എമെർജിങ് ഏഷ്യ കപ്പ് ടി20 ഒമാനിൽ: ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും

സീനിയർ ടീമിൽ കളിച്ചിട്ടുള്ള അഭിഷേക് ശർമ, രാഹുൽ ചഹർ എന്നിവരും എ ടീമിൽ ഉൾപ്പെടുന്നു
തിലക് വർമ Tilak Varma
തിലക് വർമFile photo
Updated on

ഒക്റ്റോബർ 18ന് ഒമാനിൽ ആരംഭിക്കുന്ന എമെർജിങ് ഏഷ്യ കപ്പ് ടി20 ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ഇന്ത്യ എ ടീമിനെ തിലക് വർമ നയിക്കും. നാല് ഏകദിനങ്ങളിലും 16 ടി20 മത്സരങ്ങളിലും ഇന്ത്യ സീനിയർ ടീമിനു വേണ്ടി കളിച്ചിട്ടുള്ള ഈ ഇടങ്കയ്യൻ ബാറ്റർക്കു പുറമേ, അഭിഷേക് ശർമ, രാഹുൽ ചഹർ എന്നീ ഇന്ത്യൻ താരങ്ങളും ടീമിലുണ്ട്.

ആയുഷ് ബദോനി, രമൺദീപ് സിങ്, പ്രഭ്സിമ്രൻ സിങ്, നെഹാൽ വധേര, അനുജ് റാവത് എന്നീ ഐപിഎൽ താരങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യ എ ടീമിന്‍റെ ബാറ്റിങ് നിര. ആർ. സായ് കിഷോർ, ഹൃതിക് ഷോകീൻ, രസിക് സലാം, വൈഭവ് അറോറ, അക്വിബ് ഖാൻ, അൻഷുൽ കാംഭോജ് എന്നിവർ അടങ്ങുന്നതാണ് ബൗളിങ് നിര.

2022ൽ അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന നിഷാന്ത് സിന്ധുവാണ് ടീമിലെ ഒരു ഓൾറൗണ്ടർ.

ഒക്റ്റോബർ 19ന് പാക്കിസ്ഥാൻ എ ടീമിനെതിരേയാണ് ഇന്ത്യ എ ടീമിന്‍റെ ആദ്യ മത്സരം. ഒമാനും യുഎഇയും കൂടി ഇതേ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. ആദ്യമായാണ് എമർജിങ് ഏഷ്യ കപ്പ് ടൂർണമെന്‍റ് ടി20 ഫോർമാറ്റിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ച് എഡിഷനുകളും 50 ഓവർ ഫോർമാറ്റിലായിരുന്നു.

ഇന്ത്യ എ ടീം:

തിലക് വർമ (ക്യാപ്റ്റൻ), അഭിഷേക് ശർമ, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, അനുജ് റാവത്ത് (വിക്കറ്റ് കീപ്പർ), പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), നെഹാൽ വധേര, അൻഷുൽ കാംഭോജ്, ഹൃതിക് ഷോകീൻ, അക്വിബ് ഖാൻ, വൈഭവ് അറോറ, രസിക് സലാം, സായ് കിഷോർ, രാഹുൽ ചഹർ.

Trending

No stories found.

Latest News

No stories found.