സി.കെ. രാജേഷ്കുമാര്‍
ഓരോ കാലഘട്ടത്തിലും നമ്മെ അദ്ഭുതപ്പെടുത്തിയ ടെന്നീസ് താരങ്ങളുണ്ടാകാം. അതത് കാലത്തുള്ളവര്‍ വിശ്വസിക്കുന്നത് അവരായിരിക്കും എക്കാലത്തെയും മികച്ചവര്‍ എന്ന്. ആ പട്ടികയില്‍ റോഡ് ലെവര്‍ ഉണ്ടാകും ബ്യോണ്‍ ബോര്‍ഗ് ഉണ്ടാകും പീറ്റ് സാംപ്രസ് ഉണ്ടാകും. റോജര്‍ ഫെഡററും റാഫേല്‍ നദാലുമുണ്ടാകും. എന്നാല്‍, 24 ഗ്രാന്ഡ്സ്ലാമുകള് സ്വന്തമാക്കി എല്ലാ പ്രതലത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ച് കുതിക്കുകയാണ് ജോക്കോവിച്ച്. ഇതോടെ ആരാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ടെന്നീസ് താരമെന്ന (ഗോട്ട്) ചോദ്യത്തിന് ഏത് മാനദണ്ഡങ്ങള്‍ പരിഗണിച്ചാലും ഉത്തരം ജോക്കോവിച്ച് എന്നായിരിക്കും. അതുകൊണ്ടുതന്നെ ഗോട്ട് ചര്‍ച്ചകള്‍ക്ക് ഇവിടെ അന്ത്യം കുറിക്കാം. അത് ജോക്കോവിച്ച് തന്നെ.
റെക്കോഡുകളും കണക്കുകളുമൊക്കെ ഗോട്ട് പ്രയോഗത്തിന് സാധൂകരണം നല്‍കുന്നുണ്ട്. ഗ്രാന്‍ഡ്സ്ലാമുകളുടെ കാര്യമെടുത്താല്‍ രണ്ടാം സ്ഥാനത്തുള്ള നദാലിന് 22 ഗ്രാന്‍ഡ് സ്ലാമുകളാണുള്ളത്. ഫെഡറര്‍ക്ക് 20ഉം. പരുക്കിന്റെ പിടിയിലുള്ള നദാല്‍ 2024ല്‍ വിരമിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇനിയൊരു ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കാന്‍ നദാലിനാകുമോ എന്നു സംശയമാണ്. ഫെഡറര്‍ ഇതിനോടകം ടെന്നീസില്‍നിന്നു വിരമിച്ചുകഴിഞ്ഞു. ഈ മൂവരും കളിക്കുമ്പോള്‍ മറ്റ് ഇരുവര്‍ക്കും മേല്‍ മേധാവിത്വം പുലര്‍ത്താന്‍ ജോക്കോയ്ക്കായിട്ടുമുണ്ട്.
കണക്കുകള്‍ കഥപറയുന്നു
എടിപി സിംഗിള്‍സ് റാങ്കിങ്ങില്‍ ജോക്കോവിച്ച് 378 ആഴ്കളാണ് ഒന്നാം സ്ഥാനത്തിരുന്നത്. തൊട്ടുപിന്നിലുള്ള ഫെഡറര്‍ ജോക്കോവിച്ചിനെക്കാള്‍ 63 ആഴ്ചകള്‍ പിന്നിലാണ്. എന്നാല്‍, തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ആഴ്ച ഒന്നാം സ്ഥാനത്തിരുന്ന താരമെന്ന റെക്കോഡ് റോജര്‍ ഫെഡറര്‍ക്കാണ്, 237 ആഴ്ചകള്‍.
പീറ്റ് സാംപ്രസ് 286ഉം ഇവാന് ലെന്‍ഡര്‍ 270ഉം ജിമ്മി കോണേഴ്സ് 268 ആഴ്ചകളിലും ഒന്നാം സ്ഥാനത്തിരുന്നിട്ടുണ്ട്. നദാലാവട്ടെ 209 ആഴ്ചകഴളിലാണ് ഒന്നാം സ്ഥാനത്തിരുന്നിട്ടുള്ളത്.
ലോകത്ത് ഒരേയൊരു താരമാണ് എല്ലാം ഗ്രാന്‍ഡ്സ്ലാമുകളും (ഓസ്ട്രലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍) ഒരേ വര്‍ഷം നേടിയിട്ടുള്ളത്. അത് സാക്ഷാല്‍ റോഡ് ലെവര്‍ ആണ്, 1969ല്‍. കലണ്ടര്‍ വര്‍ഷത്തിനു പുറത്ത് തുടര്‍ച്ചയായി നാല് ഗ്രാന്‍ഡ്സ്ലാമുകളും നേടിയിട്ടുള്ള താരം ജോക്കോവിച്ച് മാത്രമാണ്. 2015ല്‍ വിംബിള്‍ഡണ്‍ മുതല്‍ 2016 ഫ്രഞ്ച് ഓപ്പണ്‍ വരെയുള്ള കിരീടങ്ങള്‍ ജോക്കോവിച്ച് സ്വന്തമാക്കിയിട്ടുണ്ട്.
ജോക്കോവിച്ചും നദാലും കരിയര്‍ സ്ലാമുകള്‍ (എല്ലാം ഗ്രാന്‍ഡ് സ്ലാമുകളും) രണ്ടു തവണ നേടിയിട്ടുണ്ട്.
റെഡ് ലെവര്‍, ഫെഡറര്‍, ആന്ദ്രെ ആഗസി എന്നിവര്‍ ഓരോ തവണയും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍, കരിയര്‍ ഗോള്‍ഡന്‍ സ്ലാം (ഒളിംപിക് സ്വര്‍ണം കൂടി) നേടിയവര്‍ ആഗസിയും നദാലും മാത്രമാണ്.
ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍
ഓസ്ട്രേലിയന്‍ ഓപ്പണ്‍
2008, 2011, 2012, 2013, 2015, 2016, 2019, 2020, 2021, 2023.
ഫ്രഞ്ച് ഓപ്പണ്‍
2016, 2021, 2023.
വിംബിള്‍ഡണ്‍
2011, 2014, 2015, 2018, 2019, 2021, 2022
യുഎസ് ഓപ്പണ്‍
2011, 2015, 2018, 2023.