മുംബൈ: ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകന്‍ കിറോണ്‍ പൊള്ളാര്‍ഡിനും പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ഇരുവർക്കും പിഴ ചുമത്തിയത്.
പഞ്ചാബ് കിങ്‌സിനെതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ അര്‍ഷ്ദീപ് എറിഞ്ഞ 15-ാം ഓവറിന്റെ അവസാന പന്ത് ഒരു വൈഡ് യോര്‍ക്കറിന് ശ്രമിച്ചെങ്കിലും വൈഡിൽ കലാശിക്കുകയായിരുന്നു. പക്ഷെ അമ്പയര്‍ വൈഡ് നല്‍കിയില്ല. ഈ സമയം ടിവി ക്യാമറകള്‍ ഇത് വൈഡ് ആണെന്ന് സ്ഥിരീകരിച്ചതോടെ ടിം ഡേവിഡും കിറോണ്‍ പൊള്ളാര്‍ഡും റിവ്യൂ നല്‍കുന്നതിന് ബാറ്റ് ചെയ്ത സൂര്യകുമാറിനോട് ആംഗ്യം കാണിച്ചു. ഇത് ശ്രദ്ധയിൽപെട്ട സൂര്യകുമാർ റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. തേർഡ് അമ്പയർ പരിശോധിച്ച ശേഷം അത് വൈഡ് ആണെന്ന് സ്ഥിരീകരിച്ചു.
പഞ്ചാബ് നായകൻ സാം കറൻ ഈ വിഷയം അമ്പയറിനോട് പറഞ്ഞെങ്കിലും അമ്പയർ അത് കണ്ട ഭാവം നടിച്ചില്ല. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.15 (ബി) പ്രകാരം റിവ്യൂ നല്‍കുന്നതിന് പുറത്ത് നിന്ന് സഹായം തേടുന്നത് തെറ്റാണ്. അതേസമയം ഡേവിഡിന്റെയും പൊള്ളാർഡിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയിലേക്ക് നീങ്ങിയത്.