുകേഷ് കുമാറാണ് ടീമിലെ ബാക്കപ്പ് പേസർ.