ബെനോനി: സീനിയർ ടീമിന്‍റെ വഴിയേ ഇന്ത്യയുടെ യൂത്ത് ടീമും. ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു മത്സരം പോലും തോൽക്കാതെ ഫൈനലിലെത്തിയ ഇന്ത്യയുടെ ചുണക്കുട്ടികൾ കലാശ പോരാട്ടത്തിൽ ഓസ്ട്രേലിയയോടു കീഴടങ്ങി, ഇത്തവണത്തെ ഐസിസി മെൻസ് ഏകദിന ലോകകപ്പിന്‍റെ തനിയാവർത്തനം അണ്ടർ 19 ലോകകപ്പിലും!
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസെടുത്തത്. അണ്ടർ 19 ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇന്ത്യയുടെ മറുപടി 43.5 ഓവറിൽ 174 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയ 79 റൺസ് വിജയവും കുറിച്ചു.
55 റൺസെടുത്ത ഇന്ത്യൻ വംശജൻ ഹർജാസ് സിങ് ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. ഇന്ത്യക്കു വേണ്ടി സ്വിങ് ബൗളർ രാജ് ലിംബാനി 38 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. നമൻ തിവാരി രണ്ട് വിക്കറ്റ് നേടിയപ്പോൾ, സൗമി പാണ്ഡെയ്ക്കും മുഷീർ ഖാനും ഓരോ വിക്കറ്റ്.
പൂജ്യത്തിനു പുറത്തായ ഓപ്പണർ സാം കോൺസ്റ്റാസ് മാത്രമാണ് ഓസ്ട്രേലിയൻ ബാറ്റർമാരിൽ ശോഭിക്കാതിരുന്നത്. ഹർജാസ് ഒഴികെ ആരും അമ്പത് കടന്നില്ലെങ്കിലും ഓപ്പണർ ഹാരി ഡിക്സൺ (42), ക്യാപ്റ്റൻ ഹ്യൂ വെയ്ബ്ജെൻ (48), വിക്കറ്റ് കീപ്പർ റ്യാൻ ഹിക്ക്സ് (20) എന്നിവരെല്ലാം മോശമല്ലാത്ത കൂട്ടുകെട്ടുകളിൽ പങ്കാളികളായി. ഒലിവർ പീക്ക് 46 റൺസെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിലും ഇന്ത്യക്ക് ജയ പ്രതീക്ഷ ഉണർത്താനായില്ല. ഏഴാമനായി പുറത്തായ ഓപ്പണർ ആദർശ് സിങ്ങാണ് (47) ടോപ് സ്കോറർ. എട്ടാം നമ്പറിലിറങ്ങിയ മുരുകൻ അഭിഷേക് 42 റൺസും നേടി. ഇൻഫോം ബാറ്റർമാരായ മുഷീർ ഖാൻ (22), ക്യാപ്റ്റൻ ഉദയ് സഹാരൻ (8), സച്ചിൻ ദാസ് (9) എന്നിവർക്കു പിടിച്ചുനിൽക്കാൻ സാധിക്കാത്തത് ടീമിനു തിരിച്ചടിയായി.
ഒമ്പത് വട്ടം ഫൈനൽ കളിച്ച ഇന്ത്യ അഞ്ച് തവണ അണ്ടർ 19 ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയ ഇതു നാലാം തവണയാണ് ഈ വിഭാഗത്തിൽ ലോകകപ്പ് സ്വന്തമാക്കുന്നത്.