ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇനി മൂന്നു നാള്‍കൂടി. ടീം ഇന്ത്യ ഓവലില്‍ എത്തിക്കഴിഞ്ഞു. പരിശീലനം അതിന്റെ മൂര്ധന്യാവസ്ഥയില്. ജൂണ്‍ 7 മുതല്‍ 11 വരെ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. കഴിഞ്ഞ തവണ ഫൈനലില്‍ കെയിന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡിനെതിരേ നഷ്ടപ്പെടുത്തിയ കിരീടം വീണ്ടെടുക്കുകയാണ് രോഹിതിന്റേയും സംഘത്തിന്റേയും ലക്ഷ്യം. 2013 മുതല്‍ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ടീം ഇന്ത്യ ജയത്തില്‍ കുറഞ്ഞൊന്നും ഓവലില്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, ടീമിന്റെ ഘടന എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചുള്ള ആലോചനയിലാണ് ടീം മാനെജ്മെന്റ്.
അവരെ കുഴപ്പിക്കുന്ന പ്രധാന ചോദ്യം ആരൊക്കെയാകും ടീമിലെ ബൗളര്‍മാര്‍. ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന കെന്നിങ്ടണ്‍ ഓവലിലെ പിച്ചില്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ചാല്‍ അത് ഗുണകരമാകില്ല എന്ന നിരീക്ഷണമാണ് പൊതുവേയുള്ളത്. രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നീ സ്പിന്നര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും രണ്ടുപേരെയും ഒന്നിച്ച് ഇവിടെ കളത്തിലിറക്കുന്നത് ബുദ്ധിയല്ല. ഓവലില്‍ നടന്ന കഴിഞ്ഞ 10 ടെസ്റ്റുകളിലെ കണക്കുകള്‍ വിലയിരുത്തിയാല്‍ പേസര്‍മാര്‍ക്കാണ് ഈ പിച്ചില്‍ മുന്‍തൂക്കം. 252 വിക്കറ്റുകളാണ് വേഗ ബൗളര്‍മാര്‍ നേടിയത്. 68 എണ്ണമാണ് സ്പിന്നര്‍മാരുടെ പേരിലുള്ളത്. ജൂണ്‍ മാസത്തില്‍ ആദ്യമായാണ് ഓവലില്‍ ടെസ്റ്റ് മത്സരം നടക്കുന്നത്. പിച്ചിന്റെ സ്വഭാവം എന്താണെന്ന് കണ്ടറിയണം. രണ്ടു സ്പിന്നര്‍മാരെയും കളിപ്പിക്കണമെന്നാണ് മുന്‍ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. പിച്ചിന്റെ സ്വഭാവം അനുകൂലമാണെങ്കില്‍ അശ്വിനെയും ജഡേജയെയും ടീമിലുള്‍പ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു.47 ടെസ്റ്റുകളിലാണ് ജഡേജയും അശ്വിനും ഒരുമിച്ച് ടീമിലുണ്ടായിരുന്നത്. ഇതില്‍ 40ഉം ഇന്ത്യന്‍ മണ്ണില്‍ തന്നെയായിരുന്നു. 40 കളികളില്‍ 234 വിക്കറ്റുകളാണ് അശ്വിന് നേടിയത്. 194 ഇരകളെ ജഡേജയും വീഴ്ത്തി. വിദേശത്തെ ഏഴു ടെസ്റ്റില്‍ 25 വീതം വിക്കറ്റാണ് ഇരുവര്‍ക്കുമുള്ളത്. ഇംഗ്ലണ്ടില്‍ കളിച്ച മത്സരങ്ങളില്‍ മോശം പ്രകടനമായിരുന്നു. രണ്ടു കളിയില്‍ അശ്വിന് നാലും ജഡേജയ്ക്ക് രണ്ടും വിക്കറ്റ് മാത്രമാണുള്ളത്. ഇരുവര്‍ക്കും ബാറ്റിങ്ങിലുള്ള കഴിവും ശ്രദ്ധേയമാണ്.
ഇന്ത്യ ഒരു സ്പിന്നറെയും മൂന്നു ഫാസ്റ്റ് ബൗളറെയും ടീമിലെടുത്താല്‍ അശ്വിനായിരിക്കും പുറത്താവുക. കാരണം ആറാം നമ്പര്‍ ബാറ്റ്സ്മാനായി ജഡേജയ്ക്ക് ഇറങ്ങാം. ഒപ്പം സമീപകാലത്ത് മികച്ച ബൗളിങ് പ്രകടനം തുടരുന്ന ജഡേജ അക്കാര്യത്തിലും ആശ്രയിക്കാവുന്ന താരമാണ്. പേസര്‍മാരില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ടീമിലുണ്ടാകും.
ജയദേവ് ഉനദ്കഡോ ഉമേഷ് യാദവോ മൂന്നാം പേസറാകാനാണ് സാധ്യത. ബാറ്റിങ്ങിലും സാധ്യതയുള്ള ശാര്‍ദുല്‍ ഠാക്കുറിനെ കളിപ്പിക്കണമെന്ന അഭിപ്രായവുമുയരുന്നുണ്ട്. ഉനദ്കഡ് രഞ്ജി ട്രോഫിയിലടക്കം ഗംഭീര ഫോമിലായിരുന്നു. ഉമേഷ് യാദവിന് പുതിയ പന്തിലും പഴയ പന്തിലും ഒരുപോലെ സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്. ഇന്ത്യയില്അവസാനം നടന്ന ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ജഡേജ 22ഉം അശ്വിന് 22ഉം വിക്കറ്റുകള്‍ നേടിയിരുന്നു.
അതിനിടെ, പിച്ചിന്റെ സാഹചര്യങ്ങളനുസരിച്ച് വേണം ടീമില്‍ ആര് വേണമെന്നു തീരുമാനിക്കനെന്ന് മുന്‍ താരം മുഹമമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതാണെങ്കില്‍ അശ്വിനെ കളിപ്പിക്കണം. പേസ് ബൗളര്‍മാരെ സഹായിക്കുന്നതാണെങ്കില്‍ ഷാര്‍ദ്ദുലിന് അവസരം നല്‍കണമെന്നും കൈഫ് പറഞ്ഞു. അശ്വിനെ ഉള്‍പ്പെടുത്തിയാല്‍ ഓസീസ് ടീമിലെ ഇടം കൈയന്മാരായ ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ എന്നിവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാവും. പേസര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തണമെന്നാണ് കൈഫിന്റെ അഭിപ്രായം.
പന്ത് ഏത്?
ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുമ്പോള്‍ പൊതുവെ എല്ലാവരും ചൂണ്ടിക്കാണാക്കാറുള്ള കാര്യമാണ് സീം ബൗളിങ്ങിന് അനുകൂലമായ സാഹചര്യമാണ് അവിടെയുള്ളതെന്ന്. എന്താണിതിനു കാരണം? സീം ബൗളിങ്ങിനുപയോഗിക്കുന്ന ഡ്യൂക്ക് പന്തുകളാണ് ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. പന്തിലെ തുന്നലുകള്‍ക്ക് കൂടുതല്‍ ബലമുള്ളതിനാല്‍ സീം നീണ്ടുനില്‍ക്കും.
അതുകൊണ്ടുതന്നെ ഡ്യൂക്ക് പന്തുകളാണ് ഇംഗ്ലണ്ട് തെരഞ്ഞെടുക്കാറ്. അതേസമയം, കുക്കബുറ, എസ്ജി എന്നീ പന്തുകളാണ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ രാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. ഓസ്ട്രേലിയയുടെ പേസ് നിരയിലുള്ള മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ജോഷ് ഹെയ്സല്‍വുഡും ബോളണ്ടുമടക്കമുള്ള തീപ്പൊരി ബൗളര്‍മാര്‍ക്ക് സീം ബൗളിങ്ങിന് അനുകൂലമാകും ഡ്യൂക്ക് പന്തുകള്‍. ഇത്തരം പന്തുകളില്‍ കളിച്ച് മികച്ച വിജയം നേടിയ ചരിത്രം ഇന്ത്യന്‍ ടീമിനുമുണ്ട്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എല്ലാ കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.