സ്പോർട്സ് ലേഖകൻ
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചപ്പോള്‍ ടീം ഇന്ത്യ തന്നെ ഒന്നു ഞെട്ടിക്കാണും. കാരണം 34 ദിവസം നീണ്ടു നില്ക്കുന്ന പ്രാഥമിക റൗണ്ടില്‍ ടീം ഇന്ത്യ യാത്ര ചെയ്യേണ്ടി വരിക 8400 കിലോമീറ്ററാണ്. അതും ഒമ്പത് മത്സരങ്ങള്‍ക്കായി !. ടീം സെമിയിലും ഫൈനലിലും എത്തിയാല്‍ 42 ദിവസംകൊണ്ട് 11 മത്സരങ്ങള്‍ക്കായി 9700 കിലോമീറ്ററും ഇന്ത്യ യാത്ര ചെയ്യണം. ചുരുക്കത്തില്‍ ഇത് ടീം ഇന്ത്യക്ക് വലിയ ശാരീരിക, മാനസിക സംഘര്ഷമുണ്ടാക്കുമെന്നുറപ്പ്. ഒരു മത്സരം രാത്രി 11ന് അവസാനിപ്പിച്ച് ആ നഗരത്തില്‍നിന്ന് രാത്രി പുറപ്പെട്ടാല്‍, മൂന്നാം ദിനം അടുത്ത മത്സരമാണ്. ഇത് ടീമിനെ ഏതു തരത്തില്‍ ബാധിക്കുമെന്നു കണ്ടറിയണം.
ധരംശാല, ഡല്‍ഹി, ലഖ്നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, പൂനെ, ചെന്നൈ, ബെംഗളൂരു തുടങ്ങി ലീഗ് ഘട്ടത്തിലെ ഇന്ത്യയുടെ ഒമ്പത് മത്സരങ്ങളും ഒമ്പത് വേദികളിലായാണ് നടക്കുന്നത്. മറ്റൊരു ടീമിനും ഈ അവസ്ഥയില്ല.
ഒക്ടോബര്‍ എട്ടിന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ 11-ാം തീയതി ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെ നേരിടും. ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ഇന്ത്യ സഞ്ചരിക്കേണ്ടി വരിക 1761 കിലോമീറ്റര്‍!.
ഒക്ടോബര്‍ 15-ാം തീയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ - പാക്കിസ്ഥാന് പോരാട്ടം. ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലെത്താന്‍ 775 കിലോമീറ്റര്‍ പിന്നിടണം. പിന്നാലെ ഒക്ടോബര്‍ 19ന് ബംഗ്ലാദേശിനെ നേരിടാന്‍ ടീം 516 കിലോമീറ്റര്‍ താണ്ടി പൂനെയിലേക്ക്. അവിടെനിന്ന് 22-ാം തീയതി 1936 കിലോമീറ്റര്‍ താണ്ടി വേണം ധരംശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലെത്തേി ന്യൂസിലന്‍ഡിനെതിരായ മത്സരം കളിക്കാന്‍.
പിന്നീട് 29-ാം തീയതി 748 കിലോമീറ്റര്‍ സഞ്ചരിച്ച് ലഖ്നൗവിലെത്തി ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അവിടെനിന്ന് നവംബര്‍ രണ്ടിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ യോഗ്യത നേടിയെത്തുന്ന ടീമുകളില്‍ ഒന്നുമായി ഇന്ത്യ ഏറ്റുമുട്ടും. ലഖ്നൗവില്‍നിന്ന് മുംബൈയിലേക്ക് 1190 കിലോമീറ്റര്‍. തുടര്‍ന്ന് നവംബര്‍ അഞ്ചാം തീയതി കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇന്ത്യ സഞ്ചരിക്കേണ്ടത് 1652 കിലോമീറ്റര്‍! ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന ടീമാണ് ഇന്ത്യയുടെ എതിരാളികള്‍. കോല്‍ക്കത്ത- ബംഗളൂരു 1544 കിലോമീറ്ററാണ് ദൂരം. നവംബര്‍ 11-നാണ് മത്സരം. രണ്ടു ദിവസം കഴിഞ്ഞാല്‍ സെമി ഫൈനല്‍. അങ്ങനെ ടീം ഇന്ത്യക്ക് കടുത്ത ഷെഡ്യൂളാകും ഇതെന്നുറപ്പ്.
ഓസ്ട്രേലിയയ്ക്കാണ് താരതമ്യേന കുറഞ്ഞ ദൂരം സഞ്ചരിക്കേണ്ടത്. ലഖ്നൗവില്‍ ഒരാഴ്ചത്തെ ഇടവേളയും ലഭിക്കും. ഒക്റ്റോബര്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്്ക്കെതിരായ മത്സരശേഷമാണിത്. ജോസ് ബചട്ലര് നയിക്കുന്ന ഇംഗ്ലണ്ടിനും ഇന്ത്യയെപ്പോലെ ഇന്ത്യാ പര്യടനം നടത്തേണ്ടിവരും. ഇംഗ്ലണ്ട് ഏതാണ്ട് 8171 കിലോമീറ്റര്‍ താണ്ടി വേണം പ്രാഥമിക റൗണ്ട് പൂര്‍ത്തിയാക്കാന്‍.
ഇന്ത്യയുടെ മത്സരങ്ങള്‍
ഇന്ത്യ - ഓസ്ട്രേലിയ, ഒക്റ്റോബര്‍ 8, ചെന്നൈ
ഇന്ത്യ - അഫ്ഗാനിസ്ഥാന്, ഒക്റ്റോബര്‍ 11, ഡല്‍ഹി
ഇന്ത്യ - പാക്കിസ്ഥാന്, ഒക്റ്റോബര്‍ 15, അഹമ്മദാബാദ്
ഇന്ത്യ - ബംഗ്ലാദേശ്, ഒക്റ്റോബര്‍ 19, പൂനെ
ഇന്ത്യ - ന്യൂസിലന്‍ഡ്, ഒക്റ്റോബര്‍ 22, ധര്‍മശാല
ഇന്ത്യ - ഇംഗ്ലണ്ട്, ഒക്റ്റോബര്‍ 29, ലഖ്നൗ
ഇന്ത്യ - യോഗ്യതാ ടീം 2, നവംബര്‍ 2, മുംബൈ
ഇന്ത്യ - ദക്ഷിണാഫ്രിക്ക, നവംബര്‍ 5, കോല്‍ക്കത്ത
ഇന്ത്യ - യോഗ്യതാ ടീം 1, നവംബര്‍ 11, ബംഗളൂരു